ഇന്ത്യയില്‍ മാത്രമല്ല, ലോകത്തില്‍ തന്നെ മിക്കവര്‍ക്കും പരിചിതമാണ് അംബാനി കുടുംബവും അവരുടെ ബിസിനസുകളും. ഒന്നുമില്ലായ്മയില്‍നിന്ന് കഠിനാധ്വാനത്തോടെയാണ് ധീരുഭായ് അംബാനി ഒരു ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിട്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തിനപ്പുറവും വളര്‍ന്ന് അംബാനി കുടുംബം ബിസിനസ് പ്രമുഖരില്‍ മുന്‍നിരയിലെത്തി. മക്കളായ മുകേഷ് അംബാനിയും (Mukesh Amabni) അനില്‍ അംബാനിയും ബിസിനസുകളില്‍ സജീവമായി ധീരുഭായിയുടെ കൂടെനിന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അംബാനി കുടുംബത്തിന്റെയും ഐക്യത്തിന് വിള്ളല്‍ വീണു. പിതാവിന്റെ വിയോഗശേഷം മുകേഷ് അംബാനിയും അനില്‍ അംബാനിയും (Anil Ambani) തമ്മിലുണ്ടായ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേരും രണ്ട് ചേരികളായി തിരിഞ്ഞു. എങ്കിലും അംബാനി കുടുംബത്തില്‍ ജ്വലിച്ചുനിന്നത് മുകേഷ് അംബാനിയുടെ റിലയന്‍സ് (Reliance Group) ഗ്രൂപ്പായിരുന്നു.
ധീരുഭായിയില്‍നിന്ന് തുടങ്ങിയ ബിസിനസ് സാമ്രജ്യത്തിന്റെ രണ്ടാം തലമുറയിലേക്കുള്ള കൈമാറ്റം പാളിപ്പോയെങ്കിലും ഇനിയാ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമയായ മുകേഷ് അംബാനി നടത്തിയിട്ടുള്ളത്. തന്റെ മൂന്ന് മക്കളില്‍ ഇരട്ടകളായ ആകാശ് അംബാനിക്കും ഇഷ അംബനിക്കും തുടക്കത്തില്‍ ഓരോ കമ്പനികളുടെയും ചുമതല കൈമാറിയാണ് മുകേഷ് അംബാനി റിലയന്‍സിനെ മൂന്നാം തലമുറമാറ്റം സുഗമമാക്കുന്നത്. ആകാശ് അംബാനിയെ നിലവില്‍ ജിയോയുടെ തലപ്പത്തേക്ക് നിയമിച്ച മുകേഷ് അംബാനി ഇഷയെ റിലയന്‍സ് കമ്പനിയുടെ റീട്ടെയില്‍ യൂണിറ്റിന്റെ ചെയര്‍പേഴ്‌സണായി നിയമിക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഇഷ. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബത്തിലെ മൂന്നാം തലമുറ മാറ്റം അതീവ ശ്രദ്ധയോടെയാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നതും.
മൂന്ന് മക്കളാണ് മുകേഷ് അംബാനിക്കും ഭാര്യ നിതാ അംബാനിക്കുമുള്ളത് (Nita Ambani). ഇവര്‍ മൂവര്‍ക്കുമായി മൂന്ന് സൂപ്പര്‍സ്റ്റാര്‍ ബിസിനസുകള്‍ ആവിര്‍ഭവിക്കുമെന്ന് നിരീക്ഷകര്‍ നേരത്തെ അനുമാനിച്ചിരുന്നു. 2021 ഡിസംബറില്‍ റിലയന്‍സ് കുടുംബദിനത്തില്‍ റിലയന്‍സ് പുതുതലമുറയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. കുടുംബ ബിസിനസില്‍ ബാറ്റണ്‍ കൈമാറ്റം നടക്കുമ്പോള്‍ യുവസാരഥികളായ ആകാഷിനും ഇഷയ്ക്കുമൊപ്പം പ്രവര്‍ത്തിക്കേണ്ട മുഖ്യ ഉദ്യോഗസ്ഥരെയും മറ്റും നിര്‍ണയിച്ചുവരുന്നതായും സൂചനയുണ്ട്.
അംബാനിയുടെ മൂന്നാമത്തെ മകനായ അനന്ത് ഗ്രൂപ്പിന്റെ സോളാര്‍ ബിസിനസിന്റെ ബോര്‍ഡിലുണ്ട്. ഗ്രൂപ്പിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അനന്ത് സജീവമാണ്. ഇരട്ടകളായ ആകാശ് അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലും ഇഷ യേല്‍ യൂണിവേഴ്‌സിറ്റിയിലും സ്റ്റാന്‍ഫോഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസിലും ആണു പഠിച്ചത്. 27 വയസുള്ള അനന്തും ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലാണു പഠിച്ചത്.