ഹര്‍ഷദ് മേത്ത മുതല്‍ ട്രംപ് വരെ! ഇന്ത്യന്‍ വിപണിയെ വലിയ നഷ്ടത്തിലാക്കിയ അഞ്ച് സംഭവങ്ങള്‍

ഇന്ത്യന്‍ ഓഹരി വിപണി ഒറ്റ ദിവസത്തില്‍ നേരിട്ട ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നാണ് ഇന്നത്തേത്
us president and Harshad Mehta stock market crash background
Facebook / Donald Trump, harshadmehta.in, Canva
Published on

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുറന്നുവിട്ട താരിഫ് ഭൂതം സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്കക്കിടെ വിപണിയില്‍ ചോരപ്പുഴ. ഇന്ത്യന്‍ ഓഹരി സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും കുത്തനെയിടിഞ്ഞു. ഇരുസൂചികകളും നാല് ശതമാനത്തോളമാണ് നഷ്ടം നേരിട്ടത്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 10 ശതമാനത്തോളമാണ് നഷ്ടത്തിലായത്.

ഇന്ത്യന്‍ ഓഹരി വിപണി ഒറ്റ ദിവസത്തില്‍ നേരിട്ട ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നാണ് ഇന്നത്തേത്. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം നിക്ഷേപകര്‍ക്ക് നഷ്ടമായത് 19 ലക്ഷം കോടി രൂപയാണ്. 1987 ഒക്ടോബര്‍ 19ന് ആഗോള വിപണിയിലുണ്ടായ കറുത്ത തിങ്കളിനെ ( Black Monday) അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള നഷ്ടമാണ് ഇന്ത്യയിലുണ്ടായതെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചവരുടെ പോക്കറ്റില്‍ നിന്ന് ഒറ്റദിവസം കൊണ്ട് കോടികള്‍ ചോര്‍ത്തിയ വലിയ തകര്‍ച്ചകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1.1992ലെ ഹര്‍ഷദ് മേത്ത കുംഭകോണം

ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ ആദ്യ സംഭവം നടക്കുന്നത് 1992 ഏപ്രില്‍ 28ന് ഹര്‍ഷദ് മേത്ത കുംഭകോണം പുറത്തുവന്നതിന് പിന്നാലെയാണ്. 4,000 കോടി രൂപയുടെ അഴിമതിക്കഥ സെന്‍സെക്‌സില്‍ കനത്ത നഷ്ടമുണ്ടാക്കി. സെന്‍സെക്‌സ് 570 പോയിന്റുകള്‍ (12.7%) ഇടിഞ്ഞു. അതുവരെ ഇന്ത്യന്‍ ചരിത്രത്തില്‍ ഒറ്റ ദിവസത്തിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ച. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ വലിയ മാറ്റങ്ങള്‍ക്കും സെബിയുടെ നിയന്ത്രണാധികാരങ്ങള്‍ വര്‍ധിപ്പിക്കാനും ഇടയാക്കിയ സംഭവമാണിത്. സ്‌കാം 1992 എന്ന പേരില്‍ പ്രശസ്തമായ വെബ് സീരീസും ഈ സംഭവത്തെ അടിസ്ഥാനമാക്കി ഇറങ്ങിയിട്ടുണ്ട്.

2. 2001ലെ കേതന്‍ പരേഖ് കുംഭകോണം

സ്‌റ്റോക്ക് ബ്രോക്കറായിരുന്ന കേതന്‍ പരേഖ് ആസൂത്രണം ചെയ്ത് നടത്തിയ ഓഹരി തട്ടിപ്പ് പുറത്തായതിന് പിന്നാലെ 2001ലും വിപണി വലിയ നഷ്ടം നേരിട്ടു.ചില ഓഹരികളുടെ വിലയില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്ത പുറത്തായതോടെ സെന്‍സെക്‌സ് 176 പോയിന്റ് (4.13%) നഷ്ടത്തിലായി. 2001ലെ ഗുജറാത്ത് ഭൂകമ്പവും ആഗോള സൂചനകളും വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദം കൂട്ടിയതും നഷ്ടത്തിന് ആക്കം വര്‍ധിപ്പിച്ചു.

3. 2004ലെ തിരഞ്ഞെടുപ്പ്

2004ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ പരാജയപ്പെടുത്തി യു.പി.എ വിജയിച്ചത് അപ്രതീക്ഷിതമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെപ്പറ്റി വിപണിയിലുണ്ടായിരുന്ന അനിശ്ചിതത്വം കടുത്തതോടെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ തുടങ്ങി. 2004 മേയ് 17ന് സെന്‍സെക്‌സ് 11.1 ശതമാനം നഷ്ടത്തിലായി. ശതമാനക്കണക്കില്‍ വിപണി ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ദിവസം. വില്‍പ്പന സമ്മര്‍ദ്ദനം കുറക്കാനായി രണ്ട് തവണ ഇടപാടുകള്‍ നിര്‍ത്തിവെക്കേണ്ടിയും വന്നു. പിന്നീട് സാമ്പത്തിക രംഗത്തെ സംബന്ധിച്ച് യു.പി.എ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളാണ് വിപണിയെ തിരിച്ചെത്തിച്ചത്.

4. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം

യു.എസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്കകളാണ് ലോകത്തെ മുഴുവന്‍ ബാധിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നത്. അനിശ്ചിതത്വം കനത്തതോടെ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ പിന്‍വലിച്ചു. 2008 ജനുവരി 21ന് സെന്‍സെക്‌സ് 1,408 പോയിന്റുകള്‍ (7.4%) നഷ്ടത്തിലായി. പിന്നീടുള്ള മാസങ്ങളില്‍ സെന്‍സെക്‌സ് വലിയ നഷ്ടമാണ് നേരിട്ടത്. 2008ന്റെ അവസാനമായപ്പോള്‍ 20,465ല്‍ നിന്നും 9,716 എന്ന നിലയിലായി സെന്‍സെക്‌സ്. 2010 സെപ്റ്റംബറിലാണ് പിന്നീട് സെന്‍സെക്‌സ് 20,000 കടന്നത്.

5. 2020ലെ കൊവിഡ് മഹാമാരി

ലോകത്ത് വിനാശം വിതച്ച കൊവിഡ് മഹാമാരിയും ഇന്ത്യന്‍ വിപണിക്ക് കനത്ത നാശം വിതച്ചിരുന്നു. കൊവിഡിനെ മഹാമാരി (Pandemic)യായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചത് മുതല്‍ വിപണിയില്‍ നഷ്ടം തുടങ്ങിയിരുന്നു. ഇന്ത്യയാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഗതി രൂക്ഷമായി. 2020 മാര്‍ച്ച് 23ന് സെന്‍സെക്‌സ് 3,935 പോയിന്റുകള്‍ (13.2%) നഷ്ടം നേരിട്ടു. ഒരാഴ്ച കൊണ്ട് 42,273 പോയിന്റില്‍ നിന്നും 28,288ലെത്തിയ സെന്‍സെക്‌സ് നിക്ഷേപകരുടെ കോടികളാണ് വെള്ളത്തിലാക്കിയത്. എന്നാല്‍ പിന്നീട് ഓഹരി വിപണി പതിയെ കരകയറുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com