

പ്രവാസികള്‍ സമ്പാദിക്കുന്ന വിദേശപ്പണത്തിന്റെ കാര്യത്തില്‍ ബീഹാറും കേരളത്തിന്റെ വഴിക്കെന്ന് റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബീഹാറിലേക്ക് പണമയക്കുന്നവരുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ദേവേശ് കപൂറാണ് ഈ അഭിപ്രായം ഉന്നയിച്ചത്.
പരമ്പരാഗതമായി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുത്തിരുന്നവരാണ് ബീഹാര്‍ സ്വദേശികള്‍. നിലവില്‍ ആഫ്രിക്ക, ഗ്രീസ്, കൊറിയ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവര്‍ പടര്‍ന്നതായി കപൂര്‍ ചൂണ്ടിക്കാട്ടുന്നു. ബീഹാറിലും പശ്ചിമ ബംഗളിലും കേരളത്തിന്റേതിന് സമാനമായ കുടിയേറ്റ ട്രെന്‍ഡുകള്‍ കാണുന്നുണ്ട്. എന്നാല്‍ ബീഹാറിലാണ് ഇത് കൂടുതല്‍ പ്രകടം.
ഗള്‍ഫിലേക്ക് കുടിയേറുന്ന തൊഴിലാളികളില്‍ മലയാളികളുടെ എണ്ണം 5 ശതമാനമായെന്നും അദ്ദേഹം പറയുന്നു. 50 ശതമാനവും യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നുമാണ്. ആഫ്രിക്കയില്‍ ചെന്നാലും ബീഹാറിലെ തൊഴിലാളികളെ കാണാം. വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് ചെറിയ സംഖ്യയാണ്. എന്നാല്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിവുള്ള ആളുകളെ പുറത്തേക്ക് വിട്ട് വിദേശപ്പണം സംസ്ഥാനത്ത് എത്തിക്കുന്ന കേരളത്തിന്റെ തന്ത്രമാണ് ഇവരും പുറത്തെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ പറയുന്നു.
വ്യവസായ, സേവന, കാര്‍ഷിക മേഖലകള്‍ കാര്യമായി ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇതേ പ്രവണത തന്നെയാണ് യു.പിയിലും ബീഹാറിലും കണ്ടുവരുന്നത്. എന്നാല്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. ഉത്തരേന്ത്യന്‍-ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വളര്‍ച്ചയിലുള്ള വ്യത്യാസം ഗുരുതരമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ വിടവുണ്ടായത് എങ്ങനെയെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സാമ്പത്തികമായി മുന്നേറ്റം നില്‍ക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രാഷ്ട്രീയമായി കരുത്താര്‍ജ്ജിച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കുന്നുണ്ടെന്ന് മറ്റൊരു സാമ്പത്തിക വിദഗ്ധനായ രതിന്‍ റോയ് ചൂണ്ടിക്കാട്ടുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷ വരുമാനം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1991കള്‍ക്ക് ശേഷം സാമ്പത്തിക മേഖലയില്‍ ഉണ്ടായ ഉദാരവത്കരണവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച സ്വയം ഭരണാവകാശം കൃത്യമായി വിനിയോഗിച്ചതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്‌തെന്നും ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2025ന്റെ തുടക്കത്തില്‍ പുറത്തുവന്ന റിസര്‍വ് ബാങ്കിന്റെ ബുള്ളറ്റിന്‍ പ്രകാരം 10.14 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ വാർഷിക വിദേശവരുമാനം. ഇതില്‍ 19.7 ശതമാനം അല്ലെങ്കില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം കേരളത്തിലേക്കാണ് എത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തുന്ന സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം. മാര്‍ച്ച് 2025 വരെയുള്ള കണക്ക് പ്രകാരം കേരളത്തിലെ ബാങ്കുകളില്‍ മൂന്ന് ലക്ഷം കോടി രൂപയോളം പ്രവാസി നിക്ഷേപവുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine