സര്‍ക്കാര്‍ പദ്ധതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം; ലക്ഷം രൂപ വരെ നല്‍കാന്‍ ബിഹാര്‍

രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലുമൊരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്.
Two views of smartphones mounted on handheld gimbal stabilisers. The left image shows a black gimbal (DJI Osmo) indoors, while the right image shows a person holding a white gimbal outdoors in a garden setting, capturing stable video content.
canva
Published on

സര്‍ക്കാര്‍ പദ്ധതികളും പരിപാടികളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വീഡിയോയ്ക്ക് ലക്ഷം രൂപ വരെ പ്രതിഫലം നല്‍കാന്‍ ബിഹാര്‍ സര്‍ക്കാര്‍. ഇതുസംബന്ധിച്ച 'ബിഹാര്‍ സോഷ്യല്‍ മീഡിയ ആന്‍ഡ് അദര്‍ ഓണ്‍ലൈന്‍ മീഡിയ റൂള്‍സ്, 2026' ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി.

മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലുമൊരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്.

സര്‍ക്കാരിന്റെ മീഡിയ നിയമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും വീഡിയോകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും പ്രതിഫലം ലഭിക്കുക.

കൂടുതല്‍ വ്യൂ കിട്ടുന്ന വീഡിയോകള്‍ക്ക് അധികവരുമാനം ലഭിക്കും. വീഡിയോ പബ്ലിഷ് ചെയ്തശേഷമുള്ള ഓരോ ലക്ഷം വ്യൂസിനും 10,000 രൂപ വീതമാണ് അധികമായി നല്‍കുക. ഒരു വീഡിയോയ്ക്ക് ലഭിക്കാവുന്ന മൊത്തം പ്രതിഫലം പരമാവധി ഒരു ലക്ഷം രൂപയായിരിക്കും.

പദ്ധതിയുടെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബിഹാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പിന്നീട് പുറത്തിറക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പേജുകള്‍, ചാനലുകള്‍ എന്നിവയുടെ ഫോളോവര്‍ എണ്ണം നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥയും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ത്?

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനുശേഷം യുവജനങ്ങളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരോട് ആഹ്വാനം ചെയ്തിരുന്നു. മന്ത്രിമാരും സര്‍ക്കാര്‍ വകുപ്പുകളും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതലായി സജീവമാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ബിഹാര്‍ സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന.

സര്‍ക്കാര്‍ പ്രതിച്ഛായ ഉയര്‍ത്താന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. ജനങ്ങളുടെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ അനുകൂല പ്രചാരണം നടത്താനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com