
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി പറഞ്ഞത് അടുത്തിടെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചൈന പോലുള്ള രാജ്യങ്ങളുമായി മത്സരിച്ച് മുന്നിലെത്തണമെങ്കില്‍ അത്രയേറെ കഠിനാദ്ധ്വാനം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. നാരായണ മൂര്‍ത്തിയുടെ വിവാദ പരാമര്‍ശത്തിന് ദിവസങ്ങള്‍ക്കിപ്പുറം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം പ്രവൃത്തിദിനമെന്ന ആശയവുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ്.
ഒരാളുടെ ജീവിതലക്ഷ്യം ജോലി ചെയ്യുക എന്നത് മാത്രമല്ലെന്നും അതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ജോലി ചെയ്യുന്ന ഒരു സമൂഹം ഉണ്ടാകുകയാണെങ്കില്‍ അത് നല്ലതാണെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. ഇതിനായി നിര്‍മ്മിത ബുദ്ധി (എ.ഐ) മനുഷ്യനെ സഹായിക്കും. എ.ഐയുടെ വിവിധ സാധ്യതകളെ കുറിച്ച് സംസാരിച്ച ബില്‍ ഗേറ്റ്സ് എ.ഐ മനുഷ്യരെ മാറ്റിസ്ഥാപിക്കില്ലെന്നും മറിച്ച് ഭാവിയില്‍ ജോലി ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പറഞ്ഞു. കൂടുതല്‍ ക്രിയാത്മകമായ ജോലികള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രോഗ്രാമിംഗ്, ടെസ്റ്റിംഗ്, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള എ.ഐയുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. പ്രൊസസ്സിംഗ് ആപ്ലിക്കേഷനുകള്‍ ഓഫീസ് ജോലികള്‍ ഇല്ലാതാക്കിയില്ലെന്നും മറിച്ച് അവ എളുപ്പമാക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെറ്റായ വിവരങ്ങള്‍ നല്‍കുക, ഡീപ്‌ഫേക്ക്, സുരക്ഷാ ഭീഷണികള്‍, തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ തുടങ്ങി എ.ഐ മൂലം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ അപകടസാധ്യതകള്‍ സമൂഹത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine