89,237 കോടിയുടെ കമ്പനി, 51,000 ചതുരശ്ര അടിയുളള ബംഗ്ലാവില്‍ താമസം, ബംഗാളിലെ ഏറ്റവും വലിയ ധനികന്റെ ജീവിതം ഇങ്ങനെ

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊൽക്കത്ത സർവകലാശാലയില്‍ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി
Benu Gopal Bangur
Image Courtesy: Canva
Published on

ഐ.ഐ.ടി അല്ലെങ്കിൽ ഐ.ഐ.എം തുടങ്ങിയ ഉന്നത ബിരുദങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുകയുളളൂവെന്ന മിഥ്യാധാരണയ്ക്ക് അപവാദം ആകുകയാണ് ബെനു ഗോപാൽ ബാംഗൂർ. ഇന്ത്യയിലെ പ്രമുഖ സിമന്റ് നിർമ്മാണ കമ്പനികളിലൊന്നായ ശ്രീ സിമന്റ് ലിമിറ്റഡ് 1979 ലാണ് സ്ഥാപിതമാകുന്നത്. തുടക്കത്തില്‍ ചെറിയ ഒരു സംരംഭമായാണ് കമ്പനി ആരംഭിക്കുന്നത്.

ബാംഗൂരിന്റെ നേതൃത്വത്തില്‍ വലിയ വളര്‍ച്ചയുമായി കമ്പനി

ബാംഗൂര്‍ സാരഥ്യം ഏറ്റെടുത്തതിന് ശേഷം വലിയ വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്. ചെലവുകള്‍ കാര്യക്ഷമതമാക്കുന്നതിലും നൂതനമായ സാങ്കേതിക സംവിധാനം കമ്പനിയില്‍ അവതരിപ്പിക്കുന്നതിലും ശ്രദ്ധ പതിപ്പിച്ച ബാംഗൂരിന്റെ നേതൃത്വത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടുകള്‍ ശ്രീ സിമൻറിനെ ഇന്ത്യയിലെ മുൻനിര സിമന്റ് നിർമ്മാതാക്കളിൽ ഒന്നായി വളര്‍ത്തി.

1931 ജനുവരി 1 ന് ജനിച്ച ബാംഗൂരിന് ഇപ്പോള്‍ 92 വയസാണ് പ്രായം. 2022 ഒക്ടോബറിൽ കമ്പനിയുടെ ഡയറക്ടര്‍ ബോർഡിന്റെ ചെയർമാൻ സ്ഥാനം അദ്ദഹം ഒഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊൽക്കത്ത സർവകലാശാലയില്‍ നിന്ന് അദ്ദേഹം കൊമേഴ്‌സിൽ ബിരുദം നേടി. തുടര്‍ന്നാണ് കുടുംബ ബിസിനസിന്റെ നേതൃത്വം ബാംഗൂർ ഏറ്റെടുക്കുന്നത്. ഇതിനു ശേഷം പടിപടിയായി വളര്‍ച്ചയുടെ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു കമ്പനി. കൊൽക്കത്തയില്‍ 51,000 ചതുരശ്ര അടി വിസ്തീര്‍ണമുളള ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്.

202 0ൽ 7.3 ബില്യൺ ഡോളർ ആസ്തിയുമായി ഫോർബ്സിന്റെ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 14ാം സ്ഥാനത്ത് എത്താനും ബാംഗൂരിന് സാധിച്ചു. നിലവിൽ 57,044 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് കണക്കാക്കുന്നു.

സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം

മികച്ച ബിസിനസ് നേട്ടങ്ങൾക്കപ്പുറം മനുഷ്യസ്‌നേഹി കൂടിയാണ് ബാംഗൂർ. വിദ്യാഭ്യാസം, പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളുടെ വികസനം തുടങ്ങിയവയ്ക്ക് നൽകിയ മികച്ച സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുളളത്.

സ്‌കൂളുകൾക്ക് ധനസഹായം നൽകുക, ആരോഗ്യ സംരക്ഷണ സംരംഭങ്ങളെ പിന്തുണക്കുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമാണ് ബാംഗൂര്‍. വിനയം, കുടുംബ മൂല്യങ്ങളോടുള്ള പ്രതിബദ്ധത തുടങ്ങിയവ ബാംഗൂരിന്റെ വ്യക്തിജീവിതത്തിലെ സവിശേഷതകളാണ്. ദീര്‍ഘ വീക്ഷണത്തിനും സ്ഥിരോത്സാഹത്തിനും ഏറ്റവും എളിയ തുടക്കങ്ങളെപ്പോലും വലിയ വിജയമാക്കി മാറ്റാൻ കഴിയുമെന്നതിന് മികച്ച ഉദാഹരണമാണ് ബാംഗൂർ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com