മലയാളിയായ വിവേക് രാമസ്വാമി അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ബില്‍ അക്മാന്‍

വിവേക് രാമസ്വാമി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്ന് അമേരിക്കന്‍ നിക്ഷേപകനായ ബില്‍ അക്മാന്‍. 2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു ഇന്ത്യന്‍ വംശജന്‍ മത്സരിക്കുമെന്ന് മുന്‍പ് സൂചനയുണ്ടായിരുന്നു. മലയാളിയായ വിവേക് രാമസ്വാമിയാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോകുന്ന ഇന്ത്യന്‍ വംശജന്‍. വിവേക് രാമസ്വാമി ചെറുപ്പവും മിടുക്കനും കഴിവുള്ളവനുമാണെന്ന് ബില്‍ അക്മാന്‍ ട്വീറ്റ് ചെയ്തു.

കഴിവുള്ള സംരംഭകന്‍

പലരും പറയാന്‍ ഭയപ്പെടുന്ന കഠിനമായ സത്യങ്ങളാണ് അദ്ദേഹം സംസാരിക്കുന്നത്. ബിസിനസ്, ഇക്കണോമിക്സ്, ആരോഗ്യ സംരംക്ഷണം, രാഷ്ട്രീയം, ചരിത്രം, ജിയോപൊളിറ്റിക്സ് എന്നിവ മനസ്സിലാക്കുന്ന വളരെ കഴിവുള്ള ഒരു സംരംഭകനാണ് അദ്ദേഹമെന്നും ബില്‍ അക്മാന്‍ പറഞ്ഞു. ഇന്ത്യന്‍-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ 2024 ലെ പ്രസിഡന്‍ഷ്യല്‍ ബിഡ് പ്രഖ്യാപിക്കാന്‍ നില്‍ക്കുന്ന സമയത്താണ് അക്മാന്റെ അഭിപ്രായം പറത്തുവന്നത്.

മലയാളിയായ വിവേക്

അമേരിക്കയിലേക്ക് കുടിയേറിയ തിരുവനന്തപുരം സ്വദേശികളായ വിവേക് ഗണപതിയുടേയും ഡോ ഗീതയുടേയും മകനാണ് 37 കാരനായ വിവേക് രാമസ്വാമി. വിവേക് ഗണപതി ജനറല്‍ ഇലക്ട്രിക് എഞ്ചിനീയറും അമ്മ ഗീത മനോരോഗ വിദഗ്ദ്ധയുമാണ്. സിന്‍സിനാറ്റിയിലാണ് രാമസ്വാമി ജനിച്ചത്. ഹാര്‍വഡ് കോളേജിലും യേല്‍ ലോ സ്‌കൂളിലും ആയിരുന്നു പഠനം. അദ്ദേഹത്തിന് 500 മില്യണ്‍ ഡോളറിലധികം ആസ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനാണ് വിവേക് രാമസ്വാമി. കൂടാതെ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ സ്‌ട്രൈവിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് അദ്ദേഹം. പ്രശസ്തമായ ടക്കര്‍ കാള്‍സണ്‍ ഷോ ഉള്‍പ്പെടെയുള്ള നിരവധി യുഎസ് ടോക്ക് ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിവേചനത്തിനെതിരെ പോരാടുന്നതിലും വിവേക് രാമസ്വാമി മുന്‍നിരയിലുണ്ട്.

Related Articles
Next Story
Videos
Share it