

ആഗോളതലത്തില്‍ പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ വിലയില്‍ വന്‍ കുതിപ്പ്. ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ബിറ്റ്‌കോയിന്‍ മൂല്യം 1,22,244.00 ഡോളറാണ്. ഈ വര്‍ഷം മാത്രം 29 ശതമാനം നേട്ടമാണ് ബിറ്റ്‌കോയിന്‍ നേടിയത്. വരും ദിവസങ്ങളിലും ഈ മികവ് തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
യു.എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം ഉയരുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്. നിക്ഷേപക സ്ഥാപനങ്ങള്‍ ബിറ്റ്‌കോയിനില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതാണ് വില കുതിക്കുന്നതിലേക്ക് നയിക്കുന്നത്. മൂല്യം ഇനിയും വര്‍ധിക്കുമെന്ന വിലയിരുത്തലുകള്‍ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്.
യു.എസില്‍ ഈ ആഴ്ച്ചയെ പൊതുവേ ക്രിപ്‌റ്റോ വാരമെന്നാണ് വിശേഷിപ്പിക്കുന്നത്. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട് പ്രധാന നിയന്ത്രണ ബില്ലുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് ഈയൊരു വിശേഷണം നല്കിയിരിക്കുന്നത്.
ക്ലാരിറ്റി ഫോര്‍ പേയ്മെന്റ് സ്റ്റേബിള്‍കോയിന്‍സ് ആക്ട്, ജീനിയസ് ആക്ട്, ആന്റി-സിബിഡിസി സര്‍വൈലന്‍സ് ആക്ട് എന്നിവ പ്രധാന നിയമനിര്‍മ്മാണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം നിലവില്‍ ഹൗസ് റൂള്‍സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ആദ്യ ടേമില്‍ ക്രിപ്‌റ്റോ വിരുദ്ധ നിലപാടെടുത്തിരുന്ന ട്രംപ് തിരിച്ചുവരവില്‍ ഈ ഡിജിറ്റല്‍ കറന്‍സിയുടെ വക്താവായി മാറി. കുടുംബത്തിന് സ്വന്തമായി ക്രിപ്‌റ്റോ കമ്പനിയുമുണ്ട്.
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്കോയിനാണ്.
ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്റ്റോകറന്‍സിയെ കാണുന്നത്.
അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്റ്റോകള്‍ക്കില്ല. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine