

രാജ്യത്തെ അതിവേഗ ഡെലിവറി (ക്വിക്ക് കൊമേഴ്സ്) മേഖലയില്‍ വലിയ അഴിച്ചുപണി ഉണ്ടാകുമെന്ന് ബ്ലിങ്കിറ്റ് മേധാവി ആല്‍ബിന്ദര്‍ ധീന്‍ഡ്സ. വന്‍ തോതില്‍ പണം സമാഹരിച്ച് കമ്പനികളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന ബിസിനസ് രീതി അവസാനിക്കാന്‍ പോവുകയാണ്. വലിയ നഷ്ടം എങ്ങനെ നികത്താമെന്ന് കമ്പനികള്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ പ്രതിസന്ധിയെ ബ്ലിങ്കിറ്റ് അതിജീവിക്കുമെന്നും ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ 10 മുതല്‍ 30 മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്യുന്ന രീതിയാണ് ക്വിക്ക് കൊമേഴ്സ്.
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പറേഷന്‍, ടെമാസെക് ഹോള്‍ഡിംഗ്സ്, മിഡില്‍ ഈസ്റ്റേണ്‍ സോവറിന്‍ ഫണ്ടുകള്‍ തുടങ്ങിയ വമ്പന്‍മാര്‍ നിക്ഷേപം നടത്തിയ മേഖലയാണ് ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കപ്പെടുന്ന ബിസിനസ് മോഡല്‍ കൂടിയാണിത്. അമേരിക്കയിലും യൂറോപ്പിലും സമാനമായ സംരംഭങ്ങള്‍ പരീക്ഷിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ നഗരങ്ങളിലെ കൂടിയ ജനസാന്ദ്രത, കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ ലഭിക്കുന്നത്, ഡിജിറ്റല്‍ പേയ്മെന്റുകളുടെ വ്യാപനം എന്നിവ ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് മേഖലക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഈ മോഡലിന്റെ സാമ്പത്തിക നിലനില്‍പ്പിന് കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് സംവിധാനവും തുടര്‍ച്ചയായി ലഭിക്കുന്ന മൂലധനവും അത്യാവശ്യമാണ്.
അതേസമയം, ഇന്ത്യന്‍ ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ക്കും നഷ്ടം പെരുകിയതോടെ നിലവില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് വിലയിരുത്തല്‍. ബ്ലിങ്കിറ്റിന്റെ എതിരാളിയും സ്വിഗ്വിയുടെ ക്വിക്ക് കൊമേഴ്‌സ് ഘടകവുമായ ഇന്‍സ്റ്റാമാര്‍ട്ട് നടത്തുന്ന ഓഹരി വില്‍പ്പനയാണ് ഇതിന് ഉദാഹരണമായി ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷമാണ് 1.3 ബില്യന്‍ ഡോളര്‍ ഓഹരി വിപണി പ്രവേശനത്തിലൂടെ കമ്പനി സമാഹരിച്ചത്. ഇപ്പോഴിതാ ഓഹരി വില്‍പ്പനയിലൂടെ (QIP) 1.1 ബില്യന്‍ ഓഹരി കൂടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാമാര്‍ട്ട്. ഐ.പി.ഒ വിലക്ക് തുല്യമായ തുകയിലാണ് ഓഹരികളുടെ വില്‍പ്പനയെന്നതും ശ്രദ്ധേയം.
അടുത്ത വര്‍ഷം ഓഹരി വിപണി പ്രവേശനം പ്രതീക്ഷിക്കുന്ന സെപ്‌റ്റോയും അടുത്തിടെ 450 മില്യന്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇത് മേഖലയില്‍ പണത്തിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് അടിവരയിടുന്നതാണ്. വീട്ടുസാധനങ്ങള്‍ മുതല്‍ ഐഫോണ്‍ വരെയുള്ളവ 10 മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്യുന്നതിന് വേണ്ട ഭീമമായ ചെലവാണ് ഇതിനുള്ള കാരണം. ഇത്തരം അസന്തുലിതാവസ്ഥയുണ്ടാകുമ്പോള്‍ തിരുത്തല്‍ വളറെ പെട്ടെന്നായിരിക്കുമെന്നാണ് ബ്ലിങ്കിറ്റ് സി.ഇ.ഒയുടെ അഭിപ്രായം.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുണ്ടെങ്കിലും പ്രധാനപ്പെട്ട ക്വിക്ക് കൊമേഴ്‌സ് കമ്പനികളെല്ലാം തന്നെ നഷ്ടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതും തുടര്‍ച്ചയായ നിക്ഷേപവുമാണ് പ്രധാന വില്ലന്‍. മേഖലയിലെ കനത്ത മത്സരവും ഇത്തരം കമ്പനികള്‍ക്ക് ഭീഷണിയാണ്. ഇന്‍സ്റ്റമാര്‍ട്ടിന്റെയും ബ്ലിങ്കിറ്റിന്റെയും വരവ് ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, റിലയന്‍സ് റീട്ടെയില്‍ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെയും ഈ മേഖലയിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതമാക്കി. ഇതും മത്സരം വര്‍ധിപ്പിച്ചു. അസംഘടിതമായ ലോജിസ്റ്റിക്‌സ് രംഗവും ഇത്തരം കമ്പനികള്‍ക്ക് വെല്ലുവിളിയാണ്.
ഇ-കൊമേഴ്‌സ്-ക്വിക്ക് കൊമേഴ്‌സ് മോഡലുകള്‍ തമ്മിലുള്ള വ്യത്യാസം പതിയെ ഇല്ലാതാകുമെന്നും ധിന്‍സ്ഡ പറയുന്നു. മെട്രോ നഗരങ്ങള്‍ക്ക് പുറമെ ചെറു നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ബ്ലിങ്കിറ്റുള്ളത്. 10 മിനിറ്റിനുള്ളില്‍ ഡെലിവറി സാധ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലാണ് വെല്ലുവിളി. ചെറുകിട സംരംഭകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. എന്തായാലും ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ തിരുത്തലിന്റെ പാതയിലാണ്. അത് എന്ന് ഉണ്ടാകുമെന്ന് അറിയില്ല. ചിലപ്പോള്‍ ആറുമാസത്തിലോ അടുത്ത ആഴ്ചയോ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine