Begin typing your search above and press return to search.
ഒളിവില്‍ പോകാനും പദ്ധതി, മണത്തറിഞ്ഞ് പൊലീസ്! റിസോര്‍ട്ടിലെത്തി പൊക്കി; 'ബോച്ചെ'യുമായി പൊലീസ് കൊച്ചിയിലേക്ക്
ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായിരുന്നു പൊലീസിന്റെ നടപടി
ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എ.സി.പി സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബോബിയെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് കടക്കുമെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ മിന്നല്‍ നീക്കം. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായിരുന്നു പൊലീസിന്റെ നടപടി. ഇന്ന് തന്നെ ബോബിയെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.
ആരുമറിഞ്ഞില്ല, 1000 ഏക്കറിലെത്തി പൊലീസ് പൊക്കി
ഹണി റോസിന്റെ പരാതിയില്‍ ബോബിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനും ജാമ്യമില്ലെങ്കില്‍ ഒളിവിലും പോകാനായിരുന്നു ബോബിയുടെ പദ്ധതി. ഇക്കാര്യം മനസിലാക്കിയ പൊലീസ് ഇന്നലെ രാത്രി തന്നെ വയനാട്ടിലെത്തി. ഇന്ന് രാവിലെയോടെ ആയിരം ഏക്കർ റിസോര്‍ട്ടിലെത്തി കസ്റ്റഡിയിലുമെടുത്തു. സ്വകാര്യ വാഹനത്തില്‍ പുത്തൂര്‍വയലിലെ എ.ആര്‍ ക്യാംപിലെത്തിച്ച ബോബിയെ ഉച്ചയോടെ എറണാകുളത്തേക്ക് കൊണ്ടുപോയി. വൈകിട്ട് ആറ് മണിയോടെ ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് സംഘം എറണാകുളത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യപരിശോധനക്കും ശേഷം പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
സ്ത്രീകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തുക, ഇത്തരം പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബോബിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നടി വിശദമായ പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റില്‍ വലിയ ആശ്വാസം തോന്നുന്നുവെന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം. എനിക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുമുള്ള സംസ്ഥാനത്താണ് ജീവിക്കുന്നതെന്ന ഉറച്ച ബോധ്യം ഉണ്ട് അതുകൊണ്ടാണ് പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ഞാന്‍ നേരിട്ടു. പലതവണ പറഞ്ഞിട്ടും അത് തുടര്‍ന്നു. അത് പണത്തിന്റെ ഹുങ്കായും വെല്ലുവിളിയായും മാത്രമേ എനിക്ക് കാണാന്‍ കഴിയൂ. എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് പോരാട്ടത്തിന് ഇറങ്ങാമെന്ന് തീരുമാനിച്ചതെന്നും നടി പറയുന്നു. പണത്തിന്റെ ഹുങ്കിലാണ് അയാള്‍ വിശ്വസിക്കുന്നതെങ്കില്‍ നാട്ടിലെ നിയമത്തിലാണ് എനിക്ക് വിശ്വാസമെന്നും അവർ കൂട്ടിച്ചേര്‍ത്തു.
Next Story
Videos