ബോയിംഗ് ഓഹരികള്‍ ഡിസ്‌കൗണ്ട് വില്‍പ്പനക്ക്; കാരണങ്ങള്‍ ഇതാണ്

പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്, ഓഹരികളുടെ ഡിസ്‌കൗണ്ട് വില്‍പ്പനക്കുള്ള നീക്കങ്ങള്‍ സജീവമാക്കി. വിപണി വിലയുടെ 7.75 ശതമാനം ഡിസ്‌കൗണ്ടിലാണ് പ്രാഥമിക ഓഹരികള്‍ വില്‍ക്കുക. പബ്ലിക് ഓഫറിലൂടെയും ഡെപോസിറ്ററി ഷെയറുകളായുമാണ് വില്‍പ്പനയെന്ന് ബോയിംഗ് കമ്പനി അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാള്‍ 200 കോടി ഡോളര്‍ വിലക്കുള്ള ഓഹരികള്‍ അധികമായി വില്‍ക്കാന്‍ തീരുമാനിച്ചതായും ബോയിംഗ് വ്യക്തമാക്കി.

വില്‍ക്കുന്നത് 2,100 കോടി ഡോളറിന്റെ ഓഹരികള്‍

കമ്പനിയുടെ ഓഹരികളില്‍ 2,100 കോടി ഡോളറിന്റെ (1.79 ലക്ഷം കോടി രൂപ) ഓഹരികളാണ് ബോയിംഗ് വില്‍ക്കുക. നേരത്തെ നിശ്ചയിച്ചിരുന്നത് 1,900 കോടി ഡോളര്‍ സമാഹരിക്കാനായിരുന്നു. അമേരിക്കന്‍ ഓഹരി വിപണിയില്‍ 152 ഡോളറാണ് ബോയിംഗ് ഓഹരി വില. ഡിസ്‌കൗണ്ട് വരുന്നതോടെ ഇത് 143 ഡോളറായി കുറയും. വിലകുറച്ച് വില്‍ക്കാനുള്ള കമ്പനി തീരുമാനം വന്നതോടെ ഓഹരി വിലയില്‍ ഇടിവുണ്ടാവുന്നുണ്ട്. പുതിയ നിരക്കുകള്‍ പ്രകാരം ഇതുവഴി 1,600 കോടി ഡോളര്‍ സമാഹരിക്കും. ഡെപോസിറ്ററി ഷെയര്‍ വില്‍പ്പനയിലൂടെ ഏതാണ്ട് 500 കോടി ഡോളറും.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍

ബോയിംഗ് കമ്പനിയില്‍ ഒരു മാസത്തിലേറെയായി തൊഴിലാളി സമരം തുടരുകയാണ്. ശമ്പളവര്‍ധന ആവശ്യപ്പെട്ട് എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെ 33,000 തൊഴിലാളികളാണ് സമരത്തിലുള്ളത്. പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചിട്ടില്ല. കമ്പനിയുടെ ഉല്‍പ്പാദനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാനകമ്പനികളുടെ ഓര്‍ഡറുകള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. സമരത്തെ തുടര്‍ന്ന് ചിലവുകൾ ചുരുക്കുന്നതിനും 17,000 ജീവനക്കാരെ പിരിച്ചു വിടാനും ബോയിംഗ് തീരുമാനിച്ചിരുന്നു. അമേരിക്കന്‍ പട്ടാളത്തിന് നിരീക്ഷണ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് ഉള്‍പ്പടെ ഏതാനും യൂണിറ്റുകള്‍ വില്‍ക്കാനും ദിവസങ്ങള്‍ക്ക് മുമ്പ് മാനേജ്‌മെന്റ് തീരുമാനമെടുത്തു. ഓഹരികള്‍ വില്‍ക്കുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനൊപ്പം വിപണിയില്‍ കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് തകരാതിരിക്കാനും സഹായിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it