ബോയിംഗ് കമ്പനി തുമ്മിയാല്‍ ഇന്ത്യയിലും ജലദോഷമോ?

ലോകത്തെ പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗില്‍ നടക്കുന്ന തൊഴിലാളി സമരം വ്യോമയാന രംഗത്ത് ചര്‍ച്ചയാകുകയാണ്. അമേരിക്കയില്‍ ബോയിംഗ് ജീവനക്കാര്‍ ഏതാനും ദിവസം മുമ്പ് തുടങ്ങിയ സമരം അവസാനിക്കുന്നതിനുള്ള സമീപ സാധ്യതകളൊന്നും കാണുന്നില്ല. അമേരിക്കന്‍ ഫെഡറല്‍ മീഡിയേഷന്‍ ആന്റ് കോണ്‍സിലിയേഷന്‍ സര്‍വ്വീസ് അധികൃതര്‍ അടുത്ത ദിവസം നടത്തുന്ന അനുരഞ്ജന ചര്‍ച്ചയിലാണ് ഇനിയുള്ള പ്രതീക്ഷ. സമരം ചെയ്യുന്ന 30,000 ജീവനക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുകയോ ബോയിംഗ് കമ്പനി അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയോ ചെയ്താല്‍ സമരം പെട്ടെന്ന് അവസാനിക്കുമെന്നാണ് സൂചനകള്‍. അതേസമയം, ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം മാസങ്ങളെടുത്തേക്കാം. ഇതൊരു ജീവല്‍ സമരമാണെന്നും അതിനായി മാസങ്ങളോളം സമരം ചെയ്യാന്‍ തയ്യാറാണെന്നുമാണ് ജീവനക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ബോയിംഗ് സമരം ഇന്ത്യന്‍ വ്യോമയാന സേവനങ്ങളെ നിലവില്‍ ബാധിച്ചിട്ടില്ല. എന്നാല്‍ സമരം തുടര്‍ന്നാല്‍ പതിയെ ഇന്ത്യയിലെ വിമാന കമ്പനികളെയും അത് ബാധിക്കും.

സമരത്തിന് പിന്നില്‍

സെപ്തംബര്‍ 13 നാണ് അമേരിക്കയിലെ സിയാറ്റില്‍, പോര്‍ട്ട്‌ലാന്റ് എന്നിവിടങ്ങളിലെ ബോയിംഗ് തൊഴിലാളി യൂണിയനുകള്‍ സമരം തുടങ്ങിയത്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മെഷിനിസ്റ്റ്‌സ് ആന്റ് എയറോസ്‌പേസ് വര്‍ക്കേഴ്‌സുമായി (ഐ.എ.എം) ബോയിംഗ് കമ്പനി ഉണ്ടാക്കാനിരുന്ന തൊഴില്‍ കരാറുമായുള്ള വിയോജിപ്പാണ് സമരത്തിന്റെ അടിസ്ഥാന കാരണം. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 25 ശതമാനം ശമ്പള വര്‍ധനവാണ് കമ്പനി മുന്നോട്ടുവെച്ചത്. ബോണസായി 3,000 ഡോളര്‍ നല്‍കും. അതേസമയം, തൊഴിലാളികളുടെ മെഡിക്കല്‍ ബില്ലുകളില്‍ കുറവ് വരുത്തും. കമ്പനിയുടെ ഉല്‍പാദന പ്ലാന്റ്, തൊഴിലാളി യൂണിയനുകള്‍ക്ക് അനുമതിയില്ലാത്ത തെക്കന്‍ കാലിഫോര്‍ണിയയിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ തൊഴിലാളികള്‍ അംഗീകരിച്ചില്ല. 40 ശതമാനം ശമ്പള വര്‍ധന വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉല്‍പാദന യൂണിറ്റ് സിയാറ്റിലില്‍ നിന്ന് മാറ്റുന്നതിനെയും അവര്‍ എതിര്‍ത്തു. ജീവനക്കാരില്‍ 94.6 ശതമാനവും കരാറിനെതിരെ വോട്ട് ചെയ്തു. 2008 ന് ശേഷം ബോയിംഗ് കമ്പനിയില്‍ നടക്കുന്ന ആദ്യത്തെ സമരമാണിത്. അന്ന് ജീവനക്കാര്‍ രണ്ട് മാസം പണിമുടക്കിയപ്പോള്‍ കമ്പനിക്കുണ്ടായ നഷ്ടം 200 കോടി ഡോളറാണ്.

ഇന്ത്യയില്‍ വിമാന നിരക്ക് ഉയരുമോ?

അമേരിക്കയിലെ ബോയിംഗ് ജീവനക്കാര്‍ സമരം ചെയ്താല്‍ ഇന്ത്യയില്‍ അത് പെട്ടെന്ന് ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സമരം നീണ്ടു പോയാല്‍ പല ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെയും വിപുലീകരണ പദ്ധതികള്‍ താളം തെറ്റും. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ബോയിംഗ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നു. ഇത് ലഭിക്കാന്‍ വൈകുന്നതോടെ അവര്‍ക്ക് വാടകക്കെടുത്ത വിമാനങ്ങളുമായി സര്‍വ്വീസ് തുടരേണ്ടി വരും. ഇത് ചിലവ് വര്‍ധിപ്പിക്കുകയും വിമാനനിരക്ക് കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ആകാശ എയര്‍ 24 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 200 എണ്ണത്തിന് കൂടി ഓര്‍ഡര്‍ നല്‍കാനിരിക്കുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒന്നര വര്‍ഷത്തിനുള്ളില്‍ 50 ബോയിംഗ് വിമാനങ്ങള്‍ കൂടി വാങ്ങാനിരിക്കുകയാണ്. വരാനിരിക്കുന്ന വികസന പദ്ധതികള്‍ മുന്നില്‍ കണ്ട് പല ഇന്ത്യന്‍ കമ്പനികളും വിമാനത്താവളങ്ങളില്‍ സ്ലോട്ടുകള്‍ എടുത്തിട്ടുണ്ട്. വിമാനം എത്താന്‍ വൈകിയാല്‍ ഇത് നഷ്ടപ്പെട്ടേക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വന്‍ ഓര്‍ഡറുള്‍ക്കനുസരിച്ച് വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ബോയിംഗിന് കഴിയാതെ വരും. സമരം തീരുന്നതോടെ ഡിമാന്റ് കൂടുമ്പോള്‍ ബോയിംഗ് വിമാനങ്ങളുടെ വില വര്‍ധിക്കുമെന്ന ആശങ്കയുമുണ്ട്. ഇതെല്ലാം വിമാനയാത്രാ നിരക്ക് കൂട്ടിയേക്കുമെന്നാണ് സൂചനകള്‍. ബോയിംഗ് സമരം ഈ ആഴ്ചയിലെ ചര്‍ച്ചയില്‍ അവസാനിച്ചാല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ആശ്വാസമാകും.

Related Articles
Next Story
Videos
Share it