മാനേജര്‍ മുതല്‍ ജീവനക്കാര്‍ വരെ വ്യാജം, ഡ്യൂപ്ലിക്കേറ്റ് എസ്.ബി.ഐ 'ബ്രാഞ്ച്' നടത്തിപ്പുകാര്‍ കുടുങ്ങിയതിങ്ങനെ

ബാങ്കിംഗ് തട്ടിപ്പുകള്‍ പലയിടത്തും നടന്നിട്ടുണ്ട്. എന്നാല്‍ തട്ടിപ്പ് നടത്താന്‍ ഒരു ബ്രാഞ്ച് തന്നെ തുടങ്ങിയാലോ? അത്തരത്തിലൊരു വന്‍ തട്ടിപ്പിന്റെ കഥയാണ് ഛത്തീസ്ഗഡിലെ ശക്തി ജില്ലയില്‍ നിന്ന് വരുന്നത്. സെപ്റ്റംബര്‍ പതിനെട്ടിനാണ് മല്‍ഖരൗദ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഛപ്പോര ഗ്രാമത്തില്‍ പെട്ടെന്നൊരു ദിവസം വാടക കെട്ടിടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖ തുറക്കുന്നത്.
കെട്ടിടത്തിനു മുന്നില്‍ എസ്.ബി.ഐയുടെ സ്റ്റിക്കറുകളും മറ്റും സ്ഥാപിച്ചിരുന്നു. പത്തുദിവസം മുമ്പ് ഉദ്ഘാടനം നടത്തിയ ബാങ്കില്‍ പുതിയ ഫര്‍ണിച്ചറുകളും സാധാരണ ബാങ്കുകളിലേതു പോലെയുള്ള കൗണ്ടറുകളും ഉണ്ടായിരുന്നു. ഗ്രാമത്തില്‍ ബാങ്ക് വന്ന സന്തോഷത്തില്‍ നിരവധി ഗ്രാമീണര്‍ ബാങ്കിലെത്തി അക്കൗണ്ടും തുറന്നു.
ഗ്രാമത്തിലെ ചിലരെ അഭിമുഖം നടത്തി ജോലിക്കാരായി എടുക്കുകയും ചെയ്തിരുന്നു. തൊട്ടടുത്തുള്ള ദാബ്ര ബ്രാഞ്ചിലെ മാനേജര്‍ക്ക് തോന്നിയ സംശയമാണ് വ്യാജ ബാങ്കില്‍ അന്വേഷണത്തിലേക്ക് നയിച്ചത്. പോലീസ് എസ്.ബി.ഐ അധികൃതരുമായി സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അടിമുടി വ്യാജമാണ് ബ്രാഞ്ചെന്ന് മനസിലാകുന്നത്.

ജീവനക്കാരും ചതിക്കപ്പെട്ടു

ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ഒരു കാര്യം മനസിലായത്. ഇവരും ചതിക്കപ്പെട്ടിരിക്കുന്നു. അഞ്ച് പേരായിരുന്നു വിവിധ തസ്തികകളിലായി ജോലി ചെയ്തിരുന്നത്. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് തങ്ങളെ നിയമിച്ചതെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. പോലീസ് പറയുമ്പോഴാണ് തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് ജോലിക്കാരും തിരിച്ചറിയുന്നത്.
വ്യാജ ബ്രാഞ്ചിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്ന് ശക്തി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രമാ പട്ടേല്‍ പറഞ്ഞു പറഞ്ഞു. സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് വ്യാജ ബ്രാഞ്ച് സ്ഥാപിക്കപ്പെട്ട സ്ഥലം.
മൂന്ന് പേര്‍ക്കെതിരേ കേസെടുത്തു. എത്ര പേര്‍ വ്യാജ ബ്രാഞ്ചില്‍ അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും എത്ര പേര്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പോലീസ് പരിശോധിക്കുകയാണ്. ദിവസവും നിരവധിപേര്‍ ബാങ്കിലെത്തിയിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എസ്.ബി.ഐ അധികൃതരും സംഭവം പരിശോധിക്കുന്നുണ്ട്.
Related Articles
Next Story
Videos
Share it