മൂന്ന് ദിവസത്തിനുള്ളില്‍ 15 വ്യാജ ബോംബ് ഭീഷണികള്‍; വട്ടം കറങ്ങി വിമാന കമ്പനികള്‍
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ബോംബ് ഭീഷണികള്‍ ഉയരുന്നത് വിമാനകമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഭീഷണികളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും ഇത് മൂലമുണ്ടാകുന്ന ഷെഡ്യൂള്‍ പുന:ക്രമീകരണങ്ങളും സുരക്ഷാ ഭീഷണിയും സമ്മർദ്ദം കൂട്ടുന്നതാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള 15 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജബോംബ് ഭീഷണിയുണ്ടായത്. ഈ വിമാനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാര്‍ മണിക്കൂറുകളോളമാണ് ആശങ്കയില്‍ കഴിഞ്ഞത്. വിമാന കമ്പനികളും പോലീസും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഭീഷണികളുടെ ഉറവിടവും ഉദ്ദേശവും കണ്ടെത്താനായിട്ടില്ല.
താളം തെറ്റുന്ന ഷെഡ്യൂളുകള്‍
മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് നിരവധി വിമാനങ്ങള്‍ക്ക് നേരെ അടുത്തടുത്ത ദിവസങ്ങളില്‍ ഭീഷണികള്‍ വന്നത്. തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്ക് വിമാനത്തിനും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും നേരെയാണ് ആദ്യം ബോംബ് ഭീഷണി ഉണ്ടായത്. മൂന്നു ദിവസങ്ങള്‍ക്കിടെ ഇന്‍ഡിഗോ മുംബൈ-റിയാദ്, ഇന്‍ഡിഗോ മുംബൈ-ഡല്‍ഹി, അലാസ്‌ക മുംബൈ-ബംഗളൂരു, എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അയോധ്യ-ബംഗളൂരു, മധുര-സിംഗപ്പൂര്‍, ഇന്‍ഡിഗോ ദമാം-ലക്‌നൗ, സ്‌പൈസ് ജെറ്റിന്റെ ദര്‍ബംഗ-മുംബൈ, അലാസ്‌കയുടെ ബാംഗ്‌ദോഗ്ര-ബംഗളൂരു, അലയന്‍സ് എയറിന്റെ അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി എന്നീ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണിയുണ്ടായി. ഈ വിമാനങ്ങളില്‍ പലതും യാത്രാ മധ്യേ തൊട്ടടുത്തുള്ള വിമാനത്താവളങ്ങളില്‍ ഇറക്കുകയായിരുന്നു. മണിക്കൂറുകളോളമാണ് സുരക്ഷാ പരിശോധനക്കായി നിര്‍ത്തിയിടേണ്ടി വന്നത്. 3000 ല്‍ ഏറെ യാത്രക്കാര്‍ക്ക് ഇത് മൂലം വിവിധ ദിവസങ്ങളില്‍ യാത്രാ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. മധുര-സിംഗപ്പൂര്‍ വിമാനം സിംഗപ്പൂര്‍ ആംഡ് ഫോഴ്സിന്റെ രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെയാണ് സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തില്‍ ഇറക്കിയത്.
ഭീഷണി സോഷ്യല്‍ മീഡിയയിലൂടെ
സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യാജബോംബ് ഭീഷണി പരമ്പര അരങ്ങേറുന്നത്. എയര്‍ ഇന്ത്യയുടെ മുംബൈ-ന്യൂയോര്‍ക്ക് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എക്‌സിലൂടെയാണ് പുറത്തു വന്നത്. ഈ അക്കൗണ്ടുകള്‍ പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. ചത്തീസ്ഗഡില്‍ നിന്നുള്ള ആണ്‍കുട്ടിയെയും കുടുംബത്തെയും മുംബൈ പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. ബോംബ് ഭീഷണികള്‍ വ്യാജമാണെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സൂക്ഷ്മമായ സുരക്ഷാ പരിശോധനകള്‍ നടത്തി വരുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. പുതിയ സംഭവങ്ങളെ കേന്ദ്രസര്‍ക്കാരും നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി രാം മനോഹര്‍ നായിഡു, ജി.ഡി.സി.എ ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തി.