''രാഷ്ട്രീയത്തില്‍ ആരും അനിവാര്യമല്ല!'' രാജിവച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവച്ചു. മൂന്നു ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് രാജിയ. പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണം വരെ പ്രധാനമന്ത്രിയായി തുടരും.

രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ലെന്ന പ്രഖ്യാപനത്തോടെയാണ് ബോറിസ് ജോണ്‍സന്‍ രാജി വയ്ക്കുന്നതായി അറിയിച്ചത്. വിമതപക്ഷത്തുനിന്ന് പുതിയ നേതാവ് അധികാരത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ഭൂരിപക്ഷമുള്ളതിനാല്‍ ബ്രിട്ടനില്‍ ബോറിസ് സ്ഥാനം ഒഴിഞ്ഞാലും പാര്‍ട്ടിക്ക് അധികാരം നഷ്ടമാകില്ല. ഇന്നു രാവിലെയാണ് പ്രധാനമന്ത്രിപദവും പാര്‍ട്ടി നേതൃത്വവും ഒഴിയുന്ന കാര്യം ബോറിസിന്റെ വക്താവ് ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് ബോറിസ് ജോണ്‍സന്‍ രാജി അറിയിച്ചത്.

ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയും മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഋഷി സുനകിന്റെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവു കൂടിയായ സാജിദ് ജാവിദിന്റെയും അപ്രതീക്ഷിത രാജിക്കു പിന്നാലെയാണ് ഇത്.

ഈ സംഭവത്തോടെ ടോറി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി, നേതാക്കള്‍ രണ്ടു ചേരിയായി തിരിയുന്ന കാഴ്ചയാണ് വെസ്റ്റ്മിനിസ്റ്ററില്‍ കണ്ടത്. ഇന്നു രാവിലെ പത്തോളം ജൂനിയര്‍ മന്ത്രിമാരാണ് രാജി വച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it