Begin typing your search above and press return to search.
മഞ്ഞക്കുറ്റി നാട്ടി തുടങ്ങി, അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസ് അതിര്‍ത്തി നിര്‍ണയത്തിന് തുടക്കം
അങ്കമാലി-കുണ്ടന്നൂർ ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കലിനുള്ള അതിർത്തിനിർണയം ആരംഭിച്ചു. നിര്‍ദിഷ്ട ബൈപാസിന്റെ അങ്കമാലി-മഞ്ഞപ്ര ഭാഗത്താണ് ആദ്യഘട്ടത്തില്‍ കല്ലുകളിടാന്‍ ആരംഭിച്ചിരിക്കുന്നത്. ബൈപാസിന്റെ അതിർത്തി തിരിക്കുകയാണ് കല്ലിടല്‍ പ്രക്രിയയുടെ ഉദ്ദേശം.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം വരുംദിവസങ്ങളിൽ പ്രക്രിയ കൃത്യമായി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
എത്ര ഭൂമി ആവശ്യമായി വരുമെന്ന് അറിയാന്‍ സാധിക്കും
കല്ലിടൽ പൂർത്തിയാകുന്നതോടെയാണ് ഏതൊക്കെ സർവേ നമ്പറുകളില്‍ എത്ര ഭൂമി ബൈപാസിന് ആവശ്യമായി വരുമെന്ന് കണക്കാക്കാന്‍ കഴിയുക. ദേശീയ പാതയ്ക്കായി സ്ഥലം വിട്ടുകൊടുക്കേണ്ട ഭൂവുടമകള്‍ ഇതുസംബന്ധിച്ച് കനത്ത ആശയക്കുഴപ്പത്തിലാണ്. പദ്ധതിക്കായി തങ്ങളുടെ സ്ഥലത്തിന്റെ ഏത് ഭാഗമാണ് അധികൃതര്‍ ഏറ്റെടുക്കുക എന്നത് സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് വ്യക്തതയില്ലാത്ത സാഹചര്യമാണ് ഉളളത്.
പാതയ്ക്കായി മാസങ്ങള്‍ക്കു മുമ്പാണ് 3 എ വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിർത്തിനിർണയം പൂർത്തിയാക്കിയശേഷമാണ് സർവെ നടപടികൾ തുടങ്ങുക. തുടർന്ന് ഏറ്റെടുക്കുന്ന ഓരോ ഭൂമിയും പരിഗണിച്ച് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതാണ്.
3 ബി വിജ്ഞാപനത്തോടനുബന്ധിച്ച് സർവേ നടത്തൽ, സ്ഥലപരിശോധന തുടങ്ങിയവയുടെ ഭാഗമായാണ് കല്ലിടല്‍ പ്രക്രിയ നടത്തുന്നത്. അങ്കമാലിയിലെ കരയാംപറമ്പുമുതൽ നെട്ടൂർവരെ 45 മീറ്റർ വീതിയിൽ 44.7 കിലോമീറ്റര്‍ ബൈപാസാണ് നിർമിക്കുന്നത്. ഇതിനായി 290 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
അതേസമയം, ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കും ദേശീയപാത അധികൃതർക്കും പരാതികൾ സമര്‍പ്പിച്ചിട്ടുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമം അനുസരിച്ചായിരിക്കണം നടപടികളെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
അങ്കമാലിക്ക് സമീപം കരയാംപറമ്പിൽ നിന്നാരംഭിച്ച് കുണ്ടന്നൂരിലെ നെട്ടൂരിൽ അവസാനിക്കുന്ന രീതിയിലാണ് ബൈപാസ് നിര്‍മ്മിക്കുന്നത്.
Next Story
Videos