റഷ്യന്‍ എനര്‍ജിയില്‍ കോളടിച്ച് ബിപിസിഎല്‍! ലാഭത്തില്‍ 168% വര്‍ധന; ക്രൂഡ് വിലയിടിവില്‍ നേട്ടം മാത്രം
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില താഴ്ന്നു നില്‍ക്കുന്നതും റഷ്യന്‍ എണ്ണ ഡിസ്‌കൗണ്ട് നിരക്കില്‍ കിട്ടുന്നതും ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് നേട്ടമാകുന്നു. രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) വന്‍നേട്ടം കൊയ്തു.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 168 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 2,297 കോടി രൂപയായിരുന്നു ലാഭം. ഇത് 6,191 കോടി രൂപയായി കുത്തനെ ഉയര്‍ന്നു. വരുമാനത്തിലും ക്രമാനുഗത വര്‍ധനയുണ്ടാക്കാന്‍ ബിപിസിഎല്ലിന് സാധിച്ചു.
മുന്‍ വര്‍ഷം 1,02,785 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. ഇത് 1,04,946 ലക്ഷം കോടി രൂപയായി. എണ്ണ വില കുറഞ്ഞതുമൂലം ചെലവ് വലിയ തോതില്‍ കുറഞ്ഞതാണ് ലാഭം കുതിച്ചുയരാന്‍ കാരണം. 98,268 കോടി രൂപയില്‍ നിന്ന് ചെലവ് 95,185 കോടി രൂപയായി കുറഞ്ഞു.
അതേസമയം, മാര്‍ച്ച്, ജൂണ്‍ പാദങ്ങളെ അപേക്ഷിച്ച് വില്പനയില്‍ കുറവ് വന്നുവെന്നത് ശ്രദ്ധേയമാണ്. മാര്‍ച്ചില്‍ 1,11,230 ലക്ഷം കോടി രൂപയായിരുന്നു വിറ്റുവരവ്. ജൂണ്‍ പാദത്തില്‍ 1,12,551 ലക്ഷം കോടി രൂപയും. ഇതാണ് വലിയതോതില്‍ കുറഞ്ഞത്. ജൂണ്‍ പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 5.20 ശതമാനം കുറവ് വന്നിട്ടുണ്ട്. ജൂണില്‍ അവസാനിച്ച പാദത്തില്‍ ലാഭം 6,839 കോടി രൂപയായിരുന്നു.
ഡിവിഡന്റ് പ്രഖ്യാപനം
ബിപിസിഎല്‍ ഇടക്കാല ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 7.5 രൂപ വീതമാണ് ഡിവിഡന്റ്. ഇന്നലെ 0.39 ശതമാനം ഇടിവിലാണ് ബിപിസിഎല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിവില 356.20 രൂപയിലാണ് വ്യാപാരം.
ആഗോള വിപണിയില്‍ ക്രൂഡ്ഓയില്‍ വില 60 ഡോളറുകളിലാണ് ഇപ്പോഴും. ഡബ്ല്യുഡിഐ ക്രൂഡ് വില 60 ഡോളറാണ്. ബ്രെന്റ് ക്രൂഡിന്റെ വില 64 ഡോളറും. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഡിമാന്‍ഡ് കുറവും ഉയര്‍ന്ന ഉത്പാദനവുമാണ് വില പിടിച്ചു നിര്‍ത്തിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine

