ബി.പി.എല്‍ സ്ഥാപകന്‍ ടി.പി.ജി നമ്പ്യാര്‍ വിടവാങ്ങി, ഓര്‍മയായത് ദീർഘവീക്ഷണമുള്ള കേരളത്തിന്റെ വ്യവസായി

2500 കോടി ആസ്തിയുളള വ്യവസായ സാമ്രാജ്യമായി ബി.പി.എല്‍ മാറി
BPL- TPG Nambiar
Published on

1980 കളിലും 90 കളിലും ടെലിവിഷന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കമ്പനിയായിരുന്നു ബി.പി.എല്‍. ഇന്ത്യയിലെ ഓരോ കുടുംബങ്ങള്‍ക്കും സുപരിചിതമായ ഈ ബ്രാന്‍ഡ് കെട്ടിപ്പെടുത്തത് വടക്കേമലബാറില്‍ ജനിച്ച താഴത്ത് പുല്ലായിക്കുടി ഗോപാലൻ നമ്പ്യാര്‍ എന്ന ടി.പി.ജി നമ്പ്യാരാണ്.

വിപുലമായ ഒരു ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ അന്തരിച്ചത്. 95 വയസായിരുന്നു. പ്രായാധിക്യം മൂലമുളള അവശതകളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1928 ല്‍ ജനിച്ച ടി.പി.ജി നമ്പ്യാര്‍ ജോലി തേടി അന്ന് എല്ലാവരും പോയിരുന്ന ബോംബെയിലാണ് എത്തിയത്. 8 വർഷം അവിടെ സ്റ്റെനോഗ്രഫറായി. തുടര്‍ന്ന് ലണ്ടനിലെ നാഷണൽ കോളേജിൽ നിന്ന് എയർകണ്ടീഷനിങ് ആൻഡ് റഫ്രിജറേഷനില്‍ ഡിപ്ലോമ എടുത്തു.

1963 ൽ പാലക്കാട് ഫാക്ടറി ആരംഭിച്ചു 

ലണ്ടനിൽ നിന്ന് വീണ്ടും ബോംബെയില്‍ എത്തിയത് ബ്രിട്ടിഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡിന്റെ (ബി.പി.എല്‍) എം.ഡി ആയിട്ടാണ്. കമ്പനി മറ്റൊരു സ്ഥാപനം ഏറ്റെടുക്കുമെന്ന സാഹചര്യമുണ്ടായപ്പോള്‍ 1962 ൽ നമ്പ്യാർ ബി.പി.എല്ലിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി.

1963 ൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (ബി.ഇ.എൽ) സഹകരിച്ച് ഇന്ത്യന്‍ സൈന്യത്തിനായി പ്രിസിഷൻ പാനൽ മീറ്ററുകൾ നിര്‍മിക്കുന്ന ഫാക്ടറിയാണ് നമ്പ്യാര്‍ ആദ്യം തുടങ്ങിയത്. പാലക്കാട് ആണ് ഫാക്ടറി ആരംഭിച്ചത്. 1970 കളിൽ കമ്പനിയുടെ ആസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റി.

ടെലിവിഷനും വിഡിയോ കാസറ്റ് റിക്കോർഡറും (വി.സി.ആർ) റഫ്രിജറേറ്ററും വാഷിങ് മെഷീനും വാക്വം ക്ലീനറും അടക്കം വൈവിധ്യമുളള ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് ബി.പി.എല്‍ വിപണി കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2500 കോടി ആസ്തിയുളള വ്യവസായ സാമ്രാജ്യമായത് നമ്പ്യാരുടെ നേതൃപാടവത്തിന്‍ കീഴിലാണ്.

ഉദാരവല്‍ക്കരണത്തിന് ശേഷം മങ്ങി

1991 ൽ രാജ്യത്ത് സാമ്പത്തിക ഉദാരവൽക്കരണം ഏര്‍പ്പെടുത്തിയതിന് ശേഷം കമ്പനിക്ക് വേണ്ട രീതിയില്‍ വളര്‍ച്ച പ്രാപിക്കാന്‍ സാധിച്ചില്ല. ദക്ഷിണ കൊറിയൻ കമ്പനികളായ എൽ.ജി, സാംസങ് തുടങ്ങിയവയില്‍ നിന്നുള്ള കടുത്ത മത്സരങ്ങളും ബി.പി.എല്ലിനെ തളര്‍ത്തി.

ബി.പി.എൽ ടെലികോമിൻ്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി നമ്പ്യാരും മരുമകൻ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ചെന്നൈയിലെ കമ്പനി ലോ ബോർഡില്‍ (സി.എൽ.ബി) കേസും നടന്നു. പിന്നീട് ഇരുവരും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഉപഭോക്തൃ ബ്രാൻഡുകളിലൊന്ന് നിർമ്മിച്ച ടി.പി.ജി നമ്പ്യാര്‍ ഇന്നും ജനപ്രിയനായി തുടരുന്നതായി മരുമകനും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പാലക്കാട്ട് അത്യാധുനിക സൗകര്യമുളള ഫാക്ടറി സ്ഥാപിച്ച് ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ട ദീർഘവീക്ഷണമുള്ള കേരളത്തിലെ വ്യവസായി ടി.പി.ജി നമ്പ്യാരുടെ വേർപാടിൽ ദുഃഖമുണ്ടെന്ന് ശശി തരൂർ എം.പി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവരും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: തങ്കം. ബി.പി.എൽ. ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജിത് നമ്പ്യാർ, ബോർഡ് അംഗം അഞ്ജു ചന്ദ്രശേഖർ എന്നിവരാണ് മക്കള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com