ബ്രഹ്‌മപുരം: മങ്ങലേറ്റത് കേരളത്തിന്റെ ടൂറിസം പ്രതിച്ഛായയ്ക്ക്

ദൈവത്തിന്റെ സ്വന്തം നാട്! വൃത്തിയുള്ളതും ആരോഗ്യസൗഹൃദവും ഹരിതാഭവുമായ നാട്! കേരളത്തിലേക്ക് സഞ്ചാരികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിരന്തരം പറയുന്ന വിശേഷണങ്ങളാണിത്. എന്നാല്‍, ഈ പ്രതിച്ഛായകള്‍ക്കെല്ലാം മങ്ങലേറ്റിരിക്കുകയാണ് ബ്രഹ്‌മപുരത്തെ തീപിടിത്തത്തിലൂടെ.

തീപിടിത്തവും വിഷപ്പുകയും ആഴ്ചയൊന്ന് കഴിഞ്ഞിട്ടും കെടുത്താനാകാത്തതും ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥയും ആഗോളതലത്തില്‍ ചര്‍ച്ചയായത് കേരളത്തിന് തന്നെ വലിയ ക്ഷീണമായിട്ടുണ്ട്.

ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്ക്കാന്‍ ജില്ലാഭരണകൂടം കാട്ടിയ കെടുകാര്യസ്ഥതയെ അതിരൂക്ഷമായാണ് ഹൈക്കോടതിയും വിമര്‍ശിച്ചത്. ബ്രഹ്‌മപുരം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ഒട്ടേറെ. തീയണയ്ക്കാന്‍ ഇനിയും കഴിയാത്തതിനാല്‍ നഗരത്തിലെ മാലിന്യനീക്കവും ദിവസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്.

ആശങ്കയില്‍ ടൂറിസം

'ഗ്യാസ് ചേംബറായി മാറിയ കൊച്ചി' കേരളാ ടൂറിസത്തെ മാത്രമല്ല കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചേക്കുമെന്ന്് പ്രമുഖ ഹോട്ടല്‍ ശൃംഖലയായ സി.ജി.എച്ച് എര്‍ത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോസ് ഡോമിനിക് പറഞ്ഞു.''ടൂറിസം, വ്യവസായം, ഐ.ടി, സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഏത് മേഖലയെടുത്താലും കേരളത്തിന്റെ ഗേറ്റ് വേയാണ് കൊച്ചി. അതേ കൊച്ചിയിലാണ് മാലിന്യമലയായ ബ്രഹ്‌മപുരത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിയതും പുക പടര്‍ന്ന് അന്തരീക്ഷമാകെ മലിനമായതും''അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ നിന്ന് കേരളാ ടൂറിസം അതിവേഗം കരകയറുന്നതിനിടെയാണ് ഈ തിരിച്ചടി. മാലിന്യനിര്‍മ്മാര്‍ജനത്തില്‍ അതിവേഗം ലോകോത്തര മാതൃകകള്‍ സ്വീകരിച്ച് പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

റിയല്‍ എസ്റ്റേറ്റിലും ക്ഷീണം

ഭവനപദ്ധതികള്‍ കേരളത്തില്‍ തന്നെ ഏറ്റവുമധികമുള്ള പ്രദേശങ്ങളിലൊന്നാണ് കാക്കനാട്. പ്രത്യേകിച്ചും ഇന്‍ഫോപാര്‍ക്ക് സ്ഥിതിചെയ്യുന്ന ബ്രഹ്‌മപുരം മേഖല. ഇത്തരം മാലിന്യപ്രശ്നങ്ങള്‍ പ്രത്യേകിച്ചും വായുമലിനീകരണം ഇവിടെ ഭവനപദ്ധതികളുടെ വില്‍പനയെ സാരമായി ബാധിച്ചേക്കുമെന്ന് ക്രെഡായ് (CREDAI) കേരള മുന്‍ ചെയര്‍മാന്‍ സി.എന്‍. രഘുചന്ദ്രന്‍നായര്‍ പറഞ്ഞു. ഈ മേഖലയില്‍ പുതുതായി ഭവനപദ്ധതികള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കും. പുനര്‍വില്‍പനയ്ക്കും (റീസെയിലില്‍) തിരിച്ചടിയുണ്ടാകും.

ഐ.ടിയെയും സ്റ്റാര്‍ട്ടപ്പുകളെയും ബാധിക്കും

ഐ.ടി, സ്റ്റാര്‍ട്ടപ്പ് കമ്പനികളിലായി ഒട്ടേറെ ഇതരസംസ്ഥാനക്കാര്‍ കൊച്ചിയിലും കാക്കനാട്ടും തൊഴിലെടുക്കുന്നുണ്ട്. ബ്രഹ്‌മപുരം പോലുള്ള വിഷയങ്ങള്‍ ഇവരും കമ്പനികളും ബംഗളൂരു, ചെന്നൈ പോലുള്ള മറ്റ് നഗരങ്ങളിലേക്ക് മാറാന്‍ വഴിയൊരുക്കിയേക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകനും പ്രൊഫഷണല്‍ ബ്ളോഗറുമായ മിഥുന്‍ വി. ശങ്കര്‍ പറഞ്ഞു. ജോലിക്കായി കൊച്ചി തിരഞ്ഞെടുക്കാനും വിമുഖതയുണ്ടാകും.

''കാക്കനാട്ടെ ഏറ്റവും ശ്രദ്ധേയ പദ്ധതിയാണ് ഇന്‍ഫോപാര്‍ക്ക്. നിരവധി വിദേശ കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതര സംസ്ഥാനക്കാരടക്കം ആയിരങ്ങള്‍ ജോലി ചെയ്യുന്നു. ഇവര്‍ക്കായി നിരവധി റിയല്‍ എസ്റ്റേറ്റ് സമുച്ചയങ്ങളും ഇവിടെ ഉയരുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെയും ഹബ്ബാണ് കാക്കനാട്. ഇവയെയെല്ലാം ബാധിക്കുന്നതാണ് ബ്രഹ്‌മപുരം പ്രതിസന്ധി'' അദ്ദേഹം പറഞ്ഞു.

സ്വീകരിക്കാം ഇന്ദോര്‍ മോഡല്‍

യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടേണ്ട വിഷയമാണിതെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. ''തുടര്‍ച്ചയായി ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പട്ടം ചൂടുന്ന മദ്ധ്യപ്രദേശിലെ ഇന്ദോറിലെ മാലിന്യനിര്‍മ്മാര്‍ജന രീതികള്‍ നമുക്ക് പകര്‍ത്താവുന്നതാണ്. ജൈവ, അജൈവ മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിക്കുകയും സമയബന്ധിതമായി സംസ്‌കരിക്കുകയും ചെയ്താണ് ഇന്ദോറിന്റെ നേട്ടം. വിദ്യാരംഗത്ത് ഏറ്റവും മുന്നിലുള്ള കേരളം ഇത്തരം രീതികള്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നതാധികാര സമിതിയില്‍ വേണം ജനകീയ പങ്കാളിത്തം

ബ്രഹ്‌മപുരം വിഷയപരിഹാരത്തിനുള്ള ഉന്നതാധികാര സമിതിയില്‍ എം.എല്‍.എമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റുമാണുള്ളത്. ഇക്കാര്യത്തില്‍ ഇനിയെങ്കിലും രാഷ്ട്രീയക്കളി മതിയാക്കി സര്‍ക്കാര്‍ ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കണമെന്ന് ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് (ബി.കെ.ആര്‍.ജി) പ്രസിഡന്റും പ്രമുഖ ആര്‍ക്കിടെക്റ്റുമായ എസ്. ഗോപകുമാര്‍ പറഞ്ഞു.

''ഉന്നതാധികാര സമിതിയില്‍ ഐ.എം.എ, ക്രെഡായ്, ബി.കെ.ആര്‍.ജി, ചേംബര്‍ ഓഫ് കൊമേഴ്‌സ്, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയെയും ഉള്‍പ്പെടുത്തണം. ഇവര്‍ സൗജന്യമായി വിദഗ്ദ്ധ സേവനം നല്‍കാന്‍ തയ്യാറാണ്. പ്രഗത്ഭരായ എന്‍ജിനിയറിംഗ്, ആരോഗ്യ, സാമ്പത്തിക, വാണിജ്യ വിദഗ്ദ്ധരുടെ സേവനം നേടാന്‍ ഇതുവഴി കഴിയും' അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it