'വിഷപ്പുക'യ്ക്ക് 100 കോടി പിഴ: ഒരു മാസത്തിനുള്ളില്‍ കൊച്ചി കോര്‍പ്പറേഷന്‍ തുകയടയ്ക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഈടാക്കിയിരിക്കുകയാണ് ഹരിതട്രൈബ്യൂണല്‍. വിധിയെ മാനിക്കുന്നുവെന്നും പ്രശ്‌നത്തെ ഗൗരവതരമായി കണ്ട് പ്രശ്‌നപരിഹാരത്തിനായി നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. ഹരിത ട്രൈബ്യൂണലിന്റെ വിധി മറ്റ് സംസ്ഥാനങ്ങള്‍ക്കു നേരത്തെ തന്നെ വന്നിട്ടുള്ളതാണെന്നും 28000 കോടി രൂപ വരെ സംസ്ഥാനങ്ങള്‍ക്ക് മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.

ഒരു മാസത്തിനുള്ളില്‍ പിഴയടയ്ക്കണം

കേരളത്തിന്റെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ മികവ് കൊണ്ടാണ് മുമ്പ് പിഴ ഈടാക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയിരുന്നത്. ഹരിത ട്രൈബ്യൂണല്‍ വിധിച്ചിരിക്കുന്ന പിഴ ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ 100 കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് ഉത്തരവ്.

ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സാമ്പത്തിക ശേഷി ഇല്ല

ട്രിബ്യൂണല്‍ ചുമത്തിയ പിഴ അടക്കാനുള്ള സാമ്പത്തിക ശേഷി കോര്‍പ്പറേഷനില്ലെന്നും എന്‍ജിടി പിഴയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു. നഗരസഭയുടെ വിശദമായ വാദം ട്രിബ്യൂണല്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതുള്‍പ്പെടെ എന്‍ജിടി നല്‍കുന്ന നിര്‍ദേശങ്ങള്‍ കോര്‍പ്പറേഷന്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രഹ്‌മപുരം

സംസ്ഥാനത്ത് ഇതുവരെ സംഭവിച്ചിട്ടുള്ള മാലിന്യസംസ്‌കരണ ശാലകളിലെ തീപിടുത്തങ്ങളില്‍ ഏറ്റവും വലുതായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനുണ്ടായത്. പിറ്റേ ദിവസത്തോടെ ബ്രഹ്‌മപുരത്തെ പുക കൊച്ചി മുഴുവന്‍ പടര്‍ന്നു പിടിച്ചിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ അഗ്നിശമന സേനാ ദൗത്യമായിരുന്നു ബ്രഹ്‌മപുരത്തേത്.

1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it