Begin typing your search above and press return to search.
ബ്രഹ്‌മപുരത്തെ ഹീറോകള്‍ക്ക് നാടിന്റെ സ്‌നേഹാദരം
മാര്‍ച്ച് രണ്ട് മുതല്‍ 12 ദിവസക്കാലം കൊച്ചിയെയും കേരളത്തെയാകെയും മുള്‍മുനയില്‍ നിറുത്തിയ 'ബ്രഹ്‌മപുരം തീയും വിഷപ്പുകയും' കൂടുതല്‍ ആശങ്കയ്ക്ക് വഴിയൊരുക്കാതെ സമയബന്ധിതമായും മികവോടെയും കെടുത്തിയ 'ഹീറോ'കള്‍ക്ക് കൊച്ചിയൊരുക്കിയ സ്‌നേഹാദരച്ചടങ്ങ് വികാരനിര്‍ഭര രംഗങ്ങള്‍ക്ക് വേദിയായി.
ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പും (ബി.കെ.ആര്‍.ജി) റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററും (ആര്‍.എസ്.സി) ചേര്‍ന്ന് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടേക്കാമെന്ന വെല്ലുവിളി വകവയ്ക്കാതെ ബ്രഹ്‌മപുരത്തെ തീ കെടുത്താന്‍ 12 നാള്‍ രാവും പകലും ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍, ഹോംഗാര്‍ഡുമാര്‍ എന്നിവരെയാണ് ആദരിച്ചത്.
കുഞ്ഞുഹൃദയങ്ങളുടെ സ്‌നേഹസമ്മാനം
ചടങ്ങില്‍ 'ചില്‍ഡ്രന്‍ ഓഫ് കൊച്ചി' കൂട്ടായ്മയിലെ കുട്ടികള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, ഹോംഗാര്‍ഡുമാര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് സ്‌നേഹസമ്മാനമായി ചുവന്ന റോസാപ്പൂക്കള്‍ നല്‍കി. ''നിങ്ങളാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഹീറോ. മാലിന്യനിര്‍മ്മാര്‍ജനം ഉത്തരവാദിത്വത്തോടെ നിറവേറ്റി പ്രകൃതിയെ സംരക്ഷിക്കാന്‍ ഞങ്ങളോരോരുത്തരും ശ്രദ്ധിക്കും''-കുട്ടികള്‍ പറഞ്ഞു.
ഇനിയുള്ള കാലം നിങ്ങളോട് കടപ്പെട്ടിരിക്കും
കുട്ടികള്‍ സമ്മാനിച്ചത് വെറും ചുവന്ന റോസാപ്പൂവല്ല, അവരുടെ ഹൃദയം തന്നെയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ''ഞങ്ങള്‍ വീട്ടില്‍ കതകടച്ചിരുന്ന്, കൊച്ചി ഒരു ഗ്യാസ് ചേംബറാണെന്ന് പരിതപിച്ചപ്പോള്‍ നിങ്ങള്‍ (ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍) ബ്രഹ്‌മപുരത്ത് യഥാര്‍ത്ഥ യുദ്ധമുഖത്തായിരുന്നു.
ഈ മാലിന്യക്കൂമ്പാരത്തിന് ഞാന്‍ ഉള്‍പ്പെടെ ഉത്തരവാദിയാണ്. വലിയൊരു ദുരന്തത്തില്‍ നിന്നാണ് നിങ്ങള്‍ ഞങ്ങളെ രക്ഷിച്ചത്. ഇനിയുള്ള ജീവിതത്തിലുടനീളം ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടവരായിരിക്കും. ഞാന്‍ ഇതിന് മുമ്പ് നിരവധി വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇതുവരെയില്ലാത്ത അഭിമാനമാണ്.
നിങ്ങള്‍ ചെയ്ത ജോലിയുടെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ പലരും വന്നേക്കാം. പലരും പല പഴികളും പറഞ്ഞേക്കാം. നിങ്ങള്‍ തളരാതെ മുന്നോട്ട് തന്നെ പോകണം'', അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം ദൗത്യത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെയും വോളിന്റിയര്‍മാരുടെയും അടുത്തെത്തി അഭിനന്ദിച്ചശേഷമാണ് അദ്ദേഹം വേദിയിലേക്ക് പ്രവേശിച്ചത്.
നേട്ടമായത് കഠിന പരിശീലനം
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന കഠിനവും മികച്ചതുമായ സാങ്കേതിക പരിശീലനമാണ് ഏത് ദുരന്തത്തെയും സുധൈര്യം നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതും ആത്മവിശ്വാസം നല്‍കുന്നതുമെന്ന് വിശിഷ്ടാതിഥിയായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ ഡോ.ബി. സന്ധ്യ പറഞ്ഞു.
ബ്രഹ്‌മപുരം ദൗത്യത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കും വോളന്റിയര്‍മാര്‍ക്കും അടുത്ത ഒരുവര്‍ഷക്കാലം ഓരോമാസവും ആരോഗ്യ പരിശോധന നടത്തുമെന്നും അവര്‍ പറഞ്ഞു.
തീ അണയ്ക്കുക, അല്ലെങ്കില്‍ മരിക്കുക
ചടങ്ങില്‍ സംസാരിക്കുകയും പങ്കെടുക്കുകയും ചെയ്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും വോളന്റിയര്‍മാരും ഹോം ഗാര്‍ഡുമാരുമെല്ലാം നിറഞ്ഞ സന്തോഷത്തിലായിരുന്നു. വാക്കുകള്‍ വികാരനിര്‍ഭരമായി.
കേരളത്തില്‍ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യമാണ് മാതൃകാപരമായി പൂര്‍ത്തിയാക്കിയതെന്ന് റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത് കുമാര്‍ പറഞ്ഞു. ഇത്രയും പേര്‍ ഒരുമിച്ച് പങ്കെടുത്ത ദൗത്യവും വേറെ കാണില്ല.
''ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വലിയ തീയാണ് ബ്രഹ്‌മപുരത്ത് കണ്ടത്. ജനങ്ങളാകെ പരിഭ്രാന്തരാണെന്നും തീയും പുകയും അതിവേഗം അണയ്‌ക്കേണ്ടത് അനിവാര്യമാണെന്നും ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. മാദ്ധ്യമങ്ങളും മറ്റും ഉയര്‍ത്തിയ സമ്മര്‍ദ്ദവുമുണ്ടായിരുന്നു. 'ഡൂ ഓര്‍ ഡൈ' എന്നതുപോലെ തീ അണയ്ക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന സാഹചര്യമായിരുന്നു'', അദ്ദേഹം പറഞ്ഞു.
സതീശന് അഭിനന്ദനപ്രവാഹം
ബ്രഹ്‌മപുരത്തെ യഥാര്‍ത്ഥ ഹീറോ എന്ന വിശേഷണത്തോടെ ചടങ്ങില്‍ ഏവരുടെയും നിറഞ്ഞ കൈയടിയും അഭിനന്ദനവും ഏറ്റുവാങ്ങിയത് തൃക്കാക്കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍. സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ദൗത്യം അതിവേഗം മാതൃകാപരമായി പൂര്‍ത്തിയാക്കിയത്. 12 ദിവസവും മറ്റെങ്ങുംപോകാതെ ബ്രഹ്‌മപുരത്ത് തന്നെ നിലയുറപ്പിച്ച് അദ്ദേഹം നേതൃത്വം നല്‍കുകയായിരുന്നു.
''എന്റെ സ്റ്റേഷന് കീഴിലാണ് ബ്രഹ്‌മപുരം. തീ അണയ്‌ക്കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു, കടമയായിരുന്നു. അത് നിറവേറ്റാന്‍ കഴിഞ്ഞു. ഇനിയും കടമ ആത്മസമര്‍പ്പണത്തോടെ നിര്‍വഹിക്കും.
ഈ വിജയത്തിന് നിമിത്തമായതില്‍ അഭിമാനമുണ്ട്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹമാണിത്. ഇത് എല്ലാവരുടെയും വിജയമാണ്'', അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍, എഡ്‌റാക്ക് പ്രസിഡന്റ് രംഗദാസ പ്രഭു, ബി.കെ.ആര്‍.ജി പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് എസ്. ഗോപകുമാര്‍, ആര്‍.എസ്.സി സെക്രട്ടറിയും ബി.കെ.ആര്‍.ജി വൈസ് പ്രസിഡന്റുമായ അഡ്വ.എസ്.എ.എസ് നവാസ്, ബി.കെ.ആര്‍.ജി സെക്രട്ടറി ഷേര്‍ളി ചാക്കോ എന്നിവര്‍ സംസാരിച്ചു.
മിഷന്‍ സേവ് ബ്രെത്ത്
മാര്‍ച്ച് രണ്ടിന് വൈകിട്ട് നാലോടെയാണ് ബ്രഹ്‌മപുരത്ത് മാലിന്യമലയ്ക്ക് തീപിടിച്ചെന്ന ഫോണ്‍ സന്ദേശം തൃക്കാക്കര ഫയര്‍ സ്റ്റേഷനില്‍ ലഭിക്കുന്നത്. ബ്രഹ്‌മപുരത്ത് തീപിടിത്തം ഒരു പുതിയ സംഭവമല്ലാത്തതിനാല്‍ തൃക്കാക്കര ഫയര്‍ ഓഫീസര്‍ കെ.എന്‍. സതീശന്റെ നേതൃത്വത്തില്‍ ഏതാനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്തെത്തിയത്.
എന്നാല്‍, ബ്രഹ്‌മപുരത്തെത്തി നിമിഷങ്ങള്‍ക്കകം തന്നെ കെ.എന്‍. സതീശന് അപകടം മണത്തു. 100ഓളം ഏക്കര്‍ വിസ്തൃതിയിലുള്ളതും 30-32 അടി ഉയരവുമുള്ളതുമായ മാലിന്യമലയുടെ നാല് പാടുനിന്നും തീ ആളിപ്പടര്‍ന്ന് കത്തുകയാണ്. തീയുടെ ചൂട് സുനാമിത്തിര കണക്കേ ആഞ്ഞടിക്കുന്നു.
റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത് കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍ എന്നിവരെ അദ്ദേഹം കാര്യം ധരിപ്പിച്ചു. ഇരുവരും ഉടന്‍ സ്ഥലത്തെത്തി. അപ്പോഴേക്കും യുദ്ധമുഖത്തെ ധീരനായകനായി കെ.എന്‍. സതീശന്‍ ദൗത്യം ആരംഭിച്ചിരുന്നു.
'മിഷന്‍ സേവ് ബ്രെത്ത്' എന്ന പേരില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പോരാട്ടമാരംഭിച്ചു. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലെന്ന പോരായ്മ തുടക്കത്തിലേ നിഴലിച്ചു. ശുദ്ധവായു കിട്ടാനില്ലാത്ത അവസ്ഥ. റോഡില്ല, വഴിയില്ല. ഹിറ്റാച്ചികളില്ല. കുടിക്കാന്‍ വെള്ളമില്ല.
പിന്നീട് സംസ്ഥാനത്തെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥരും ഫയര്‍ ടെന്‍ഡറുകളുമെത്തി. 500ഓളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും അതിലേറെ വോളന്റിയര്‍മാരും ദൗത്യത്തിന്റെ ഭാഗമായി. നിരവധി ഹിറ്റാച്ചികളും പങ്കുചേര്‍ന്നു.
ദൗത്യത്തിനിടെ പലര്‍ക്കും ശ്വാസംമുട്ടലുള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങളുമായി. ചിലര്‍ മരണത്തെ മുഖാമുഖം കണ്ട് ചെളിക്കൂമ്പാരത്തില്‍ താഴ്ന്ന്, ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ടു. ഭക്ഷണവും വിശ്രമവുമെല്ലാം മാലിന്യത്തില്‍ ചവിട്ടിനിന്നുതന്നെയായിരുന്നു. എങ്കിലും അവസാനത്തെ തീക്കനലും അണച്ചശേഷമേ മടങ്ങൂ എന്ന എന്ന് പ്രതിജ്ഞാബദ്ധരായിരുന്നു സേനാംഗങ്ങള്‍. ദൗത്യം അവര്‍ മികവോടെ പൂര്‍ത്തിയാക്കിയതോടെ അഭിനന്ദനവര്‍ഷം നിറഞ്ഞുപെയ്തു.
Next Story
Videos