ടി20 വേള്‍ഡ് കപ്പിലെ പ്രകടനം; കോഹ്‌ലിക്ക് മാത്രമല്ല, നേട്ടം ബ്രാന്‍ഡുകള്‍ക്കും

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വിരാട് കോഹ്‌ലി (Virat Kohli) പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് അരാധകര്‍ അങ്ങനെയൊന്നും മറക്കില്ല. മൂന്‍ ക്യാപ്റ്റന്റെ അപരാജിത ഇന്നിംഗ്‌സ് (53 ബോളില്‍ 82 റണ്‍സ്) വീരാട് കോഹ്‌ലി എന്ന ബ്രാന്‍ഡിനെ (Brand Kohli ഊട്ടി ഉറപ്പിക്കുകയാണ് ചെയ്തത്. പാക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം കോഹ്‌ലിയുടെ One8 ബ്രാന്‍ഡിന്റെ വില്‍പ്പന ഉയര്‍ന്നത് 15 ശതമാനം ആണ്. പരസ്യങ്ങളില്‍ കോഹ്‌ലിയുടെ മുഖമുള്ള ബ്രാന്‍ഡുകള്‍ക്കെല്ലാം നേട്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.

ലോകകപ്പ് അവസാനിക്കുന്നതോടെ കൂടുതല്‍ ബ്രാന്‍ഡുകള്‍ കോഹ്‌ലിക്കായി രംഗത്തെത്തിയേക്കും. എംആര്‍എഫ് (MRF), ഫയര്‍ ബോള്‍ട്ട് (Fire Bolt), വിവോ (Vivo) , ഡിജിറ്റ് ഇന്‍ഷുറന്‍സ് (Digit Insurance) തുടങ്ങി 40ല്‍ അധികം ബ്രാന്‍ഡുകളുമായി കോഹ്‌ലി സഹകരിക്കുന്നുണ്ട്. അംബാസിഡറായിട്ടുള്ള ഏതാനും ബ്രാന്‍ഡുകളില്‍ കോഹ്‌ലിയും ഭാര്യ അനുഷ്‌കാ ശര്‍മ്മയും നിക്ഷേപവും ഉണ്ട്. 2021ല്‍ കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 237.7ല്‍ നിന്ന് 185.7 മില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. എന്നിട്ടും രാജ്യത്തെ ഏറ്റവും മൂല്യമുള്ള സെലിബ്രറ്റികളുടെ പട്ടികയില്‍ കോഹ്‌ലിയുടെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നില്ല.

2021ല്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഉണ്ടായ കുറവ് ഈ ലോകകപ്പില്‍ കോഹ്‌ലി നികത്തുമെന്നാണ് വിലയിരുത്തല്‍. കോഹ്‌ലിക്ക് നിക്ഷേപമുള്ള Rage Coffeയുടെ സിഇഒ ഭാരത് സേതി പറയുന്നത് താരത്തിന്റെ ബ്രാന്‍ഡ് മൂല്യം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നാണ്. ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ചയ്ക്ക് കോഹ്‌ലി നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് പൂമ ഇന്ത്യ& സൗത്ത്ഈസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ഗാംഗുലിയും ചൂണ്ടിക്കാട്ടി.

നിലവില്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും ബ്രാന്‍ഡ് പ്രൊമോഷന്‍സിനുമായി ഒരുദിവസത്തേക്ക് 5-8 കോടി രൂപവരെയാണ് കോഹ്‌ലി ഈടാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 220 മില്യണ്‍ ആളുകളാണ് കോഹ്‌ലിയെ പിന്തുടരുന്നത്. ഇന്‍സ്റ്റ, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 320 മില്യണ്‍ കവിയും.

Related Articles

Next Story

Videos

Share it