ബി.എസ്.എന്‍.എല്ലാണ് താരം; 4ജി 15,000 ടവറുകളിലേക്ക്

ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഇപ്പോള്‍ താരം ബി.എസ്.എന്‍.എല്ലാണ്. ഈ വര്‍ഷം തന്നെ 4ജിയും അടുത്ത വര്‍ഷം 5ജി സര്‍വീസും ആരംഭിക്കുമെന്ന പ്രഖ്യാപനവും സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് കൂട്ടിയതോടെയുമാണ് ബി.എസ്.എന്‍.എല്ലിനെ ജനം വീണ്ടും ഏറ്റെടുത്തത്. അതിനിടെ രാജ്യത്തെ 15,000 ടവറുകളില്‍ 4ജി സര്‍വീസുകള്‍ തുടങ്ങിയതായി ബി.എസ്.എന്‍.എല്‍ അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടവറുകള്‍ രാജ്യം മുഴുവന്‍ തടസമില്ലാത്ത സേവനം നല്‍കുമെന്നും കമ്പനി അറിയിച്ചു. തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയിലാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഒരുക്കുന്നതെന്നും ശ്രദ്ധേയമാണ്.
4ജി എപ്പോള്‍ കിട്ടും
അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്ത് ഒരുലക്ഷം 4ജി ടവറുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിട്ടുണ്ട്. ഈ ടവറുകളില്‍ നിന്നാണ് 5ജി സേവനങ്ങളും നല്‍കുക. ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യവ്യാപകമായി 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
5ജി അടുത്ത വര്‍ഷം
5ജി സേവനങ്ങള്‍ കൂടി ഉപയോഗിക്കാന്‍ കഴിയുന്ന സിം കാര്‍ഡുകളാണ് നിലവില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഇത് 5ജി സേവനങ്ങള്‍ അധികം വൈകില്ലെന്ന സൂചനയാണ്. 5ജി സേവനങ്ങളുടെ പരീക്ഷണവും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ 5ജി സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് വിവരം. ബി.എസ്.എന്‍.എല്‍ 5ജി ഉപയോഗിച്ച്
ജ്യോതിരാദിത്യ
സിന്ധ്യ വീഡിയോ കോള്‍ വിളിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സിം കാര്‍ഡ് ഓണ്‍ലൈനായും വാങ്ങാം
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനക്ക് പിന്നാലെ ലക്ഷക്കണക്കിന് പേരാണ് ബി.എസ്.എന്‍.എല്‍ കണക്ഷനുകളിലേക്ക് മാറിയത്. ഇതോടെ ബി.എസ്.എന്‍.എല്‍ ഓഫീസുകളിലെത്തിയ പലര്‍ക്കും സിം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതിന് പരിഹാരമായി ബി.എസ്.എന്‍.എല്‍ അടക്കമുള്ള കമ്പനികളുടെ സിം കാര്‍ഡുകള്‍ ഓണ്‍ലൈനായി വീട്ടിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്ന് വിപണിയിലുണ്ട്.
പ്രൂണ്‍.കോ (prune.co) , 10 ഡിജി (10Digi) തുടങ്ങിയ സൈറ്റുകള്‍ വഴിയാണ് ഓണ്‍ലൈനായി സിം കാര്‍ഡ് വാങ്ങാന്‍ അവസരമുള്ളത്. ഓര്‍ഡര്‍ നല്‍കിയാല്‍ കമ്പനിയുടെ പ്രതിനിധി സിം കാര്‍ഡുമായി വീട്ടിലെത്തി ആക്ടിവേറ്റ് ചെയ്ത് നല്‍കുമെന്നും ഇവരുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലഭ്യമാകുന്ന ഈ വെബ്‌സൈറ്റുകളുടെ സേവനം അധികം വൈകാതെ രാജ്യവ്യാപകമാക്കുമെന്നാണ് വിവരം.

Related Articles

Next Story

Videos

Share it