അരലക്ഷം 4ജി ടവറുകള്‍ റെഡി! 5ജി സേവനങ്ങളും വൈകില്ല, ടാറ്റയുടെ കരുത്തില്‍ ജിയോയെ വെല്ലുവിളിച്ച് ബി.എസ്.എന്‍.എല്‍

രാജ്യത്താകെ 50,000 4ജി ടവറുകള്‍ ബി.എസ്.എന്‍.എല്‍ സ്ഥാപിച്ചതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. ഇതില്‍ 41,000 എണ്ണവും പ്രവര്‍ത്തനസജ്ജമാണ്. അടുത്ത വര്‍ഷം ജൂണിന് മുമ്പ് ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിച്ച് രാജ്യത്താകമാനം 4ജി സേവനങ്ങള്‍ നല്‍കാനാണ് ബി.എസ്.എന്‍.എല്ലിന്റെ പദ്ധതി. ഇതിന് ശേഷം ഒരു മാസത്തിനകം 5 ജി സേവനങ്ങളിലേക്കും മാറും. ഇതിനാവശ്യമായ 5ജി റേഡിയോ അക്‌സസ് നെറ്റ്‌വര്‍ക്ക്, വിവിധ ഫ്രീക്വന്‍സികളിലുള്ള കോര്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ പരീക്ഷണങ്ങള്‍ ഇതിനോടകം ബി.എസ്.എന്‍.എല്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. തദ്ദേശീയമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4ജി/5ജി സേവനങ്ങളൊരുക്കുന്നതെന്നും പ്രത്യേകതയാണ്.

ടാറ്റയുടെ പണി അതിവേഗം

ഒരുലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടി.സി.എസ്) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് 24,500 കോടി രൂപയുടെ കരാറാണ് നല്‍കിയിരിക്കുന്നത്. 13,000 കോടി രൂപയുടെ നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ ടി.സി.എസുമായി 13,000 കോടി രൂപയുടെ മറ്റൊരു കരാറുമുണ്ട്. 10 വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ അടക്കമാണ് ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും പ്രത്യേകതയാണ്. കേരളത്തിലടക്കം 4ജി ടവറുകള്‍ സ്ഥാപിക്കുന്ന പണി അതിവേഗത്തിലാണ് മുന്നേറുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ തുടക്കത്തില്‍ തന്നെ കേരളത്തില്‍ 1,000 4ജി ടവറുകള്‍ സ്ഥാപിച്ചിരുന്നു.

ബി.എസ്.എന്‍.എല്ലിന്റെ തിരിച്ചുവരവ്

കുറച്ച് കാലം മുമ്പ് വരെ നഷ്ടത്തിന്റെ കഥകള്‍ മാത്രം പറഞ്ഞിരുന്ന ബി.എസ്.എന്‍.എല്‍ കുറച്ച് മാസങ്ങളായി തിരിച്ചുവരവിന്റെ പാതയിലാണ്. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി സേവനങ്ങള്‍ നല്‍കിയപ്പോള്‍ പോലും ബി.എസ്.എന്‍.എല്ലിന് 4ജി സേവനങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ബി.എസ്.എന്‍.എല്‍ മാറ്റത്തിന്റെ പാതയിലേക്ക് നടന്നത്. സ്വകാര്യ ടെലികോം ഓപറേറ്റര്‍മാര്‍ നിരക്ക് കൂട്ടിയതോടെ നിരവധി പുതിയ ഉപയോക്താക്കളെ ലഭിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25,000 പുതിയ ടവറുകള്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയുടെ ഭാഗമാക്കി. 2025 പകുതിയോടെ ഒരു ലക്ഷം ടവറുകള്‍ പൂര്‍ത്തിയാക്കി 4 ജി സേവനങ്ങള്‍ തുടങ്ങുമെന്നാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്.

ഒരുലക്ഷം ടവറുകള്‍ മതിയാകില്ല

അതേസമയം, 4ജി സേവനങ്ങള്‍ സുഗമമായി ലഭിക്കുന്നതിന് രാജ്യത്ത് ഒരു ലക്ഷം ടവറുകള്‍ മതിയാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ നെറ്റ്‌വര്‍ക്ക് കവറേജ് ലഭിക്കുന്ന 700 മെഗാഹെര്‍ട്‌സിന്റെ നെറ്റ്‌വര്‍ക്ക് ബാന്‍ഡാണ് ബി.എസ്.എന്‍.എല്‍ നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പോലും രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സുഗമമായ 4ജി/5ജി സേവനങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ ടവറുകള്‍ ആവശ്യമാണെന്നും ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Related Articles
Next Story
Videos
Share it