വേഗത കൊള്ളാം, പക്ഷെ പണി കിട്ടുമോ? ബി.എസ്.എൻ.എൽ 4ജി സേവനം ഒക്ടോബറിൽ

രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും പരീക്ഷണം പൂർത്തിയാക്കി ബി.എസ്.എൻ.എൽ 4 ജി ഒക്ടോബറിൽ ജനങ്ങളിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ഇതുവരെയുള്ള പരീക്ഷണം വിജയകരമായിരുന്നു. ഇതിനോടകം 25,000 ത്തിലധികം ടവറുകൾ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്. ഒക്ടോബറോടെ ഇത് 32,000വും അടുത്തവർഷം മാർച്ചിൽ ഇത് ഒരു ലക്ഷവുമാകും. 4ജി സിം കാർഡുകളുടെ വിതരണവും രാജ്യത്ത് ആരംഭിച്ചിട്ടുണ്ടെന്നും ബി.എസ്.എൻ.എല്ലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യ ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വി ഐ എന്നിവർ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചില്ലെങ്കിലും പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ 2 ജി , 3 ജി നെറ്റ്‌വർക്കിൽ തുടർന്നത് നിരവധി ഉപയോക്താക്കളെ നഷ്ടമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.8 കോടി ഉപയോക്താക്കളെ നഷ്ടമായെന്നാണ് കണക്ക്. കമ്പനിയുടെ വിപണി വിഹിതം 7.46 ശതമാനമായി കുറയുകയും ചെയ്തു. എന്നാൽ പൊതു തിരഞ്ഞെടുപ്പിനു ശേഷം സ്വകാര്യ കമ്പനികൾ നിരക്ക് വർധിപ്പിച്ചത് ബി.എസ്.എൻ.എല്ലിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കി. ലക്ഷക്കണക്കിന് പേരാണ് സ്വകാര്യ കമ്പനികളെ ഉപേക്ഷിച്ച് ബി.എസ്.എൻ.എല്ലിലേക്ക് എത്തിയത്.

രക്ഷയ്ക്ക് ടാറ്റയും

നഷ്ടത്തിലായി അടച്ചുപൂട്ടലിന്റെ വക്കിലായ കമ്പനിയെ കൈപിടിച്ചുയർത്താൻ കേന്ദ്രസർക്കാർ രക്ഷാപാക്കേജ് പ്രഖ്യാപിച്ചതോടെയാണ് ബി.എസ്.എൻ.എല്ലിന്റെ നല്ല കാലം തുടങ്ങുന്നത്. കഴിഞ്ഞ മേയിൽ രാജ്യത്ത് 4ജി സേവനം തുടങ്ങാനായി ടാറ്റ ഗ്രൂപ്പ് അടങ്ങിയ കൺസോർഷ്യത്തിന് 15,000 കോടി രൂപയുടെ ഓർഡറും നൽകി. പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ 4 ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ചൂരൽ മലയിൽ ബി.എസ്.എൻ.എൽ യുദ്ധകാല അടിസ്ഥാനത്തിൽ 4ജി സേവനങ്ങൾ തുടങ്ങിയിരുന്നു.

വേഗത പണിയാകുമെന്ന് മുന്നറിയിപ്പ്

അതേസമയം ബി.എസ്‌.എൻ.എൽ 4ജി സേവനങ്ങളുടെ വേഗത വിനയാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട് . നിലവിൽ ബി.എസ്.എൻ.എൽ 2100 മുതൽ 700 മെഗാ ഹെർട്ട്സ് വരെയുള്ള നെറ്റ് വർക്ക് ബാൻഡാണ് 4ജി സേവനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഈ നെറ്റ്‌വർക്ക് ബാൻഡ് ഗുണമേന്മയുള്ള 4ജി സേവനങ്ങൾ നൽകുന്നതിന് അപര്യാപ്തമാണെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ഇത് ഉപയോക്താക്കളെ വീണ്ടും സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചെത്തിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു . കൂടുതൽ ടവറുകൾ സ്ഥാപിച്ച് ഈ പ്രതിസന്ധിയെ മറികടക്കാനാകുമെന്നാണ് ബി.എസ്.എൻ.എൽ കരുതുന്നത്. എന്നാൽ 5ജി സേവനങ്ങൾ തുടങ്ങുമ്പോൾ ഈ ബാൻഡ് വിഡ്ത്ത് ബി.എസ്.എൻ.എല്ലിന് ഗുണകരമാകുമെന്നും വിദഗ്ധർ പറയുന്നു.

Related Articles
Next Story
Videos
Share it