

ഒരുലക്ഷം 4ജി ടവറുകളുടെ നിര്‍മാണം ജൂണില്‍ പൂര്‍ത്തിയാകുന്നതോടെ 4ജിയില്‍ നിന്നും 5ജിയിലേക്കുള്ള ബി.എസ്.എന്‍.എല്ലിന്റെ മാറ്റം ആരംഭിക്കുമെന്ന് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ. നിര്‍മിക്കാനുദ്ദേശിച്ച ഒരുലക്ഷം ടവറുകളില്‍ 89,000 ഇതിനോടകം പൂര്‍ത്തിയായി. 72,000 എണ്ണം കമ്മിഷന്‍ ചെയ്ത് കഴിഞ്ഞു. ഇക്കൊല്ലം മേയ്-ജൂണ്‍ മാസത്തോടെ ഒരുലക്ഷം ടവറുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പിന്നാലെ 5ജി നെറ്റ്‌വര്‍ക്ക് സേവനം ആരംഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
5ജിയിലേക്ക് മാറുന്നതിന് ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡുകള്‍ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. ബി.എസ്.എന്‍.എല്‍ തദ്ദേശീയമായ വികസിപ്പിച്ച ടെലികോം സാങ്കേതിക വിദ്യ ലോകത്തിന് തന്നെ മാതൃകയാണ്. ചൈന, സൗത്ത് കൊറിയ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വന്തമായി 4ജി നെറ്റ്‌വര്‍ക്ക് വികസിപ്പിച്ച അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ടെലികോം രംഗത്തെ രാജ്യത്തിന്റെ കയറ്റുമതി സാധ്യതകളെയും ഇത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം രംഗത്തെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല മാതൃകയില്‍ ടെലികോം മാനുഫാക്ചറിംഗ് സോണുകള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിസന്ധിയിലായിരുന്ന ബി.എസ്.എന്‍.എല്ലിന് കഴിഞ്ഞ മാസം 6,982 കോടി രൂപയുടെ അധിക മൂലധനം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനായി 6,000 കോടി രൂപ അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 262 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. 17 വര്‍ഷത്തിനുശേഷമാണ് ബി.എസ്.എന്‍.എല്‍ ലാഭത്തിലേക്ക് ചുവടുവയ്ക്കുന്നതെന്നതാണ് ശ്രദ്ധേയം. 2007ലാണ് അവസാനം ലാഭം രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine