സോപ്പും ബ്രഷും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് ഉത്തരവ്, വിവാദമായി ബി.എസ്.എൻ.എൽ ഡയറക്ടറുടെ യാത്രാ പരിപാടി; ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി

പ്രയാഗ്‌രാജ് സംഗമത്തിൽ കുളിക്കുക, ബോട്ട് സവാരി, പ്രദേശത്തെ ക്ഷേത്രങ്ങളിലെ സന്ദർശനം തുടങ്ങിയവ അടങ്ങുന്നതായിരുന്നു ബൻസാലിന്റെ യാത്ര
BSNL director’s controversial travel directive
Image courtesy: Canva
Published on

പ്രയാഗ്‌രാജിലേക്കുളള ഔദ്യോഗിക യാത്രയുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശങ്ങള്‍ വിവാദമാകുന്നു. ചീപ്പുകൾ, എണ്ണ, അടിവസ്ത്രങ്ങൾ, ഷാംപൂ തുടങ്ങിയവ പ്രയാഗ്‌രാജ് യാത്രയുമായി ബന്ധപ്പെട്ട് ഒരുക്കണമെന്ന വിചിത്ര നിര്‍ദേശമാണ് ബി‌എസ്‌എൻ‌എൽ മുതിർന്ന ഡയറക്ടർ വിവേക് ​​ബൻസാൽ നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ നിര്‍ദേശങ്ങള്‍ വൈറലായതിനെ തുടര്‍ന്ന്, കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇതിനെ ശക്തമായി അപലപിച്ചു. നടപടി അസംബന്ധവും ഞെട്ടിക്കുന്നതുമാണെന്നും സിന്ധ്യ പറഞ്ഞു.

വിചിത്ര നിര്‍ദേശങ്ങള്‍

ഏകദേശം 50 ഓളം ഉദ്യോഗസ്ഥർക്കായി 20 ഓളം ജോലികളാണ് നിര്‍ദേശത്തില്‍ വിഭജിച്ചു നൽകിയിരുന്നത്. ടവൽ, അടിവസ്ത്രം, സ്ലിപ്പറുകൾ, ചീപ്പ്, കണ്ണാടി, ഷേവിംഗ് കിറ്റ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, എണ്ണക്കുപ്പി തുടങ്ങിയവ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ കണ്ണാടി, സോപ്പ്, ഷാംപൂ എന്നിവയുൾപ്പെടെ ആറ് പുരുഷ കിറ്റുകളും രണ്ട് സ്ത്രീ കിറ്റുകളും ക്രമീകരിക്കണമെന്നും ഓഫീസ് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. പ്രയാഗ്‌രാജ് സംഗമത്തിൽ കുളിക്കുക, ബോട്ട് സവാരി, പ്രദേശത്തെ ക്ഷേത്രങ്ങളിലെ സന്ദർശനം തുടങ്ങിയവ അടങ്ങുന്നതായിരുന്നു ബൻസാലിന്റെ യാത്ര.

ടെലികോം നെറ്റ്‌വർക്ക് രംഗത്ത് 34 വർഷത്തിലേറെ പരിചയമുളള ബന്‍സാല്‍ ബി‌എസ്‌എൻ‌എല്‍ ഡയറക്ടർ - കൺസ്യൂമർ ഫിക്സഡ് ആക്‌സസ് (സി‌എഫ്‌എ) ചുമതലയാണ് വഹിക്കുന്നത്. ഇലക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും എം‌ബി‌എയും നേടിയിട്ടുളള ബന്‍സാല്‍ 1987 ബാച്ച് ടെലികമ്മ്യൂണിക്കേഷൻ ഓഫീസറായാണ് സര്‍വീസില്‍ പ്രവേശിച്ചത്.

ഫെബ്രുവരി 25 മുതൽ 26 വരെയായിരുന്നു ബൻസാലിന്റെ പ്രയാഗ്‌രാജ് യാത്ര നിശ്ചിയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധത്തെ തുടർന്ന് യാത്ര റദ്ദാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ അധികൃതര്‍ ബന്‍സാലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഏഴ് ദിവസത്തിനുളളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

BSNL director’s controversial travel directive asking staff to arrange personal items sparks backlash, draws sharp response from Union Minister.

Related Stories

No stories found.
logo
DhanamOnline
dhanamonline.com