നിരക്ക് കൂട്ടിയപ്പോള്‍ പണി കിട്ടിയത് എയര്‍ടെല്ലിനും ജിയോക്കും! ബി.എസ്.എന്‍.എല്ലിന് 2 മാസത്തില്‍ 54.64 ലക്ഷം പുതിയ വരിക്കാര്‍

താരിഫ് വര്‍ധനയ്ക്ക് ശേഷം രാജ്യത്തെ മൂന്ന് ടെലികോം കമ്പനികള്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായെന്ന് റിപ്പോർട്ട് റിപ്പോര്‍ട്ട്. ഇതേകാലയളവില്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണവും ലാഭവും വര്‍ധിപ്പിച്ചതായി കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. താരിഫ് വര്‍ധനയ്ക്ക് ശേഷമുള്ള ആദ്യരണ്ട് മാസങ്ങളില്‍ (ജൂലൈ, ഓഗസ്റ്റ്) ബി.എസ്.എന്‍.എല്ലിലേക്ക് 54.64 ലക്ഷം പുതിയ വരിക്കാരെത്തി. 4ജി സേവനം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് നേരിട്ട ബി.എസ്.എന്‍.എല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്.

കേരളത്തിലും മുന്നേറ്റം

ജൂലൈ ആദ്യവാരം താരിഫ് വര്‍ധന നടപ്പിലാക്കിയ ശേഷം കേരളത്തിലും ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി.ഐ) എന്നിവര്‍ക്ക് വരിക്കാരെ നഷ്ടപ്പെട്ടു. എന്നാല്‍ ബി.എസ്.എന്‍.എല്ലിന് 91,444 വരിക്കാരെ പുതുതായി ലഭിച്ചു. ജിയോയ്ക്ക് 1.73 ലക്ഷം വരിക്കാരെയാണ് കേരളത്തില്‍ നഷ്ടമായത്. രാജ്യത്താകെ 47.77 ലക്ഷം വരിക്കാരെ ജിയോയ്ക്ക് നഷ്ടമായി. എയര്‍ടെല്ലിന് 41.03 ലക്ഷവും വി.ഐയ്ക്ക് 32.88 ലക്ഷവും വരിക്കാരെ രാജ്യത്ത് നഷ്ടമായി.

കേന്ദ്രത്തിന്റെ 89,047 കോടി സഹായം തുണയായി

കഴിഞ്ഞ വര്‍ഷം ജൂണില്‍ കടത്തില്‍ മുങ്ങിയ ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 89,047 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.എസ്.എന്‍.എല്‍ അടുത്ത് തന്നെ രാജ്യത്താകെ 4ജി, 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോഴും ബി.എസ്.എന്‍.എല്ലിന് പൂര്‍ണമായും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയാന്‍ ആയിട്ടില്ലെങ്കിലും നികുതിയ്ക്ക് മുമ്പുള്ള ലാഭം (EBITDA) പോസിറ്റിവായത് ശുഭസൂചകമാണെന്ന് സിന്ധ്യ പറഞ്ഞു.

മാര്‍ക്കറ്റിലെ കിംഗ് ജിയോ തന്നെ

അതേസമയം, ടെലികോം വിപണിയില്‍ ഇപ്പോഴും ജിയോയുടെ ആധിപത്യം തുടരുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് 40.5 ശതമാനം വിപണി വിഹിതമാണ് ജിയോക്കുള്ളത്. എയര്‍ടെല്ലിന് 33 ശതമാനവും വി.ഐക്ക് 18 ശതമാനവും ബി.എസ്.എന്‍.എല്ലിന് 8 ശതമാനവും വിപണി വിഹിതമുണ്ടെന്നും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നു. വരിക്കാരില്‍ നിന്നും ടെലികോം കമ്പനികളുടെ വരുമാനം കണക്കാക്കുന്ന ആവറേജ് റവന്യൂ പെര്‍ യൂസറില്‍ (എ.ആര്‍.പി.യു) എയര്‍ടെല്ലാണ് മുന്നില്‍ നില്‍ക്കുന്നത്. 211 രൂപയാണ് എയര്‍ടെല്ലിന്റെ എ.ആര്‍.പി.യു. ജിയോയുടെ 195 രൂപയും വി.ഐയുടേത് 146 രൂപയും ബി.എസ്.എന്‍.എല്ലിന്റേത് 100 രൂപയുമാണെന്നും കണക്കുകള്‍ പറയുന്നു. മറ്റ് ടെലികോം ഓപറേറ്റര്‍മാരേക്കാള്‍ കുറഞ്ഞ നിരക്കാണ് ബി.എസ്.എന്‍.എല്‍ ഈടാക്കുന്നതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Related Articles
Next Story
Videos
Share it