കിടിലന്‍ പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എന്‍.എല്‍; 229 രൂപ മാത്രം

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്.എം.എസ്/ദിവസം, 2 ജി.ബി പ്രതിദിന ഡാറ്റ എന്നിവയാണ് പ്ലാനിന്റെ പ്രത്യേകതകള്‍. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാര്‍ ഇതേ പ്ലാനിന് 300 രൂപയിലധികമാണ് ഈടാക്കുന്നത്. 24 ദിവസത്തെയും 28 ദിവസത്തെയും പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്ത് മടുത്ത ഉപയോക്താക്കള്‍ക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താവുന്നതാണ്.
ഗെയിമുകളിലേക്കുളള ആക്സസ് വാഗ്ദാനം ചെയ്യുന്നു
ഉപയോക്താക്കൾക്ക് ഗെയിമുകളിലേക്ക് ആക്സസ് ലഭിക്കുന്നു എന്നതാണ് പ്ലാനിന്റെ മറ്റൊരു ആകര്‍ഷണം. ഉപയോക്താക്കൾക്ക് പരസ്യരഹിത അൺലിമിറ്റഡ് ഗെയിമുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡുമായിയാണ് കമ്പനി സഹകരിക്കുന്നത്. പ്രോഗ്രസീവ് വെബ് ആപ്പിൽ (PWA) ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനമാണ് ഉപയോക്താക്കൾക്കായി നല്‍കുന്നത്.
എത് തീയതിയിലാണോ റീചാര്‍ജ് ചെയ്യുന്നത് തൊട്ടടുത്ത മാസം അതേ തീയതി വരെയാണ് പ്ലാനിന് വാലിഡിറ്റിയുളളത്. അതായത് ഓഗസ്റ്റ് 2 നാണ് ഉപയോക്താവ് റീചാര്‍ജ് ചെയ്യുന്നത് എങ്കില്‍ സെപ്റ്റംബര്‍ 2 വരെ പ്ലാനിന് വാലിഡിറ്റി ഉണ്ടായിരിക്കും. ഓരോ മാസവും സ്ഥിരം ഒരു തീയതിയില്‍ തന്നെ റീചാര്‍ജ് ചെയ്യാം എന്ന സൗകര്യവും ഒരുക്കിയിരിക്കുന്നു. സെക്കന്‍ഡറി സിം ഉപയോഗിക്കുന്നവര്‍ക്കും ഫീച്ചര്‍ ഫോണുകളിലെ കണക്ഷനുകള്‍ക്കും വളരെ ലാഭകരമായ പ്ലാനാണ് ഇത്. മാസവും റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഏറെ ലാഭകരമായ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.
പോരായ്മകള്‍
പ്രതിദിനം 2 ജിബി ഡാറ്റ മാത്രമാണ് പ്ലാനില്‍ നല്‍കുക എന്നത് ഒരു പരിമിതിയായി കാണാവുന്നതാണ്. ദിവസവുമുളള ഡാറ്റാ പരിധിക്ക് ശേഷം ഇന്റർനെറ്റ് വേഗത 80 കെ.ബി.പി.എസ് ആയി മാറുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോഴും ഭൂരിഭാഗ പ്രദേശങ്ങളിലും 3ജി സേവനം മാത്രമാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും റേഞ്ച് ലഭിക്കുന്നു എന്നത് ബി.എസ്.എന്‍.എലിനെ കോളുകള്‍ ചെയ്യാന്‍ കൂടുതലായി ആശ്രയിക്കാന്‍ സഹായിക്കും. 4ജി നെറ്റ് വര്‍ക്ക് അധികം വൈകാതെ ലഭ്യമാക്കാനുളള ശ്രമത്തിലാണ് കമ്പനി.
സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ കൂട്ടിയത് രണ്ടോ അതിലധികമോ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ചെലവ് വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ചെലവ് കുറയ്ക്കാനുള്ള മാര്‍ഗമാണ് ബി.എസ്.എന്‍.എല്‍ പ്ലാനുകള്‍ സ്വീകരിക്കുക എന്നത്.
Related Articles
Next Story
Videos
Share it