ദേശീയതലത്തില്‍ കുറയുമ്പോഴും കേരളത്തില്‍ വരിക്കാരെ കൂട്ടി ബി.എസ്.എന്‍.എല്‍

മലയാളികള്‍ക്ക് ഇപ്പോഴും ബി.എസ്.എന്‍.എല്ലിനോട് നല്ല പ്രിയം. ദേശീയതലത്തില്‍ ബി.എസ്.എന്‍.എല്ലിന് വരിക്കാര്‍ വന്‍തോതില്‍ കുറയുമ്പോഴും ഇതിന് കടകവിരുദ്ധമായി കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട ജൂലൈയിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണം വര്‍ധിച്ചു. ജൂണിലെ 97.29 ലക്ഷത്തില്‍ നിന്ന് ജൂലൈയില്‍ 97.37 ലക്ഷം പേരായാണ് കേരളത്തില്‍ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണം കൂടിയത്.

രാജ്യത്തെ മൊത്തം 9.8 കോടി വരിക്കാരുള്ള ബി.എസ്.എന്‍.എല്ലിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത് കേരളത്തിലാണെന്നും ട്രായിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ദേശീയതലത്തില്‍ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവാണുണ്ടായത്. 14.1 ലക്ഷം പേരാണ് രാജ്യത്ത് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിട്ടുപോയത്.

വരിക്കാര്‍ കുറഞ്ഞ് വോഡഫോണ്‍ ഐഡിയ

കേരളത്തില്‍ നിലവില്‍ കൂടുതല്‍ വരിക്കാര്‍ വോഡഫോണ്‍ ഐഡിയക്കാണെങ്കിലും (വി.ഐ) ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ വരിക്കാരുടെ എണ്ണം കുറഞ്ഞു. 1.42 കോടിയില്‍ നിന്ന് ജൂലൈയില്‍ 1.41 കോടി വരിക്കാരായി കുറഞ്ഞു. 53,454 വരിക്കാരെയാണ് ജൂലൈയില്‍ വി.ഐക്ക് നഷ്ടപ്പെട്ടത്. 1.03 കോടി വരിക്കാരുമായി റിലയന്‍സ് ജിയോയാണ് കേരളത്തില്‍ രണ്ടാം സ്ഥാനത്ത്. 88,181 പുതിയ വരിക്കാരെ ജിയോ നേടി. ഭാരതി എയര്‍ടെല്ലിന് സംസ്ഥാനത്ത് 81.5 ലക്ഷം വരിക്കാരുണ്ട്. സംസ്ഥാനത്ത് ഭാരതി എയര്‍ടെല്ലിന്റെ പുതിയ വരിക്കാരുടെ എണ്ണം 65,218 ആണ്.

Source: TRAI

കേരളത്തിലെ മൊത്തം മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണം 4.23 കോടിയായി. 1.08 ലക്ഷം കണക്ഷനുകളാണ് പുതിയതായി കൂട്ടിച്ചേര്‍ത്തതെന്ന് ട്രായിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെലിഫോണ്‍ സാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഡല്‍ഹിയാണ് ഒന്നാമത്. 2023 ജൂലൈ 31 വരെ സ്വകാര്യ ടെലികോം കമ്പനികളുടെ കൈവശം 91.26% വിപണി വിഹിതമാണുള്ളത്. അതേസമയം ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നീ പൊതുമേഖലാ ടെലികോം കമ്പനികള്‍ക്ക് 8.74% മാത്രമാണ് വിപണി വിഹിതമുള്ളത്.

Related Articles
Next Story
Videos
Share it