മത്സരയോട്ടത്തിൽ പിന്നെയും കിതച്ച് ബി.എസ്.എൻ.എൽ, രക്ഷയില്ലാതെ വീണ്ടും പിരിച്ചുവിടൽ, ഇത്തവണ വി.ആർ.എസ് 20,000 പേർക്ക്

ഒരിക്കൽക്കൂടി സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് 20,000ഓളം ജീവനക്കാരെ ഒഴിവാക്കാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) തിരക്കിട്ട നീക്കത്തിൽ. ബി.എസ്.എൻ.എൽ ജീവനക്കാരിൽ മൂന്നിലൊന്നു പേരെ പിരിച്ചു വിടാനാണ് ഒരുങ്ങുന്നത്. ഇതിന് ധനമന്ത്രാലയത്തിന്റെ അനുമതി തേടി.
ബി.എസ്.എൻ.എല്ലിന്റെ പ്രവർത്തനം വിപുലപ്പെടുത്തി സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാനും പിടിച്ചു നിൽക്കാനുമുള്ള ശ്രമം ഒരു വശത്ത് നടക്കുമ്പോൾ തന്നെയാണ് രണ്ടാം ഘട്ട വി.ആർ.എസിന് വേണ്ടിയുള്ള നീക്കം. ശമ്പളാനുകൂല്യങ്ങൾക്കായി മൊത്തവരുമാനത്തിന്റെ 35 ശതമാനത്തോളം നീക്കി വെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. വി.ആർ.എസ് നടപ്പാക്കിയാൽ പ്രതിവർഷം 5,000 കോടിയോളം രൂപ ലാഭിക്കാമെന്നാണ് വാദം. ഇപ്പോൾ ഈയിനത്തിൽ ആകെ വേണ്ടത് 7,500 കോടിയാണ്.
ധനമന്ത്രാലയത്തിൽ നിന്ന് 15,000 കോടി രൂപ കിട്ടിയിട്ടു വേണം വി.ആർ.എസ് നടപ്പാക്കാൻ. ജീവനക്കാരുടെ എണ്ണം കുറക്കുന്നത് കടബാധ്യത കുറച്ച് പ്രവർത്തന മേന്മയിൽ കേന്ദ്രീകരിക്കാൻ സ്ഥാപനത്തെ സഹായിക്കുമെന്നാണ് ധനമന്ത്രാലയ​ത്തെ അറിയിച്ചിട്ടുള്ളത്.

ആദ്യ വി.ആർ.എസ് സ്വീകരിച്ചത് 40,000 പേർ

ഒന്നാം വി.ആർ.എസിൽ 40,000ൽപരം ​ജീവനക്കാരാണ് കമ്പനി മുന്നോട്ടുവെച്ച വാഗ്ദാനം അംഗീകരിച്ച് വിടവാങ്ങിയത്. 7,000 കോടിയോളം രൂപ ചെലവായി. എന്നാൽ അതുകൊണ്ട് കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെട്ടില്ല. 3ജി, 4ജി സേവനങ്ങൾ ഉദ്ദേശിച്ച വിധം നടപ്പാക്കാൻ കഴിയാതെ പോയതോടെ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കലശലാവുകയും ചെയ്തു.
Related Articles
Next Story
Videos
Share it