

ബി.എസ്.എൻ.എൽ ഉടൻ 5ജി സേവനങ്ങൾ പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഭോപ്പാലിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ പതിനൊന്നാമത് കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
2025 മാർച്ചിൽ രാജ്യവ്യാപകമായി 4ജി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. ഇതിനു ശേഷം 6 മുതൽ 8 മാസങ്ങൾക്കുള്ളിൽ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി. 2025 അവസാനത്തോടെ 25 ശതമാനം മൊബൈല്‍ വരിക്കാരുടെ വിപണി വിഹിതം സ്വന്തമാക്കുക എന്ന കര്‍മ പരിപാടിയുമായാണ് ബിഎസ്എൻഎല്‍ മുന്നോട്ടു പോകുന്നത്.
കാർഡ് റീപ്ലേസ്‌മെന്റുകളിലൂടെയും സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളിലൂടെയും നിലവിലുള്ള 4ജി സൈറ്റുകൾ 5ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. ബി.എസ്.എൻ.എല്ലിന്റെ നിലവിലെ 4ജി സാങ്കേതികവിദ്യ, അതിന്റെ നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതും 5ജി നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നതുമാണ്. കമ്പനിയുടെ ക്ലൗഡ് അധിഷ്‌ഠിത ആർക്കിടെക്‌ചർ വിവിധ ഹാർഡ്‌വെയർ കോൺഫിഗറേഷനുകളുമായി പൊരുത്തപ്പെടുന്നതാണ്. ഇത് 5ജി യിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നു.
2024 ഒക്‌ടോബർ അവസാനത്തോടെ 4ജി ടവറുകളുടെ എണ്ണം 80,000 ആയി ഉയർത്താനും 2025 മാർച്ചോടെ 21,000 ടവറുകള്‍ അധികമായി വിന്യസിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), തേജസ് നെറ്റ്‌വർക്ക്സ്, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഐ.ടി.ഐ എന്നിവയ്ക്ക് 19,000 കോടി രൂപയുടെ കരാറുകൾ ബിഎസ്എൻഎൽ നൽകിയിട്ടുണ്ട്. ഈ കരാറുകൾ കമ്പനിയുടെ 4G നെറ്റ്‌വർക്കിന്റെ വിന്യാസം സുഗമമാക്കും. തുടര്‍ന്ന് ഇത് 5ജി ലേക്ക് തടസ്സങ്ങളില്ലാതെ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.
4ജി, 5ജി അനുയോജ്യമായ ഓവർ-ദി-എയർ (OTA) യൂണിവേഴ്സൽ സിം (USIM) പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള പദ്ധതികൾ ഓഗസ്റ്റ് 10 നാണ് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചത്. ഈ പുതിയ സേവനം ഉപയോക്താക്കള്‍ക്ക് മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കാനും ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ സിം കാർഡുകൾ മാറ്റിസ്ഥാപിക്കാനും സൗകര്യം നല്‍കുന്നതാണ്.
സ്വകാര്യ ടെലികോം ഓപ്പറേറ്റർമാര്‍ താരിഫ് വർധിപ്പിച്ചതിനെ തുടർന്ന് താരതമ്യേന കുറഞ്ഞ നിരക്കുളള ബിഎസ്എൻഎല്ലിലേക്ക് ഒട്ടേറെ ആളുകളാണ് പോര്‍ട്ട് ചെയ്തത്. നഷ്ടത്തിലായ സ്ഥാപനത്തെ തിരിച്ചുപിടിക്കാനായി മൂന്ന് പുനരുജ്ജീവന പാക്കേജുകളിലായി 3.2 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ബിഎസ്എൻഎല്ലിന് അനുവദിച്ചിട്ടുളളത്.
Read DhanamOnline in English
Subscribe to Dhanam Magazine