ബുദ്ധദേവ് വിടവാങ്ങി; പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന്റെ അമരം പിടിച്ച നേതാവ്

പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. 80 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച. ഏറെക്കാലമായി അസുഖബാധിതനായിരുന്നു ബുദ്ധദേവ്. മൃതദേഹം അദ്ദേഹം നേരത്തെ ആഗ്രഹിച്ച പ്രകാരം വൈദ്യശാസ്ത്ര ഗവേഷണത്തിന് വിട്ടുകൊടുക്കും.
34 വര്‍ഷം തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ ഭരിച്ച സി.പി.എമ്മിന് ഭരണം കൈവിട്ടു പോകുന്നതിന് ഇടയാക്കിയ വ്യവസായ രംഗത്തെ വിവാദ നയനിലപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് ബുദ്ധദേവ്. ജ്യോതിബസുവിന് ശേഷം 2000 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്നു. ടാറ്റ കാര്‍ നിര്‍മാണ ഫാക്ടറിയുടെ പേരിലുള്ള സിംഗൂര്‍ കര്‍ഷക സമരവും വ്യവസായത്തിന് വന്‍തോതില്‍ ഭൂമി ഏറ്റെടുക്കാന്‍ തുനിഞ്ഞതിനെതിരായ നന്ദിഗ്രാം സമരവും നയിച്ച് ജനപിന്തുണ സമാഹരിച്ചാണ് ബുദ്ധദേവിനെയും സി.പി.എമ്മിനെയും തോല്‍പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അധികാരം പിടിച്ചത്.
സിംഗൂരിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ദിഷ്ട കാര്‍ നിര്‍മാണ ഫാക്ടറി രത്തന്‍ ടാറ്റ 2008ല്‍ ഗുജറാത്തിലേക്ക് പറിച്ചു നട്ടു. ഇത് ബുദ്ധദേവിന് കനത്ത തിരിച്ചടിയായി. ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ 14 പേര്‍ നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടതും സി.പി.എമ്മിന്റെ അടിവേരിളക്കി. ഇടതുമുന്നണി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരത്തില്‍ പശ്ചിമ ബംഗാളില്‍ വേരറ്റ നിലയിലായ സി.പി.എം ഇന്നും സംസ്ഥാനത്ത് ദുര്‍ബലാവസ്ഥയിലാണ്.

Related Articles

Next Story

Videos

Share it