

കേന്ദ്ര ബജറ്റില്‍ എംഎസ്എംഇകള്‍ക്ക് നല്‍കുന്ന പിന്തുണ സാമ്പത്തിക വളര്‍ച്ചക്ക് സഹായകമാകില്ലെന്ന് കോഴിക്കോട് നടന്ന ബജറ്റ് പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധരുടെ ആശങ്ക. ചെറുകിട കമ്പനികളല്ല സമ്പദ് വളര്‍ച്ചയെ സഹായിക്കുന്നതെന്നും വന്‍കിട കമ്പനികളിലൂടെയാണ് കയറ്റുമതിയും തൊഴില്‍ അവസരങ്ങളും സാധ്യമാകുന്നതെന്നും വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടി. ആദായ നികുതി ഇളവ് സാമ്പത്തിക രംഗത്തിന് ഗുണകരമാകുമെന്നും അഭിപ്രായമുയര്‍ന്നു.
കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കണോമിക്‌സ് വിഭാഗത്തിലെ ജോണ്‍ മത്തായി സെന്ററും ചേര്‍ന്ന് കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മലബാര്‍ മൊണ്ടാന എസ്‌റ്റേറ്റിലാണ് ചര്‍ച്ച സംഘടിപ്പി്ച്ചത്. സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി ആന്റ് റിസര്‍ച്ച് ചെയര്‍മാന് ഡോ.ഡി ധനുരാജ് മോഡറേറ്ററായി. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്, കസ്റ്റംസ് ജോയിന്റെ കമ്മീഷണര്‍ അശ്വന്‍ ജോണ്‍ ജോര്‍ജ്, കോഴിക്കോട് ഐഐഎം ഫാക്കല്‍ട്ടി ഡോ.വിപിന്‍, എപിഇഡിഎ യു ധര്‍മ്മ റാവു തുടങ്ങിയവര്‍ സംസാരിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പ്രൊഫഷണലുകള്‍ക്ക് ഉയര്‍ന്ന ശമ്പളവും ഉറപ്പാക്കാന്‍ കഴിയുന്നത് വലിയ കമ്പനികള്‍ക്കാണെന്ന് ഡോ.വിപിന്‍ അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയുന്നതും വലിയ സ്ഥാപനങ്ങള്‍ക്കാണ്. കേരളത്തില്‍ 64,000 എംഎസ്എംഇകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ എല്ലാം ചേര്‍ന്ന് 2.4 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ഒരു സംരംഭത്തില്‍ ശരാശരി 5 തൊഴിലാളികള്‍ ഇത്ര ചെറിയ യൂണിറ്റുകള്‍ക്ക് ഒരിക്കലും ഉല്‍പ്പാദനം കൂട്ടാന്‍ കഴിയില്ല. ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളവും നല്‍കാനാകില്ല. എണ്ണത്തില്‍ കുറവാണെങ്കിലും വലിയ കമ്പനികള്‍ക്കാണ് ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുക. അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കുമ്പോള്‍ ഇക്കാര്യം കൂടി ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായം ആഗോള തലത്തിലേക്ക് വളര്‍ന്നെന്നും ഉയരാന്‍ മല്‍സരത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞു.ഓരോ മേഖലയിലും 20 കമ്പനികളെങ്കിലും നേരിട്ട് മല്‍സരത്തിലുണ്ട്. ഒരേ മേഖലയിലെ ചെറിയ കമ്പനികള്‍ ചേര്‍ന്നുള്ള മുന്നേറ്റമാണ് പ്രധാനം. മലബാര്‍ ഗ്രൂപ്പ് ഒരു മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മല്‍സരിച്ച് ജയിക്കാന്‍ വേണ്ടിയാണ്. ഒരു സ്ഥാപനം പല മേഖലകളില്‍ ഇടപെടുന്നത് വളര്‍ച്ചക്ക് തടസമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലക്ക് കേന്ദ്ര ബജറ്റില്‍ ഏറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൃഷിയോടുള്ള സര്‍ക്കാര്‍ സമീപനം മാറേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. 100 കാര്‍ഷിക ഇടങ്ങള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. എത്ര പണം ചിലവാക്കിയാലും വിളവ് കൂട്ടാന്‍ കഴിയാത്ത ഭൂമിയില്‍ പരമ്പരാഗത രീതിയിലൂടെ വരുമാനമുണ്ടാക്കാന്‍ കഴിയില്ല. എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. വലിയ തോട്ടങ്ങളില്‍ ലാഭകരമല്ലാത്ത കൃഷിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് മാറ്റി ലാഭകരമായ വിളകള്‍ തിരഞ്ഞെടുക്കാന്‍ തോട്ടം ഉടമകള്‍ക്ക് അനുമതിയില്ല. കാര്‍ഷിക മേഖലയില്‍ വലിയ കമ്പനികള്‍ക്ക് അനുമതി നല്‍കിയാണ് വികസിത രാജ്യങ്ങള്‍ വളര്‍ച്ച നേടുന്നതെന്നും അഭിപ്രായമുയര്‍ന്നു. കാര്‍ഷിക ഭൂമിയുടെ ഉപയോഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഇതോടൊപ്പം സര്‍ക്കാര്‍ മുന്നോട്ടു വരണം.
ഉപയോഗം വര്‍ധിച്ചു വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം കുറച്ചതിലൂടെ ആഗോള വ്യാപാരം ശക്തിപ്പെടും. സോളാര്‍ പാനലുകള്‍, ലിഥിയം തുടങ്ങിയവയുടെ തീരുവ കുറച്ചത് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആദായ നികുതി ഇളവ് സമൂഹത്തില്‍ പണമൊഴുക്കിന് സഹായിക്കും. അതേസമയം ഇതിന്റെ ഗുണവശങ്ങള്‍ പ്രതിഫലിക്കാന്‍ സമയമെടുക്കുമെന്നും ചര്‍ച്ചയില്‍ പങ്കാടെത്തവര്‍ പറഞ്ഞു.
ചടങ്ങ് കോഴിക്കോട് സബ് കലക്ടര്‍ ഹര്‍ഷന്‍ ആര്‍ മീണ ഉദ്ഘാടനം ചെയ്തു. കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം പ്രസിഡന്റ് കെ.എം ഹമീദ് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുന്‍ഷിദ് അലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം മേധാവി റെജുല തുടങ്ങിയവര്‍ സംസാരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine