കര്‍ണ്ണാടകയില്‍ ബസ് ചാര്‍ജ് കൂട്ടുന്നു, ബംഗളുരു യാത്ര ചെലവേറും

കര്‍ണ്ണാടകയില്‍ ബസ് ചാര്‍ജ് വര്‍ധനക്ക് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ നീക്കം തുടങ്ങി. കര്‍ണാടകയിലെ പൊതുമേഖലയിലുള്ള രണ്ട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടതോടെ അടുത്തു തന്നെ സര്‍ക്കാര്‍ തീരുമാനം ഉണ്ടായേക്കും. ഇപ്പോള്‍ നടക്കുന്ന കര്‍ണാടക നിയമസഭാ സമ്മേളനത്തില്‍ നിരക്ക് വര്‍ധന ചര്‍ച്ചയാകും. കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ബി.ജെ.പി പ്രതിപക്ഷം ഇതും ആയുധമാക്കുന്നുണ്ട്. നിരക്ക് വര്‍ധന ആവശ്യത്തില്‍ നിന്ന് കോര്‍പ്പറേഷനുകള്‍ പുറകോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്്. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍.

20 ശതമാനം വരെ കൂടിയേക്കും

കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും നോര്‍ത്ത് വെസ്‌റ്റേണ്‍ കര്‍ണ്ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമാണ് നിരക്ക് വര്‍ധനക്കായി രംഗത്തു വന്നിരിക്കുന്നത്. പതിനഞ്ചു മുതല്‍ ഇരുപത് ശതമാനം വരെ ചാര്‍ജ് കൂട്ടണമെന്നാണ് കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ എസ്.ആര്‍ ശ്രീനിവാസ് സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോര്‍പ്പറേഷന്‍ നില നില്‍ക്കണമെങ്കില്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കഴിഞ്ഞ മൂന്നു മാസം കോര്‍പ്പറേഷന്റെ നഷ്ടം 295 കോടി രൂപയാണ്.

കോര്‍പ്പറേഷന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിരക്ക് വര്‍ധന മാത്രമാണ് വഴിയെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ കര്‍ണ്ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജു കാഗെയും വ്യക്തമാക്കി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ മൂലം കോര്‍പ്പറേഷന് വരുമാന നഷ്ടമുണ്ടാകുന്നുണ്ടെന്നും കാഗെ പറയുന്നു.

കാരണം ഡീസല്‍ വില വര്‍ധന

കര്‍ണ്ണാടകയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടിയതാണ് ബസ് ചാര്‍ജ് നിരക്ക് വര്‍ധന അനിവാര്യമാക്കിയതെന്നാണ് കോര്‍പ്പറേഷനുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം നിലവില്‍ വന്ന പെട്രോള്‍,ഡീസല്‍ വിലവര്‍ധന പ്രകാരം മൂന്നു രൂപയുടെ വര്‍ധനവാണ് വന്നിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍് നികുതി വര്‍ധിപ്പിച്ചതോടെയാണ് വില കൂടിയത്. പെട്രോളിന്റെ നികുതി 29.84 ശതമാനവും ഡീസലിന്റെ നികുതി 18.44 ശതമാനവും ആയാണ് ഉയര്‍ത്തിയത്.

ബംഗളുരു യാത്രകളെ എങ്ങിനെ ബാധിക്കും?

കേരളത്തില്‍ നിന്ന് നിരവധി യാത്രക്കാരുള്ള ബംഗളുരു,മൈസൂരു റൂട്ടുകളില്‍ ഈ നിരക്ക് വര്‍ധന ബാധിച്ചേക്കും. നിലവില്‍ ഇരുപത് ശതമാനം വരെ നിരക്ക് വര്‍ധനയാണ് കോര്‍പ്പറേഷനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തു ശതമാനം വര്‍ധനയെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത. ലോക്കല്‍ ബസുകളില്‍ മിനിമം ചാര്‍ജ് രണ്ട് രൂപ കൂടും. അന്തര്‍ സംസ്ഥാന ബസുകളുടെ ചാര്‍ജുകളില്‍ ഈ വര്‍ധന കാര്യമായി പ്രതിഫലിക്കും. നിലവില്‍ കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സാധാരണ ബസുകളുടെ ചാര്‍ജ് അഞ്ഞൂറ് രൂപയില്‍ താഴെയാണ്. ലക്ഷ്വറി ബസുകളില്‍ ഇത് രണ്ടായിരം രൂപ വരെയാകും. കര്‍ണാടകയിലെ നിരക്ക് വര്‍ധന സ്വകാര്യ ബസുകളുടെ ചാര്‍ജ് വര്‍ധനക്കും കാരണമായേക്കാം.

Related Articles
Next Story
Videos
Share it