ബിസിനസ് സൗഹൃദ അന്തരീക്ഷം: കുതിച്ചുകയറി തമിഴ്‌നാട്, നിക്ഷേപത്തിലും മുന്നില്‍

നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടി തമിഴ്‌നാട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസത്തില്‍, ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവ്, 304 പദ്ധതികളിലായി 1,43,902 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തിയിരിക്കുന്നതെന്ന് പ്രോജക്റ്റ്‌സ് ടുഡേ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 36,292 കോടി രൂപയാണ് തമിഴ്‌നാട്ടിലേക്ക് നിക്ഷേപമായെത്തിയത്. ഈ വര്‍ഷം ഇതുവരെ അധികമായി സമാഹരിച്ചിരിക്കുന്നത് 1,07,610 കോടി രൂപ!

നിക്ഷേപ സമാഹരണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഗുജറാത്താണ്. 77,892 കോടി രൂപ. 65,288 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ച് മൂന്നാംസ്ഥാനത്തുള്ളത് തെലുങ്കാനയും.

ടാറ്റ ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു റിന്യു, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിവിഎസ് മോട്ടോര്‍, അദാനി ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി എന്നീ വമ്പന്മാരെല്ലാം തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

മികച്ച നയങ്ങളും പ്രശ്‌നങ്ങള്‍ കണ്ടാല്‍ അതിവേഗം പരിഹരിക്കപ്പെടുന്നതുമാണ് തമിഴ്‌നാടിനെ നിക്ഷേപകരുടെ ഇഷ്ട സംസ്ഥാനമാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ''എല്ലാവരെയും കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും,'' വ്യവസായ വകുപ്പ് സെക്രട്ടറി എസ് കൃഷ്ണന്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it