ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 22, 2022

അക്കൗണ്ടുടമയെ ക്രെഡിറ്റ് കാര്‍ഡ് വാങ്ങാന്‍ പ്രേരിപ്പിച്ചാല്‍ ബാങ്കുകള്‍ക്ക് പിഴ

അഖ്കൗണ്ട് ഉടമ നേരിട്ട് ആവശ്യപ്പെടാതെ അയാള്‍ക്ക് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുകയും പണം ഈടാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ തുകയുടെ രണ്ടിരട്ടി പിഴയായി തിരിച്ചുകൊടുക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. അക്കൗണ്ട് ഉടമയെ ഇതിനായി നിര്‍ബന്ധിക്കാനും പാടുള്ളതല്ല. ആളുകള്‍ ആവശ്യപ്പെടാതെ തന്നെ ചില ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് പത്തോളം മാനദണ്ഡങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ ഏറ്റെടുക്കലുമായി അദാനി പോര്‍ട്‌സ്
അദാനി ഹാര്‍ബര്‍ സര്‍വീസസ് കരാറില്‍ ഏര്‍പ്പെട്ടതായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി മറൈന്‍ സര്‍വീസ് പ്രൊവൈഡറായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിന് അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് 1,530 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെട്ടത്.
ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം വെട്ടിച്ചുരുക്കി യുബിഎസ്
ഊര്‍ജ വില വര്‍ധനവ്, പണപ്പെരുപ്പ സമ്മര്‍ദ്ദം, തൊഴില്‍ വിപണിയിലെ അസ്ഥിരത എന്നിവയും പ്രാദേശിക ഡിമാന്‍ഡ് ദുര്‍ബലമായതും ചൂണ്ടിക്കാട്ടി യുബിഎസ് ഇന്ത്യയുടെ 2022-23 സാമ്പത്തിക വളര്‍ച്ചാ പ്രവചനം 70 ബേസിസ് പോയിന്റ് കുറച്ച് 7% ആയി കുറച്ചു. ഉക്രെയ്ന്‍ പ്രതിസന്ധിയ്ക്കൊപ്പം വിതരണ തടസ്സങ്ങളും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്കും മുഴുവന്‍ ദക്ഷിണേഷ്യയ്ക്കുമുള്ള സാമ്പത്തിക വളര്‍ച്ചാ പ്രവചനം വേള്‍ഡ് ബാങ്ക് താഴ്ത്തി ഏതാനും ദിവസത്തിന് ശേഷമാണ് യുബിഎസിന്റെ പ്രവചനം.
ടാറ്റ മോട്ടോഴ്സ്, ടിയാഗോ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു
ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്. ടിയാഗോയുടെ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു. ഗുജറാത്തിലെ സാനന്ദ്ശാലയില്‍ നിന്നാണ് 400,000-ാമത്തെ ടിയാഗോ യൂണിറ്റ് പുറത്തിറക്കിയത്. വാഹനം വിപണിയില്‍ അവതരിപ്പിച്ച് ആറുവര്‍ഷം കൊണ്ടാണ് ഈ നേട്ടം ടാറ്റ മോട്ടോഴ്സ് നേടിയത്. ഇന്‍ഡികയുടെ പിന്‍ഗാമിയായി 2016 ലാണ് ടിയാഗോ ലോഞ്ച് ചെയ്തത്. അതിനുശേഷം, ടിയാഗോയ്ക്ക് 2020-ല്‍ ഒരു ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചു. ഫേസ്ലിഫ്റ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കി അപ്‌ഡേറ്റ് ചെയ്ത ടിയാഗോ എന്‍ആര്‍ജി 2021 ലാണ് ലോഞ്ച് ചെയ്തത്. മൂന്ന് മാസം മുമ്പ് ടാറ്റ മോട്ടോഴ്‌സ് ടിയാഗോ ഐസിഎന്‍ജിയും പുറത്തിറക്കിയിരുന്നു.
2050 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 28-30 ട്രില്യണ്‍ ഡോളറാകും; ഗൗതം അദാനി
2050 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 28-30 ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി. മുംബൈയില്‍ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമായും ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ഉയരുന്നതും മികച്ച സുസ്ഥിര കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയുമാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 10 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ ഉല്‍പ്പാദനം, കോംപണന്റ് നിര്‍മാണം തുടങ്ങിയവയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന അദാനി, റിന്യൂവബ്ള്‍ എനര്‍ജി രംഗത്തെ ആവശ്യകത ഇന്ത്യയെ മാറ്റുമെന്നാണ് വിശ്വസിക്കുന്നത്.
എല്‍ഐസി ഐപിഒ, വലുപ്പം 21,000 കോടിയായി വെട്ടിക്കുറച്ചേക്കും
എല്‍ഐസി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചേക്കും. 63000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, ഐപിഒയുടെ വലുപ്പം 21,000 കോടിയായി കുറയ്ക്കുമെന്നാണ് വിവരം. ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 9,000 കോടി രൂപ കൂടി ഐപിഒയിലൂടെ സമാഹരിച്ചേക്കും. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ആകെ തുക 30,000 കോടി രൂപയായി ഉയരും.
സെന്‍സെക്സ് 1.2 ശതമാനം ഇടിഞ്ഞു
വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തില്‍നിന്ന് കരകയറുമെന്ന പ്രതീക്ഷകള്‍ നല്‍കിയെങ്കിലും വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരാന്ത്യത്തില്‍ നിക്ഷേപകര്‍ കൂട്ടമായി വിറ്റതോടെ നഷ്ടത്തിന്റെ തോത് കൂടി. ഒരു ഘട്ടത്തില്‍ പോലും പച്ചയിലേക്ക് നീങ്ങാത്ത ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 714 പോയ്ന്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 57,197 പോയന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 221 പോയിന്റ് ഇടിഞ്ഞ് 17,172 ലാണ് ക്ലോസ് ചെയ്തത്. രണ്ട് സൂചികകളും യഥാക്രമം 57,135, 17,149 എന്നിങ്ങനെ ഇന്‍ട്രാ-ഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഏകദേശം രണ്ട് ശതമാനം വീതം കുറഞ്ഞ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, മെറ്റല്‍ സൂചികകളാണ് ഇന്ന് കനത്ത നഷ്ടം നേരിട്ടത്. ഓട്ടോ, എഫ്എംസിജി, ഐടി സൂചികകള്‍ 0.6 ശതമാനം വീതം കുറഞ്ഞു. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചികയും സ്മോള്‍ക്യാപ് സൂചികയും യഥാക്രമം 0.7 ശതമാനവും 0.4 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ ഒമ്പത് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡി എം, ഹാരിസണ്‍സ് മലയാളം, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, പാറ്റ്സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, മണപ്പുറം ഫിനാന്‍സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it