Begin typing your search above and press return to search.
ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; 17 മെയ്, 2022
അദാനി ഗ്രൂപ്പില്‍ നിക്ഷേപവുമായി അബുദാബി ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി
അദാനി ഗ്രൂപ്പില്‍ നിക്ഷേപവുമായി അബുദാബിയുടെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയായ PJSC (IHC). മൂന്ന് അദാനി പോര്‍ട്ട്ഫോളിയോ കമ്പനികളില്‍ പ്രാഥമിക മൂലധനമായി 15,400 കോടി (രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിച്ചു. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് നിക്ഷേപം.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നിവയില്‍ 3,850 കോടി രൂപ വീതവും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ 7,700 കോടി രൂപയുമാണ് നിക്ഷേപിച്ചത്.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിക്കുന്നു
രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മാര്‍ച്ചിലെ 14.55 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 15.08 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 10.74 ശതമാനമായിരുന്നു മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം. ഇത് തുടര്‍ച്ചയായി 13 മാസമായി ഇരട്ട അക്കത്തില്‍ തുടരുകയാണ്.
മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ മുന്നേറ്റവുമായി എയര്‍ടെല്‍
2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ ഏകീകൃത അറ്റാദായത്തില്‍ 164.46 ശതമാനത്തിന്റെ അറ്റാദായവുമായി എയര്‍ടെല്‍. ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഏകീകൃത അറ്റാദായം 2,007.8 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 759.2 കോടി രൂപയായിരുന്നു അറ്റാദായം.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37240 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 760 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇന്നലെ 37000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 4655 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് വര്‍ധിച്ചു. 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
എല്‍ഐസി ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ചു
ഇന്ത്യന്‍ ഓഹരി വിപണിയിലെ ചരിത്രനിമിഷങ്ങള്‍ക്കൊടുവില്‍ എല്‍ഐസി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം കിഴിവോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഗ്രേയ് മാര്‍ക്കറ്റിലെ തകര്‍ച്ചയുടെയും ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എല്‍ഐസിയുടെ ലിസ്റ്റിംഗ് കിഴിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
കുതിച്ചു മുന്നേറി ഓഹരി വിപണി
ഓഹരി വിപണിയില്‍ ഫെബ്രുവരി 15ന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പുമായി ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും. സെന്‍സെക്സ് സൂചിക 1344 പോയ്ന്റ് അഥവാ 2.54 ശതമാനം ഉയര്‍ന്ന് 54,318 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക 2.63 ശതമാനം അഥവാ 417 പോയ്ന്റ് കുതിപ്പോടെ 16,259 പോയ്ന്റിലുമെത്തി.
വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈന കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ നിഫ്റ്റി മെറ്റല്‍ സൂചിക ഏകദേശം ഏഴ് ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു. മെറ്റല്‍ ഓഹരികളില്‍ ഹിന്‍ഡാല്‍കോ (10 ശതമാനം), ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ (7.6 ശതമാനം വീതം), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (6 ശതമാനം) എന്നിവ കുതിച്ചുയര്‍ന്നു മികച്ച നേട്ടം സമ്മാനിച്ചു. മറ്റെല്ലാ സൂചികകളും 2 ശതമാനത്തിലധികം ഉയര്‍ന്ന് ക്ലോസ് ചെയ്തു.
വിശാല വിപണിയില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 2.5 ശതമാനവും 2.8 ശതമാനവും ഉയര്‍ന്നു. ഓഹരി വിപണി കുതിപ്പിന് സാക്ഷ്യം വഹിച്ചപ്പോള്‍ എല്ലാ കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി.
Next Story
Videos