

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ്, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച കാരണം രാജ്യത്തിന്റെ കയറ്റുമതി മെയ് 1-21 കാലയളവില്‍ 21.1 ശതമാനം ഉയര്‍ന്ന് 23.7 ബില്യണ്‍ ഡോളറായി. ഈ മാസം രണ്ടാം വാരത്തില്‍ കയറ്റുമതി 24 ശതമാനത്തോളം വര്‍ധിച്ച് 8.03 ബില്യണ്‍ ഡോളറിലെത്തി. മെയ് 1-21 കാലയളവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ്, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി യഥാക്രമം 81.1 ശതമാനവും ഏകദേശം 17 ശതമാനവും ഏകദേശം 44 ശതമാനവും വര്‍ധിച്ചു.
ആഭ്യന്തര വിപണിയിലെ വിലവര്‍ധന തടയാന്‍ ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാനൊരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്. ഈ സീസണിലെ കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പ്പാദകരും ബ്രസീലിന് പിന്നിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമാണ് ഇന്ത്യ.
സെമികണ്ടക്ടര്‍ ക്ഷാമം കാരണം ആഗോള ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ടൊയോട്ട. ജൂണിലെ ആഗോള ഉല്‍പ്പാദനം ഏകദേശം 100,000 മുതല്‍ ഏകദേശം 850,000 വാഹനങ്ങള്‍ വരെയായി കുറയ്ക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ 2023 മാര്‍ച്ചോടെ ആഗോളതലത്തില്‍ ഏകദേശം 9.7 ദശലക്ഷം വാഹനങ്ങള്‍ നിര്‍മിക്കുമെന്ന എസ്റ്റിമേറ്റില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല.
ഫാര്‍മ കമ്പനിയായ മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി. ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍ ടിബിഒ ടെക്ക്, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് എന്നിവയാണ് ഐപിഒയുടെ അനുമതി നേടിയ മറ്റ് കമ്പനികള്‍. 2021 ഡിസംബറിനും 2022 മാര്‍ച്ചിനും ഇടയിലാണ് ഈ കമ്പനികള്‍ ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായി. സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണവില 400 രൂപയോളമാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയാണ്.
മെയ് ആദ്യവാരത്തില്‍ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില മെയ് പകുതിയായപ്പോള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയില്‍ 1200 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4775 രൂപയായി. 60 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് ഉയര്‍ച്ചയുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 3945 രൂപയാണ്. 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 236 പോയ്ന്റ് അഥവാ 0.43 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 50 സൂചിക 89.55 പോയ്ന്റ് അഥവാ 0.55 ശതമാനം ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇരുസൂചികകളും ചാഞ്ചാട്ടത്തോടെയാണ് നീങ്ങിയത്. ഒരുഘട്ടത്തില്‍ സെന്‍സെക്സ് സൂചിക ഉയര്‍ന്ന നിലയായ 54,524 പോയ്ന്റിലും നിഫ്റ്റി 16,262 പോയ്ന്റും തൊട്ടു.
ഡിവിസ് ലാബ്‌സ്, ഗ്രാസിം, ടെക് എം, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, എച്ച്യുഎല്‍, എച്ച്‌സിഎല്‍ ടെക്, ടാറ്റ കണ്‍സ്യൂമര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ 2-6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഡോ. റെഡ്ഡീസ് ലാബ്‌സ്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ് എന്നിവ 1-1.5 ശതമാനം വരെ ഉയര്‍ന്നു.
ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ എട്ട് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരി വില 15.62 ശതമാനം ഉയര്‍ന്നപ്പോള്‍ ഹാരിസണ്‍സ് മലയാളം 13.54 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് നടത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine