ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 01, 2022

2022 സാമ്പത്തിക വര്‍ഷത്തില്‍ 417.81 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് കയറ്റുമതി നേടി ഇന്ത്യ

2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് കയറ്റുമതിയുമായി ഇന്ത്യ. ആകെ 417.81 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറക്കുമതി 610.22 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. മാര്‍ച്ച് മാസം മാത്രം ചരക്ക് കയറ്റുമതി റെക്കോര്‍ഡ് നിലയായ 40.38 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 59.07 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. റോയിട്ടേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ചിലെ പ്രതിമാസ വ്യാപാര കമ്മി 18.69 ബില്യണ്‍ ഡോളറാണ്.
നികുതി ഉള്‍പ്പെടെ ഇന്ന് മുതല്‍ അധിക നിരക്കുകള്‍
ഭൂ നികുതി ഫീസുകളും ഇന്ന് മുതല്‍ വര്‍ധിക്കുകയാണ്. സാധാരണക്കാര്‍ക്കും നികുതി ഭാരം (tax increase) കൂടും. അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി( land tax) നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിക്കുകയാണ്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും.
ഇന്ന് മുതല്‍വാഹന, ഭൂമി രജിസ്ട്രേഷന്‍ നിരക്കും കൂടും. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ഇതോടെ ഭൂമി രജിസ്ട്രേഷന്‍ ചെലവും ഉയരും. ഇന്ന് മുതല്‍ അഞ്ചു ശതമാനം വെള്ളക്കരം കൂടി.
കെഎഫ്‌ഐഎന്‍ ടെക്‌നോളജീസ് ഐപിഒയ്ക്ക്
ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇക്കോസിസ്റ്റത്തിന് സമഗ്രമായ സേവനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ കെഎഫ്‌ഐഎന്‍ ടെക്‌നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 2,400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
ആഗോള തലത്തില്‍ വില ഉയര്‍ന്നിരിക്കെ യുദ്ധത്തിന് മുന്‍പത്തെ വിലയ്ക്ക് റഷ്യയില്‍ ക്രൂഡ് ഓയില്‍ നല്‍കാമെന്ന വാഗ്ദാനം അംഗീകരിക്കുകയാണെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. യുക്രെയ്‌നില്‍ നിന്നും ഓയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത്. ചൈനയിലെ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തി. യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണവില (Kerala Gold Rate) വീണ്ടും വര്‍ധിച്ചു. കുറഞ്ഞ വിലയുടെ 81 ശതമാനത്തോളമാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചതാണ് ഇന്ന് കണ്ടത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4810 രൂപയാണ്. ഇന്നത്തെ സ്വര്‍ണ വിലയില്‍ ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു.
സാമ്പത്തിക വര്‍ഷത്തിന് മികച്ച തുടക്കം, സെന്‍സെക്സ് 708 പോയ്ന്റ് ഉയര്‍ന്നു
പുതു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനം ആഘോഷിച്ച് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 708 പോയ്ന്റ് അഥവാ 1.21 ശതമാനം ഉയര്‍ന്ന് 59,276 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 206 പോയിന്റ് അഥവാ 1.2 ശതമാനം ഉയര്‍ന്ന് 17,670 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ തുടക്കം മുതല്‍ പച്ചയില്‍ നീങ്ങിയ സൂചികകള്‍ വ്യാപാരാന്ത്യത്തില്‍ കുതിച്ചു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.4 ശതമാനവും 1.7 ശതമാനവും ഉയര്‍ന്നതോടെ വിശാല വിപണി സൂചികകളും ലാര്‍ജ് ക്യാപ്‌സിനൊപ്പം മുന്നേറി. എന്‍ടിപിസി, പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, വിപ്രോ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി എന്നിവയാണ് സെന്‍സെക്‌സ് സൂചികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇവയുടെ ഓഹരികള്‍ 1.5 ശതമാനം മുതല്‍ 6 ശതമാനം വരെ ഉയര്‍ന്നു. ടെക് എം, ഡോ. റെഡ്ഡീസ് ലാബ്‌സ്, സണ്‍ ഫാര്‍മ, ടൈറ്റന്‍ എന്നിവ 0.6 ശതമാനം വരെ ഇടിവിലേക്ക് വീണു.
യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ കുതിച്ചതോടെ പിഎസ്യു ബാങ്ക് സൂചിക 4 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, മീഡിയ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍റ്റി, എഫ്എംസിജി സൂചികകള്‍ 1.5-2 ശതമാനം മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
വിപണി മുന്നേറിയപ്പോള്‍ കേരള കമ്പനികളില്‍ ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വിലയില്‍ മാത്രമാണ് ഇടിവുണ്ടായത് (1.70 ശതമാനം). മറ്റ് കേരള കമ്പനികളെല്ലാം തന്നെ ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (5.99 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (3.32 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.09 ശതമാനം), ഫെഡറല്‍ ബാങ്ക് (4.21 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.48 ശതമാനം), ഹാരിസണ്‍സ് മലയാളം (3.86 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (5.28 ശതമാനം), കേരള ആയുര്‍വേദ (3.65 ശതമാനം), മണപ്പുറം ഫിനാന്‍സ് (6.25 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.61 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.85 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.89 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it