Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 07, 2022
ടാറ്റ ന്യൂ അവതരിച്ചു, യുപിഐ സംവിധാനവും
രാജ്യത്തെ ആദ്യ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂ ലോഞ്ച് ചെയ്തു. ബുക്കിംഗ്/ ഷോപ്പിംഗ് ആപ്പ് ലോകത്തേക്കെത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ആപ്പായിരിക്കും ടാറ്റ ന്യൂ. ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സറായ ടാറ്റ ന്യൂ ലോഞ്ച് ഐപിഎല്ലിനിടെ ആണ് നടന്നത്. ഭക്ഷണം മുതല്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ് വരെയുള്ള സമഗ്ര സേവനങ്ങളാണ് ആപ്പിലുള്ളത്.
സര്‍ക്കാരിന്റെ ഒഎന്‍ഡിസി ആപ്പ് ലോഞ്ചിംഗ് തയ്യാറെടുപ്പില്‍
സര്‍ക്കാരിന്റെ ഒഎന്‍ഡിസി ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഈ മാസം പുറത്തിറങ്ങും. ഡിജിറ്റല്‍ പേമെന്റ് ആപ്പുകളെയും സോഫ്‌റ്റ്വെയര്‍ സംവിധാനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാരിന്റെ Open Network for Digital Commerce (ONDC) ആപ്പ്. Paytm, Dunzo, PhonePe, Go Frugal, GrowthFalcons, Microsoft തുടങ്ങിയ കമ്പനികള്‍ ONDC- യുമായുള്ള സംയോജനത്തിന്റെ വിപുലമായ ചര്‍ച്ചകളിലാണ്.
വിമാന യാത്രാ നിരക്കിലെ നിരക്ക് നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ഉടന്‍
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കുറഞ്ഞതും കൂടിയതുമായ വിമാന യാത്രാനിരക്കുകളുടെ പരിധി ഒഴിവാക്കാന്‍ വിമാനക്കമ്പനികളും സര്‍ക്കാരും ചര്‍ച്ചയ്ക്കൊരുങ്ങുന്നു. ആഭ്യന്തര വ്യോമയാന മേഖലയില്‍ യാത്രക്കാരുടെ എണ്ണം ഉയരാതിരിക്കാന്‍ യാത്രാനിരക്കിലെ ഈ നിയന്ത്രണം തടസ്സമാകുന്നതായി ചില വിമാനക്കമ്പനികള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണിത്. അടുത്തയാഴ്ച വിമാനക്കമ്പനി മേധാവികളും സര്‍ക്കാര്‍ പ്രതിനിധികളും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
അണ്‍ അക്കാദമി 600 ജീവനക്കാരെ പിരിച്ചുവിട്ടു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ എഡ്ടെക് പ്ലാറ്റ്ഫോമായ അണ്‍അക്കാദമി 600 ജീവനക്കാരെ പിരിച്ചുവിട്ടു. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പ് ചെലവ് കുറയ്ക്കാന്‍ ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 'നിരവധി വിലയിരുത്തലുകളുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടലെന്നാണ് കമ്പനി അറിയിപ്പ്. സ്‌കൂളുകള്‍ തുറന്നതിനാലുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്കും അഡ്മിഷനുകളുടെ എണ്ണം കുറഞ്ഞതും കാരണമാണെന്നും വിലയിരുത്തല്‍.
നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നിയന്ത്രണങ്ങളും മൂലധന ആവശ്യകതകളും പുനഃപരിശോധിക്കുമെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളും ഉള്‍ച്ചേര്‍ക്കലുകളും നല്‍കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും തയ്യാറെടുപ്പുകള്‍ നടക്കുന്നതായി ഐആര്‍ഡിഎഐ ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡെ പറഞ്ഞു.
വിആര്‍എല്‍ ലോജിസ്റ്റിക്സില്‍ നിന്ന് 1,300 വാണിജ്യ വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ നേടി ടാറ്റ മോട്ടോഴ്സ്
വിആര്‍എല്‍ ലോജിസ്റ്റിക്സില്‍ നിന്ന് 1,300 വാണിജ്യ വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതായി ടാറ്റ മോട്ടോഴ്സ് വ്യാഴാഴ്ച അറിയിച്ചു. വിആര്‍എല്‍ ലോജിസ്റ്റിക്സിന്റെ ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഇടത്തരം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളും ഇന്റര്‍മീഡിയറ്റ്, ലൈറ്റ് കൊമേഴ്സ്യല്‍ വാഹന ശ്രേണി ഈ ഓര്‍ഡറില്‍ ഉള്‍പ്പെടുന്നു.
പുതിയ എര്‍ട്ടിഗയുടെ ബുക്കിംഗ് ആരംഭിച്ച് മാരുതി
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വ്യാഴാഴ്ച തങ്ങളുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗയുടെ വരാനിരിക്കുന്ന പുതിയ തലമുറ പതിപ്പിനായുള്ള ബുക്കിംഗ് തുറക്കുന്നതായി പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന അടുത്ത തലമുറ എര്‍ട്ടിഗ അടുത്തയാഴ്ച വിപണിയിലെത്തും. 11,000 രൂപ അടച്ച് ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഇടിഞ്ഞ് ഓഹരി വിപണി
റിസര്‍വ്് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പോളിസി പ്രഖ്യാപിക്കാനിരിക്കെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്സ് 575.46 പോയ്ന്റ് ഇടിഞ്ഞ് 59034.95 പോയ്ന്റിലും നിഫ്റ്റി 168.20 പോയ്ന്റ് ഇടിഞ്ഞ് 17639.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ് ഓഹരികളാണ് ഇന്ന് വലിയ നഷ്ടമുണ്ടാക്കിയത്.
1678 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1644 ഓഹരികളുടെ വിലയിടിഞ്ഞു. 102 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അദാനി പോര്‍ട്ട്സ്, ടൈറ്റന്‍ കമ്പനി, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഒഎന്‍ജിസി തുടങ്ങിയവ വിലയിടിഞ്ഞ ഓഹരികളില്‍ പെടുന്നു.
ആക്സിസ് ബാങ്ക്, ഡിവിസ് ലാബ്സ്, എച്ച് യു എല്‍, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി. ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളിലും ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനികളുടെ ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 23.25 രൂപ ഉയര്‍ന്ന് 179.30 രൂപയിലെത്തി. 14.90 ശതമാനം വളര്‍ച്ച. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.75 ശതമാനം), കെഎസ്ഇ (2.76 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (2.28 ശതമാനം), സിഎസ്ബി ബാങ്ക് (1.09 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.03 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു.
അതേസമയം ഇന്‍ഡിട്രേഡിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല. എവിറ്റി, ആസ്റ്റര്‍ ഡി എം, ഈസ്റ്റേണ്‍ ട്രെഡ്സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എഫ്എസിടി, വണ്ടര്‍ലാ ഹോളിഡേയ്സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കിറ്റെക്സ്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
Next Story
Videos