ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 12, 2022

രാജ്യത്ത് ചില്ലറ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ചില്ലറ വിലക്കയറ്റം മുന്‍ മാസത്തെ 6.07 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.95 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവിലപ്പെരുപ്പം മാത്രം മാര്‍ച്ചില്‍ 7.68 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് ബാന്‍ഡിന്റെ മുകളിലെത്തുന്നത് ഇതു കൂടെ കൂട്ടുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം മാസമാണ്.

സ്പെക്ട്രം ലേലത്തിനുള്ള ശുപാർശകൾ ടെലികോം വകുപ്പിന് സമർപ്പിച്ചു

രാജ്യം 5ജി ഇന്റർനെറ്റിലേക്ക് നീങ്ങുന്നതിന്റെ ആദ്യ നിർണായക ചുവടുവയ്പ്പായി സ്പെക്ട്രം ലേലത്തിനുള്ള ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം വകുപ്പിന് സമർപ്പിച്ചു. ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത് എല്ലാ ഫ്രീക്വൻസി ബാൻഡുകളുടെയും അടിസ്ഥാന വില 40 ശതമാനത്തോളം കുറച്ചു. 20 വർഷത്തേക്കാണ് സ്പെക്ട്രം നൽകുക. കേരളത്തിൽ 600, 700 മെഗാഹെട്സ് ബാൻഡുകൾക്ക് 110 കോടി രൂപ വീതമാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്

കേരളത്തിൽ വിഷു പ്രമാണിച്ചു സാമൂഹ്യ പെൻഷൻ നേരത്തെ വിതരണം ചെയ്യും

സംസ്ഥാനത്തു വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 56,97,455 പേർക്ക്‌ 3,200 രൂപ വീതം ലഭിക്കും. മാർച്ചിലെ ഗഡുവിനൊപ്പം ഏപ്രിലിലേത് മുൻകൂറായി നൽകുകയാണ് ചെയ്യുന്നത്. ഏപ്രിൽ പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇവി മേഖലയ്ക്കായി 64 ബില്യണ്‍ ഡോളര്‍ ചെലവിടുമെന്ന് ഹോണ്ട

ജപ്പാന്‍ ആസ്ഥാനമായ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇവി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമായി 8 ട്രില്യണ്‍ യെന്‍ (64 ബില്യണ്‍ ഡോളര്‍) ചെലവഴിക്കാന്‍ പദ്ധതിയിടുന്നു. 2030 ഓടെ ആഗോളതലത്തില്‍ 30-ലധികം ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കാന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്.

അടുത്ത അഞ്ചു ദിവസം കൂടി മഴ തുടർന്നേക്കും

കേരളത്തിൽ പലയിടങ്ങളിലും അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും 14നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴിയുടെയും തെക്കേ ഇന്ത്യയ്ക്കു മുകളിൽ നിൽക്കുന്ന ന്യൂനമർദപ്പാത്തിയുടെയും ഫലമായാണിത്.

വിപണിയില്‍ ഇന്നും രക്തച്ചൊരിച്ചില്‍, സെന്‍സെക്സ് 388 പോയ്ന്റ് ഇടിഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിനിടെ 58,298 പോയ്ന്റ് വരെ താഴ്ന്ന ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 388 പോയ്ന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 58,576 ല്‍ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 145 പോയ്ന്റ് അല്ലെങ്കില്‍ 0.8 ശതമാനം ഇടിഞ്ഞ് 17,530 ല്‍ അവസാനിച്ചു.

ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, മാരുതി സുസുക്കി, പവര്‍ ഗ്രിഡ്, എസ്ബിഐ ലൈഫ്, ഐസിഐസിഐ ബാങ്ക് എന്നിവ 0.5 ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, എല്‍ ആന്‍ഡ് ടി, ബജാജ് ഓട്ടോ, ബിപിസിഎല്‍, വിപ്രോ, ടെക് എം, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യുപിഎല്‍, ഭാരതി എയര്‍ടെല്‍, ആര്‍ഐഎല്‍ എന്നിവ 1.8 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ നഷ്ടം നേരിട്ടു.

വിശാലമായ വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1.5 ശതമാനം വീതം ഇടിഞ്ഞു. മേഖലാതലത്തില്‍ നിഫ്റ്റി ബാങ്ക്, ്രൈപവറ്റ് ബാങ്ക് സൂചികകള്‍ 0.4 ശതമാനം വീതം മുന്നേറിയപ്പോള്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2.7 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

വിപണി രണ്ടാം ദിവസവും തുടര്‍ച്ചയായി ഇടിവിലേക്ക് വീണപ്പോള്‍ കേരള കമ്പനികളില്‍ എട്ട് എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കിറ്റെക്സിന്റെ ഓഹരി വില 9.07 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, സിഎസ്ബി ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, അപ്പോളോ ടയേഴ്സ്, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it