ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 13, 2022
അദാനി ഗ്രീന്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ എട്ടാമതെത്തി
ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി എന്നിവയെ പിന്തള്ളി 4.48 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവുമായി അദാനി ഗ്രീന്‍ എനര്‍ജി ബുധനാഴ്ച രാജ്യത്തെ ഏറ്റവും മൂല്യമുള്ള എട്ടാമത്തെ സ്ഥാപനമായി. മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയിലേക്ക് പത്താമതായി ഇക്കഴിഞ്ഞ തിങ്കളാഴ്ച കമ്പനി പ്രവേശിച്ചിരുന്നു. ഇപ്പോള്‍ ബിഎസ്ഇയില്‍ 4,48,050.99 കോടി രൂപയുടെ വിപണി മൂല്യം നേടിയാണ് അദാനി ഗ്രീന്‍ എനര്‍ജി ടോപ് 10 പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തിയത്.
ഇന്‍ഫോസിസ് അറ്റാദായം 12 ശതമാനം വര്‍ധിച്ച് 5686 കോടി രൂപയായി
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് അറ്റാദായത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. കമ്പനി ഇക്കഴിഞ്ഞപാദത്തില്‍ 12 ശതമാനം അധിക ലാഭത്തോടെ 5686 കോടി രൂപയായാണ് അറ്റാദായം രേഖപ്പെടുത്തിയത്. വരുമാനത്തിലും 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
രാജ്യത്തെ കയറ്റുമതി വര്‍ധിച്ചു, മാര്‍ച്ചില്‍ 19.76 ശതമാനം വര്‍ധനവ്
പെട്രോളിയം ഉല്‍പന്നങ്ങള്‍, എന്‍ജിനീയറിംഗ്, ലെതര്‍ തുടങ്ങിയ മേഖലകളിലെ ആരോഗ്യകരമായ പ്രകടനത്തിന്റെ ഫലമായി 2022 മാര്‍ച്ചില്‍ രാജ്യത്തിന്റെ കയറ്റുമതി 19.76 ശതമാനം ഉയര്‍ന്ന് 42.22 ബില്യണ്‍ ഡോളറായി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2021 മാര്‍ച്ചില്‍ കയറ്റുമതി 35.26 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ മാസം, ഇറക്കുമതി 24.21 ശതമാനം വര്‍ധിച്ച് 60.74 ബില്യണ്‍ ഡോളറിലുമെത്തി. അതേസമയം രാജ്യത്തെ വ്യാപാരക്കമ്മി 18.51 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 13.64 ബില്യണ്‍ ഡോളറായിരുന്നു.
ഐപിഒ പേപ്പറുകള്‍ പുതുക്കി സമര്‍പ്പിക്കാനൊരുങ്ങി എല്‍ഐസി
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) പ്രഥമ ഓഹരി വില്‍പ്പനയ്ക്കായുള്ള പേപ്പറുകള്‍ സെബിക്ക് പുതുക്കി സമര്‍പ്പിക്കാനൊരുങ്ങുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ അന്തിമമാക്കാന്‍ ്എല്‍ഐസി ഓഫ് ഇന്ത്യാ ബോര്‍ഡ് വാരാന്ത്യത്തില്‍ യോഗം ചേരാന്‍ ഇരിക്കെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്. അടുത്ത ആഴ്ച പകുതിയോടെ പുതുക്കിയ പേപ്പർ ഫയല്‍ ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മെയ് 12 ഓടെയായിരിക്കും രാജ്യത്തെ ഏറ്റവും വലിയ ഐപിഒ യിലൂടെ ഓഹരിവിപണിയിലെത്തുന്ന കമ്പനിയുടെ ലിസ്റ്റിംഗ് എന്നാണ് വിവരം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധന
സംസ്ഥാനത്ത് രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold price) 4935 രൂപയായി. സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനവാണ് ഇതോടെ വിപണിയില്‍ രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില (Todays gold price) 39480 രൂപയാണ്.
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഓഹരി സൂചികകളില്‍ ഇടിവ്
തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടമുണ്ടാക്കാനാകാതെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 237.44 പോയ്ന്റ് ഇടിഞ്ഞ് 58338.93 പോയ്ന്റിലും നിഫ്റ്റി 54.60 പോയ്ന്റ് ഇടിഞ്ഞ് 17475.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1811 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായപ്പോള്‍ 1494 ഓഹരികളുടെ വിലയിടിഞ്ഞു. 136 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
മാരുതി സുസുകി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഡോ റെഡ്ഡീസ് ലാബ്സ് തുടങ്ങിയവ വിലയിടിഞ്ഞ് ഓഹരികളില്‍ പെടുന്നു. ഒഎന്‍ജിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐറ്റിസി, സണ്‍ഫാര്‍മ, യുപിഎല്‍ തുടഭങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പെടുന്നു.
റിയല്‍റ്റി, ഓട്ടോ, ബാങ്ക് തുടങ്ങിയവ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. എഫ്എംസിജി, കാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ് സൂചികകളില്‍ 0.5 ശതമാനം വീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.2 ശതമാനം ഇടിഞ്ഞപ്പോള്‍ സ്മോള്‍ കാപ് സൂചിക 0.27 ശതമാനം കയറി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ 15 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. വണ്ടര്‍ലാ ഹോളിഡേയ്സ് (5.44 ശതമാനം) , വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.63 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (1.93 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.88 ശതമാനം), ഹാരിസണ്‍സ് മലയാളം (1.51 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (1.47 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേ സമയം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, പാറ്റ്സ്പിന്‍ ഇന്ത്യ, നിറ്റ ജലാറ്റിന്‍, കെഎസ്ഇ, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.