ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 18, 2022

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വര്‍ധിച്ചു

ഇന്ത്യയുടെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലെ 13.11 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 14.55 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ മാര്‍ച്ചിലെ റീറ്റെയില്‍ പണപ്പെരുപ്പവും 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.95 ശതമാനമായി ഉയര്‍ന്നു. ഇന്ധന വിലവര്‍ധനവിന്റെ ആഘാതം തുടര്‍ന്നുള്ള മാസങ്ങളിളും വില സൂചികകളെ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്.
ഇന്ധനവില ഫെബ്രുവരിയിലെ 31.50 ശതമാനത്തില്‍നിന്ന് മാര്‍ച്ചില്‍ 34.52% വരെ വര്‍ധനവുണ്ടായി. ഭക്ഷ്യ സൂചിക ഫെബ്രുവരിയിലെ 8.47 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 8.71 ശതമാനം ഉയര്‍ന്നു.
കള്ളപ്പണം വെളുപ്പിക്കല്‍: ആംവേയുടെ 757 കോടിയിലധികം രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) സ്‌കീം പ്രൊമോട്ടിംഗ് കമ്പനിയായ ആംവേ ഇന്ത്യയുടെ 757 കോടിയിലധികം രൂപയുടെ ആസ്തികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അറിയിച്ചു. ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തമിഴ്നാട്്, ദിണ്ടിഗല്‍ ജില്ലയിലെ സ്ഥലവും ഫാക്ടറി കെട്ടിടവും, പ്ലാന്റുകളും മെഷിനറികളും, വാഹനങ്ങളും, ബാങ്ക് അക്കൗണ്ടുകളും, സ്ഥിര നിക്ഷേപങ്ങളും താല്‍ക്കാലികമായി അറ്റാച്ച് ചെയ്‌തെന്നാണ് വിവരം.
ഏപ്രില്‍ ആദ്യ രണ്ടാഴ്ച, ഇന്ത്യയുടെ കയറ്റുമതി 37.01 ശതമാനം വര്‍ധിച്ചു
ഏപ്രില്‍ 1-14 കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 37.01 ശതമാനം വര്‍ധിച്ച് 18.79 ബില്യണ്‍ ഡോളറിലെത്തി. 2021 ഏപ്രില്‍ 1-14 കാലയളവിലെ കയറ്റുമതി 13.72 ബില്യണ്‍ ഡോളറായിരുന്നു. പെട്രോളിയം, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് വര്‍ധനവ്. ഇക്കാലയളവിലെ ഇറക്കുമതി 12.24 ശതമാനം ഉയര്‍ന്ന് 25.84 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ജി എസ് ടി നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ചരക്ക് സേവന നികുതി നിരക്കുകള്‍ (ജി എസ് ടി) പരിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് ശതമാനം സ്ലാബ് ഒഴിവാക്കി മൂന്ന്, എട്ട് ശതമാനം സ്ലാബുകള്‍ ഉള്‍പ്പെടുത്തിയേക്കും. സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്താന്‍ (ജി.എസ്.ടി) ആണ് സ്ലാബുകള്‍ പരിഷ്‌കരിക്കാനുള്ള നീക്കം. 5, 12, 18, 28 എന്നീ സ്ലാബുകളുള്ള നികുതി ഘടനയാണ് നിലവില്‍ കേരളമുള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ വിവിധ ഉത്പന്നങ്ങള്‍ക്കുള്ളത്. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ നികുതിയില്ലാത്ത ചില ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളെ മൂന്നു ശതമാനം നികുതി സ്ലാബിനുകീഴില്‍ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതൊഴിവാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ തന്നെ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടര്‍ തീപിടുത്തം; പ്രെയ്‌സ് പ്രോ സ്കൂട്ടർ തിരികെ വിളിച്ച് ഒകിനാവ
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കാളായ ഒകിനാവ ഓട്ടോടെക് (Okinawa Autotech) തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ പ്രെയ്‌സ് പ്രോ (Praise Pro) ഇലക്ട്രിക് സ്‌കൂട്ടറുകളെ (electric scooter) തിരിച്ചു വിളിച്ചിരിക്കുന്നത്. ബാറ്ററികളുമായി ബന്ധപ്പെട്ട് സമീപ കാലങ്ങളില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്കുണ്ടായ തീപ്പിടുത്തങ്ങള്‍ കാരണമാണ് ഓകിനാവ ഓട്ടോടെകിന്റെ പുതിയ നടപടി. സ്‌കൂട്ടറുകളുടെ സമഗ്രമായ പരിശോധനയ്ക്ക് വേണ്ടിയാണു ഓകിനാവ 3,215 സ്‌കൂട്ടറുകളെ തിരിച്ചു വിളിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുണ്ടാകുന്ന തുടര്‍ച്ചയായ തീപിടുത്തങ്ങള്‍ വിപണിയെ മോശമായി ബാധിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിലും കുറവു വരാനും ഇത് ഇടയാക്കി. ഇത് മനസിലാക്കിയാണ് ഒകിനാവ തങ്ങളുടെ ആദ്യ ഉല്‍പ്പന്നമായ പ്രെയ്‌സ് പ്രോയെ തിരികെ വിളിച്ചിരിക്കുന്നത്.
കുത്തനെ ഉയര്‍ന്ന് എസ്ഐപി നിക്ഷേപം, മാര്‍ച്ച് മാസം മാത്രം 12,328 കോടി രൂപ
പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ക്കൊപ്പം എസ്ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും രാജ്യത്ത് പ്രിയമേറുന്നു. 2021 മാര്‍ച്ചില്‍ 9182 കോടിയായിരുന്നു മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപമെങ്കില്‍ 2022 മാര്‍ച്ചില്‍ അത് റെക്കോര്‍ഡ് വര്‍ധനവോടെ 12,328 കോടിയിലെത്തി. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 890 കോടി രൂപയുടെ അധിക നിക്ഷേപമാണ് മാര്‍ച്ചില്‍ ഉണ്ടായത്.
വിപണിയില്‍ രക്തച്ചൊരിച്ചില്‍, സെന്‍സെക്സ് രണ്ട് ശതമാനം ഇടിഞ്ഞു
വിവിധ കാരണങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം തളര്‍ത്തിയതോടെ ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 1,172 പോയ്ന്റ് ഇടിവോടെ 57,166 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ഇന്‍ഫോസിസിന്റെയും മാര്‍ച്ച് മാസത്തിലെ ഫലം മോശമായതും ലോകത്തിന്റെ വിവിധയിടങ്ങളില്‍ കോവിഡ് വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയതും പണപ്പെരുപ്പമുയരുന്നതുമാണ് ഓഹരി വിപണിയെ താഴേക്ക് വലിച്ചിട്ടത്. സെന്‍സെക്‌സ് സൂചിക ഒരു ഘട്ടത്തില്‍ 1,500 പോയിന്റ് വരെ ഇടിഞ്ഞ് 56,842 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 302 പോയിന്റ് അഥവാ 1.7 ശതമാനം ഇടിഞ്ഞ് 17,174 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഫോസിസിന്റെ ഓഹരി വില 7.2 ശതമാനമാണ് ഇടിഞ്ഞത്. ഈ കമ്പനിയൂടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇന്‍ട്രാ-ഡേ ഇടിവാണിത്. നേരത്തെ, 2020 മാര്‍ച്ച് 23നാണ് ഇന്‍ട്രാ-ഡേ ട്രേഡില്‍ 12 ശതമാനം ഇടിഞ്ഞ് വലിയ തിരിച്ചടി നേരിട്ടത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ഏകദേശം 4.5 ശതമാനം ഇടിഞ്ഞു. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞു. മേഖലാതലത്തില്‍, നിഫ്റ്റി ഐടി സൂചിക 4 ശതമാനവും നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 2.3 ശതമാനവും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസും ബാങ്ക് സൂചികകളും 2 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി സൂചികയാകട്ടെ 0.7 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി വലിയ ഇടിവിലേക്ക് വീണപ്പോള്‍ 10 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ ഓഹരി വില 4.7 ശതമാനത്തോളം ഉയര്‍ന്നു. എവിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയവയാണ് ഇന്ന് ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍. അതേസമയം അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫെഡറല്‍ ബാങ്ക്, നിറ്റ ജലാറ്റിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.



Related Articles
Next Story
Videos
Share it