Begin typing your search above and press return to search.
ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 19, 2022
ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ ഉണര്‍വ്, മാര്‍ച്ചില്‍ 6 ശതമാത്തിന്റെ വളര്‍ച്ച
ഇന്ത്യയിലെ തൊഴില്‍ വിപണി മാര്‍ച്ച് മാസത്തില്‍ 6 ശതമാനം വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. കോവിഡ് നിയന്ത്രങ്ങള്‍ നീങ്ങിയതിന് പിന്നാലെ ഇന്ത്യയിലെ നിയമന ആവശ്യകത 6 ശതമാനം വാര്‍ഷിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് സൂചിക (MEI) വ്യക്തമാക്കുന്നു. പ്രതിമാസ നിയമന പ്രവര്‍ത്തനങ്ങളില്‍ 2.4 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, വിശാലമായ മേഖലകളില്‍ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനം തുടര്‍ന്നതിനാല്‍, വാര്‍ഷിക വീക്ഷണകോണില്‍ സൂചിക പോസിറ്റീവ് ആയി തുടര്‍ന്നു.
ആഭ്യന്തര ഗോതമ്പ് വില കുത്തനെ ഉയര്‍ന്നു
കനത്ത ചൂട് കാരണം വിളകള്‍ നശിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ത്യയിലെ ആഭ്യന്തര ഗോതമ്പ് വില 5-7 ശതമാനം വരെ ഉയര്‍ന്നു. രാജ്യത്തുടനീളം വിളവെടുക്കുന്ന വിളയുടെ അളവ് കുറവാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആഭ്യന്തര ഗോതമ്പിന്റെ വില 5-7 ശതമാനം വരെ വര്‍ധിപ്പിച്ചത്. ഇത് കയറ്റുമതി വിലയും ഉയര്‍ത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 10 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 1 ദശലക്ഷം ടണ്‍ ഈജിപ്തിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
വിസ ലഭിക്കാന്‍ സ്പോണ്‍സര്‍മാര്‍ ആവശ്യമില്ല, പുതിയ പദ്ധതികളുമായി യുഎഇ
സ്പോണ്‍സര്‍മാരില്ലാതെ വിസ ലഭ്യമാക്കുന്നതടക്കമുള്ള മാറ്റങ്ങളോടെ പുതിയ വിസ നടപടിക്രമങ്ങളുമായി യുഎഇ. മള്‍ട്ടിപ്പ്ള്‍ എന്‍ട്രിയുള്ള 5 വര്‍ഷ ടൂറിസ്റ്റ് വിസയും സ്പോണ്‍സര്‍ ഇല്ലാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനുള്ള സന്ദര്‍ശക വിസയും ഇനിമുതല്‍ ലഭ്യമാകും. തൊഴില്‍ അന്വേഷിക്കാനെത്തുന്ന ബിരുദധാരികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും പ്രത്യേക പരിഗണനയും ലഭിക്കും. മികച്ച പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പ്രത്യേക സ്‌പോണ്‍സര്‍മാരില്ലാത്ത വിസയും ലഭ്യമാക്കും.
കുറഞ്ഞ പലിശ നിരക്ക് ഉയര്‍ത്തി ബാങ്കുകള്‍, വായ്പകള്‍ക്ക് ചെലവേറും
എസ്ബിഐ ഉള്‍പ്പെയുള്ള രാജ്യത്തെ ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ പലിശ നിരക്ക് ഉയരും. എസ്ബിഐ, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ എംസിഎല്‍ആര്‍ (Marginal Cost of Funds Based Lending Rate) നിരക്കുകള്‍ ഉയര്‍ത്തി. ഒരു ബാങ്കിന് വായ്പ നല്‍കാനാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്.
എല്‍&ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും ലയിപ്പിക്കാന്‍ ഒരുങ്ങുന്നു
എല്‍&ടിക്ക് കീഴിലുള്ള ഐടി സേവന രംഗത്തെ പ്രമുഖ കമ്പനികളായ എല്‍ &ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും ലയിപ്പിച്ചേക്കും. ബ്ലൂംബെര്‍ഗ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇരു കമ്പനികളും ലയിപ്പിക്കുന്ന വിവരം അടുത്ത ആഴ്ച എല്‍&ടി പ്രഖ്യാപിക്കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ലയന വാര്‍ത്തകളോട് എല്‍&ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
തുടര്‍ച്ചയായ അഞ്ചാം ദിനവും വിപണിയില്‍ ഇടിവ്
ചുവപ്പിലും പച്ചയിലുമായി നീങ്ങിയ വിപണി വ്യാപാരാന്ത്യത്തില്‍ താഴ്ചയിലേക്ക് വീണു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി ഇടിവിലേക്ക് വീഴുന്നത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 703 പോയ്ന്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 56,463 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം പച്ചയില്‍ നീങ്ങിയ സൂചിക വ്യാപാരാന്ത്യത്തോടെയാണ് വലിയ ഇടിവിലേക്ക് വീണത്. നിഫ്റ്റി 50 സൂചിക 17,000 ന് താഴെയായി, 215 പോയ്ന്റ് താഴ്ന്ന് 16,959 ലാണ് ക്ലോസ് ചെയ്തത്. കിഴക്കന്‍ യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ആഭ്യന്തര, ആഗോള വിപണികള്‍ നഷ്ടം നേരിട്ടത്.
Next Story
Videos