ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 21, 2022

എച്ച്‌സിഎല്‍ അറ്റാദായം 226 ശതമാനം ഉയര്‍ന്നു

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 3,593 കോടി രൂപയായെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസ് വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1,102 കോടി രൂപയില്‍ നിന്ന് 226 ശതമാനം വര്‍ധന.

ബ്ലൂപിന്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി ഐടിസി

ബ്ലൂപിന്‍ ടെക്നോളജീസിന്റെ ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഡി2സി) ബ്രാന്‍ഡായ മൈലോയുടെ 10.07 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി കോംഗ്ലോമറേറ്റ് കമ്പനിയായ ഐടിസി. 39.34 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കുന്നതെന്ന് ഐടിസി അറിയിച്ചു. 2021 നവംബറില്‍, ആയുര്‍വേദ, പ്രകൃതിദത്ത വ്യക്തിഗത പരിചരണ ബ്രാന്‍ഡായ മദര്‍ സ്പര്‍ഷ് ബേബി കെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ഐടിസി നിക്ഷേപം നടത്തിയിരുന്നു.

തകരാര്‍ കണ്ടെത്തിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തിരിച്ചുവിളിക്കണമെന്ന് നിതിന്‍ ഗഡ്കരി

തകരാര്‍ കണ്ടെത്തിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കാന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. തകരാര്‍ സംഭവിച്ച വാഹനങ്ങളുടെ എല്ലാ ബാച്ചുകളും ഉടനടി തിരിച്ചുവിളിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റു ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് ഒക്കിനാവ് സ്‌കൂട്ടര്‍ ബ്രാന്‍ഡ്് തീപിടുത്ത ഭീഷണിയെത്തുടര്‍ന്ന് സ്‌കൂട്ടറുകള്‍ തിരികെ വിളിച്ചത്.
സ്വദേശ് പദ്ധതി അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ്
കൈകൊണ്ട് നിര്‍മ്മിച്ച തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, കാര്‍ഷിക ഇനങ്ങള്‍, കരകൗശല വിദഗ്ധരില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്വദേശ് എന്ന പേരില്‍ ഒരു പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് റിലയന്‍സ് റീറ്റെയ്ല്‍ വ്യാഴാഴ്ച അറിയിച്ചു. ആദ്യ സ്വദേശ് സ്റ്റോര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് റിലയന്‍സ് റീറ്റെയ്ല്‍ വ്യാഴാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
ബാറ്ററി സ്വാപ്പിംഗ് നയത്തിന്റെ കരട് രേഖ പുറത്തിറക്കി നിതി ആയോഗ്

നിതി ആയോഗ് ബാറ്ററി സ്വാപ്പിംഗ് നയത്തിന്റെ കരട് രേഖ പുറത്തിറക്കി. ഇതിന് കീഴില്‍ 40 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള എല്ലാ മെട്രോപൊളിറ്റന്‍ നഗരങ്ങളിലും ആദ്യ ഘട്ടത്തില്‍ ബാറ്ററി സ്വാപ്പിംഗ് നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താകും സ്വാപ്പിംഗ് സജീകരണം കൊണ്ടുവരിക.
2022 ലെ സ്‌കോച്ച് ദേശീയ അവാര്‍ഡ് നേടി കെ എഫ് സി
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതിയായ 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി' (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് (കെ എഫ് സി) 2022 ലെ സ്‌കോച്ച് ദേശീയ അവാര്‍ഡ് നേടി. ദേശീയതലത്തില്‍ ഡിജിറ്റല്‍, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് SKOCH അവാര്‍ഡ്.
സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില (Gold price) വര്‍ധിച്ചു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയിലാണ് ഇന്ന് വര്‍ധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 39440 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4930 രൂപയായി.
കുതിച്ചുയര്‍ന്ന് വിപണി, സെന്‍സെക്സ് 874 പോയ്ന്റ് ഉയര്‍ന്നു
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 874 പോയ്ന്റ് അഥവാ 1.53 ശതമാനം ഉയര്‍ന്ന് 57,977 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തില്‍ സൂചികകളുടെ മുന്നേറ്റം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് കുതിച്ചുയര്‍ന്നു. സെന്‍സെക്സ് സൂചിക ഒരുഘട്ടത്തില്‍ പോലും ചുവപ്പിലേക്ക് നീങ്ങിയില്ല. നിഫ്റ്റി സൂചിക 256 പോയ്ന്റ് ഉയര്‍ന്ന് 17,393 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയ്ന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, കൊട്ടക് ബാങ്ക്, ടിസിഎസ്, ബജാജ് ഫിന്‍സെര്‍വ് എന്നിവ 2-3 ശതമാനം ഉയര്‍ന്നു. ഭാരതി എയര്‍ടെല്‍, നെസ്ലെ ഇന്ത്യ, ടാറ്റ സ്റ്റീല്‍ എന്നിവയുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1.3 ശതമാനം വരെ ഉയര്‍ന്നു.
അതിനിടെ, മൂന്ന് ദിവസങ്ങളിലായി 10 ശതമാനത്തോളം ഉയര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 2,787.10 രൂപയിലാണ് ഈ ഓഹരി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഇനിയും കുതിക്കുകയാണെങ്കില്‍ 19 ട്രില്യണ്‍ രൂപ വിപണി മൂലധനം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറും. നിലവില്‍ 18.85 ട്രില്യണ്‍ രൂപയാണ് റിലയന്‍സിന്റെ വിപണി മൂലധനം.
കേരള കമ്പനികളുടെ പ്രകടനം
തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി പച്ചയില്‍ മുന്നേറിയപ്പോള്‍ എട്ട് കേരള കമ്പനികള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരികള്‍ 13 ശതമാനം കുതിച്ചുയര്‍ന്നു. അപ്പോളോ ടയേഴ്‌സ് (4.78 ശതമാനം), ആസ്റ്റര്‍ ഡി എം (5.94 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (3.34 ശതമാനം), സിഎസ്ബി ബാങ്ക് (3.16 ശതമാനം), എഫ്എസിടി (3.24 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.11 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.74 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കിറ്റെക്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ തുടങ്ങിയവയാണ് വിപണിയില്‍ നഷ്ടം നേരിട്ട കേരള കമ്പനികള്‍.






Related Articles
Next Story
Videos
Share it