ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 27, 2022
ക്രിപ്‌റ്റോ നിയന്ത്രണങ്ങള്‍ തിടുക്കത്തിലില്ല, എന്നാല്‍ തീര്‍ച്ചയായും നടപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍
വെര്‍ച്വല്‍ കറന്‍സിയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഉചിതമായ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ക്രിപ്റ്റോയെക്കുറിച്ചുള്ള തീരുമാനം തിടുക്കത്തില്‍ എടുക്കാനാകില്ല എന്നും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു ടോക്കില്‍ അവര്‍ വ്യക്തമാക്കി.
എയര്‍ഏഷ്യ ഇന്ത്യയെ പൂര്‍ണമായും ഏറ്റെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ഏഷ്യ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്സ്പ്രസ്. എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കാനുള്ള പദ്ധതിയുടെ മുന്നോടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. നിലവില്‍, എയര്‍ഏഷ്യ ഇന്ത്യയില്‍ ടാറ്റ സണ്‍സിന് ഏകദേശം 84 ശതമാനം ഓഹരിയുണ്ട്. ബാക്കിയുള്ളവ മലേഷ്യയുടെ എയര്‍ ഏഷ്യയുടെ ഉടമസ്ഥതയിലാണ്.
കഴിഞ്ഞ നവംബറില്‍ ടാറ്റ സണ്‍സ് രണ്ട് എയര്‍ലൈനുകളുടെയും ലയനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടാറ്റ സണ്‍സ് എക്സിക്യൂട്ടീവുകള്‍ എയര്‍ഏഷ്യ ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും മുതിര്‍ന്ന മാനേജ്മെന്റുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് മാരുതി സുസുകി
ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ധനസഹായം ലഭ്യമാക്കാന്‍ ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്തതായി മാരുതി സുസുകി ഇന്ത്യ (എംഎസ്ഐ) അറിയിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി, കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ബാങ്കിന്റെ മെട്രോ, അര്‍ബന്‍, അര്‍ദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിലെ 5,700-ലധികം ശാഖകളില്‍നിന്നായി വായ്പാ ആനുകൂല്യങ്ങള്‍ ലഭിക്കും.
ബജാജ് ഓട്ടോ അറ്റാദായത്തില്‍ വര്‍ധനവ്
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബജാജ് ഓട്ടോ അറ്റാദായം 1,468.95 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 1,332.07 കോടി രൂപയേക്കാള്‍ 10.27 ശതമാനം വര്‍ധനവ്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം കഴിഞ്ഞവര്‍ഷം ഇതേ പാദത്തിലെ 8,596.10 കോടിയില്‍ നിന്ന് 7.22 ശതമാനം കുറഞ്ഞ് 7,974.84 കോടി രൂപയായി.
എച്ച് യു എല്‍ അറ്റാദായവും വരുമാനവും വര്‍ധിച്ചു
എഫ്എംസിജി ഭീമനായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ (HUL) 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 2,327 കോടി രൂപയായെന്നും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 2,143 കോടി രൂപയില്‍ നിന്ന് 8.58 ശതമാനം വര്‍ധിച്ചുവെന്നും അറിയിച്ചു. ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 13,190 കോടി രൂപയായെന്നും മുന്‍ വര്‍ഷം ഇതേ പാദത്തിലെ 11,947 കോടി രൂപയില്‍ നിന്ന് 10.40 ശതമാനം വര്‍ധനവുണ്ടായെന്നും കമ്പനി അറിയിച്ചു.
തദ്ദേശീയ ചിപ്‌സെറ്റ് നിര്‍മാണം അടുത്തവര്‍ഷത്തോടെ
ബുധനാഴ്ച ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ ആര്‍ഐഎസ്സി-വി പ്രോഗ്രാമിന് കീഴില്‍ 2023-24 ഓടെ ആദ്യത്തെ തദ്ദേശീയ ചിപ്സെറ്റുകള്‍ വാണിജ്യപരമായി പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഒരു ടൈംലൈന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബുധനാഴ്ച പറഞ്ഞു.
മൊബിലിറ്റി, കമ്പ്യൂട്ടിംഗ്, ഡിജിറ്റൈസേഷന്‍ എന്നിവയില്‍ ഇന്ത്യയുടെ തന്ത്രപരമായ ആവശ്യകത നിറവേറ്റുന്ന മൈക്രോപ്രൊസസ്സറുകളുടെ ഭാവി തലമുറയെ സൃഷ്ടിക്കുകയാണ് ഡിജിറ്റല്‍ ഇന്ത്യ ആര്‍ഐഎസ്സി-വി (ഡിഐആര്‍-വി) പരിപാടി ലക്ഷ്യമിടുന്നതെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി വിശദമാക്കി.
റിലയന്‍സ് പുതിയ ഉയരത്തില്‍, വിപണിയില്‍ ഇടിവ്
ആഗോള സൂചകങ്ങള്‍ പ്രതികൂലമായതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവിലേക്ക് വീണു. യുക്രെയ്ന്‍-റഷ്യ യുദ്ധവും കോവിഡ് വ്യാപനവുമാണ് ഓഹരി വിപണികളെ താഴ്ത്തിയത്. അതേസമയം എണ്ണ വില ഉയര്‍ന്നു. സെന്‍സെക്‌സ് സൂചിക 537 പോയ്ന്റ് അഥവാ 0.94 ശതമാനം ഇടിഞ്ഞ് 56,819 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 164 പോയ്ന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 17,037 പോയ്ന്റിലും ക്ലോസ് ചെയ്തു.
വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.8 ശതമാനം വരെ താഴ്ന്നു. മേഖലാതലത്തില്‍ എല്ലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 1.45 ശതമാനം ഇടിഞ്ഞു.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ റെക്കോര്‍ഡ് ഉയര്‍ന്നതിന് ശേഷം 19 ട്രില്യണ്‍ രൂപ വിപണി മൂലധനം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ലിസ്റ്റ് ചെയ്ത കമ്പനിയായി. ദുര്‍ബലമായ വിപണിയില്‍ രണ്ട് ശതമാനം ഉയര്‍ന്ന് 2,827.10 രൂപ എന്ന പുതിയ ഉയരത്തിലാണ് റിലയന്‍സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഹീറോ മോട്ടോകോര്‍പ്പ്, എബി ക്യാപിറ്റല്‍, അപ്പോളോ ടയേഴ്സ്, ബാലകൃഷ്ണ ഇന്‍ഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ ലിമിറ്റഡ് എന്നിവ 2-3 ശതമാനം വരെ ഉയര്‍ന്നു. അതേസമയം, ബജാജ് ഫിനാന്‍സ്, മിന്‍ഡ് ട്രീ, ട്രെന്‍ഡ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
വിപണി ചുവപ്പിലേക്ക് നീങ്ങിയപ്പോള്‍ 13 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം എവിറ്റി, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.