ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 28, 2022

വേദാന്ത ലിമിറ്റഡ് അറ്റാദായത്തില്‍ വര്‍ധനവ്

അനില്‍ അഗര്‍വാളിന്റെ നിയന്ത്രണത്തിലുള്ള വേദാന്ത ലിമിറ്റഡിന്റെ അറ്റാദായം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ തുടര്‍ച്ചയായി 39.3% വര്‍ധിച്ച് 5,799 കോടി രൂപയായി. എന്നിരുന്നാലും കമ്പനി 330 കോടി രൂപയുടെ അസാധാരണമായ നഷ്ടം രേഖപ്പെടുത്തി (അലുമിനിയം, കോപ്പര്‍ ഡിവിഷനില്‍). സെയ്ല്‍സ് 16.7 ശതമാനം വര്‍ധിച്ച് 39,822 കോടിയായി. പ്രവര്‍ത്തന ലാഭം 26.1 ശതമാനം വര്‍ധിച്ച് 13.633 കോടിയുമായി.

നഷ്ടം രേഖപ്പെടുത്തി അംബുജ സിമെൻറ്സ്

അംബുജ സിമന്റ്‌സ് ലിമിറ്റഡ് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 404.7 കോടി അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 495.2 കോടിയായിരുന്നു. വരുമാനം 8.4 ശതമാനം ഉയര്‍ന്നെങ്കിലും പ്രവര്‍ത്തന ലാഭം 19.1 ശതമാനം ഇടിഞ്ഞു. 790.4 കോടിയാണ് പ്രവര്‍ത്തന ലാഭം.

ആക്‌സിസ് ബാങ്ക് അറ്റാദായത്തില്‍ 54 ശതമാനം വര്‍ധനവ്

ആക്സിസ് ബാങ്കിന്റെ അറ്റാദായം 4,118 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,677 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 54 ശതമാനം വര്‍ധനവ്. ഈ പാദത്തിലെ അറ്റപലിശ വരുമാനം (എന്‍ഐഐ) 17 ശതമാനം വര്‍ധിച്ച് 8,819 കോടി രൂപയായി. ഈ പാദത്തിലെ അറ്റപലിശ മാര്‍ജിന്‍ (എന്‍ഐഎം) 3.49 ശതമാനമാണ്.

ഓഹരി വിപണിയില്‍ മുന്നേറ്റം

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ കൈയൊഴിഞ്ഞിട്ടും ആഭ്യന്തര നിക്ഷേപകരുടെ കരുത്തില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി. രാവിലെ നേട്ടത്തോടെ ആരംഭിച്ച വിപണി ദിവസാവസാനം കൂടുതല്‍ നേട്ടത്തിലെത്തി. സെന്‍സെക്സ് 701.67 പോയ്ന്റ് ഉയര്‍ന്ന് 57521.06 പോയ്ന്റിലും നിഫ്റ്റി 206.60 പോയ്ന്റ് ഉയര്‍ന്ന് 17245 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 1549 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1729 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 104 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്ദുസ്ഥാന്‍ ലിവര്‍സ ഏഷ്യന്‍ പെയ്ന്റ്സ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, എല്‍& ടി, എസ്ബിഐ, ഐറ്റിസി, ഇന്‍ഫോസിസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി, കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജീസ്, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയുടെ വിലയില്‍ ഇടിവുണ്ടായി.

എഫ്എംസിജി, പവര്‍, ഓട്ടോ, കാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ സെക്ടറല്‍ സൂചികകള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

14 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. പാറ്റ്സ്പിന്‍ ഇന്ത്യ (6.19 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.92 ശതമാനം), ഇന്‍ഡിട്രേഡ് (4.52 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.47 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.16 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു. അതേസമയം ഹാരിസണ്‍സ് മലയാളം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്സ്, ആസ്റ്റര്‍ ഡി എം, അപ്പോളോ ടയേഴ്സ്, എവിറ്റി, സിഎസ്ബി ബാങ്ക് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

ഇന്ന് മുതല്‍ കേരളത്തില്‍ മാസ്‌കില്ലെങ്കില്‍ പിഴ

കോവിഡ് കേസുകളുടെ വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം. മാസ്‌കില്ലെങ്കില്‍ പിഴ ചുമത്താനുള്ള തീരുമാനവും അന്വേഷണമൂര്‍ജിതമാക്കാനുള്ള ശ്രമങ്ങളും പോലീസ് പരസ്യപ്പെടുത്തി.

എല്‍ഐസി ഐപിഒ ഇപ്പോള്‍ നടത്തുന്നത് തെറ്റായ തീരുമാനമെന്ന് ചിദംബരം

എല്‍ഐസിയുടെ ഐപിഒ ഇപ്പോള്‍ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു ഐപിഒ നടത്തുന്നത് എന്തിനാണെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. തെറ്റായ സമയത്താണ് എല്‍ഐസിയുടെ ഐപിഒ എന്ന് അദ്ദേഹം വ്യക്തമാക്കി.

'പ്രത്യക്ഷ നികുതി പിരിവ് ശക്തമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു, പിന്നെ ഒരു പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ ഐപിഒ കൊണ്ടുവരാനുള്ള വ്യഗ്രത എന്താണ്? സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളില്‍ പണത്തിന് കുറവുണ്ടാകില്ല. ഒരു പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചാല്‍ ആദ്യ പാദത്തില്‍ ഫണ്ടുകള്‍ക്ക് കുറവ് ഉണ്ടാകാറില്ല. നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് പിന്നീടൊരിക്കല്‍ ചെയ്യാം. നിലവില്‍ ഒരു ഐപിഒ ചെയ്യുന്നത് തികച്ചും തെറ്റായ സമയമാണെന്ന് ഞാന്‍ കരുതുന്നു.' എന്ന് മുന്‍ ധനമന്ത്രി വ്യക്തമാക്കി.

ഐപിഎല്‍ സംപ്രേക്ഷണാവകാശം ലക്ഷ്യമിട്ട് റിലയന്‍സ്, മീഡിയ നെറ്റ്വര്‍ക്കിനെ ലയിപ്പിക്കാന്‍ അദാനി

സ്പോര്‍ട്സ്, എന്റര്‍ടെയ്മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മാധ്യമ രംഗത്തെ പ്രമുഖരായ ഉദയ് ശങ്കര്‍, ജെയിംസ് മര്‍ഡോക്ക് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബോധി ട്രീ സിസ്റ്റംസ്, വിയാകോം 18ല്‍ 13,500 കോടി നിക്ഷേപിക്കും. റിലയല്‍സിന്റെ ടിവി 18, വിയാകോം സിബിഎസ് (പാരാമൗണ്ട് ഗ്ലോബല്‍ ) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം18.

വിയാകോം 18നില്‍ വിയാകോം സിബിഎസിനുള്ള ഓഹരികളും ബോധി ട്രീ സിസ്റ്റംസ് സ്വന്തമാക്കിയേക്കും. റിലയന്‍സിന് 51 ശതമാനം ഓഹരികളാണ് വിയാകോം 18നില്‍ ഉള്ളത്. റിലയന്‍സിന്റെ ഉപ കമ്പനിയായ റിലയന്‍സ് പ്രോജക്ട് ആന്‍ഡ് മാനേജ്മെന്റ് സര്‍വീലസസ് 1,645 കോടി രൂപ കൂടി മീഡിയ കമ്പനിയില്‍ നിക്ഷേപിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it