ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 24, 2022

യുക്രൈനിനു നേരെ റഷ്യയുടെ സൈനിക നടപടി
യുക്രൈനിനു നേരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വിഡിയോയിലൂടെയാണ് യുക്രൈനിനുനേരെ സൈനിക നടപടിക്ക് ഉത്തരവിട്ടത്. യുദ്ധം പ്രഖ്യാപിച്ചിതിന് പിന്നാലെ റഷ്യ യുക്രൈനിലെ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം നടത്തി. റഷ്യന്‍ ആക്രമണത്തില്‍ 40 ലേറെ യുക്രൈന്‍ സൈനികരും 10 സിവിലിയന്‍മാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായും യുക്രൈന്‍ അവകാശപ്പെട്ടു.
ക്രൂഡ് ഓയ്ല്‍ വില ബാരലിന് 100 ഡോളര്‍ കടന്നു
യുക്രൈനിനു നേരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂഡ് ഓയ്ല്‍ വില ബാരലിന് 100 ഡോളര്‍ കടന്നു. 2014 ന് ശേഷം ഇത് ആദ്യമായാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില 100 ഡോളര്‍ കടക്കുന്നത്. ക്രൂഡ് ഓയ്ല്‍ ബാരലിന് 8.24 ഡോളര്‍ അഥവാ 8.5 ശതമാനം ഉയര്‍ന്ന് 105.08 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
സ്വര്‍ണ വില കുതിച്ചുയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവില പവന് ആയിരം രൂപ വര്‍ധിച്ചു. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ വിപണി കുതിച്ചുയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില ഉയരാന്‍ കാരണം. രണ്ട് തവണയായാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നത്. രാവിലെ പവന് 680 രൂപ വര്‍ധിച്ച് 37,480 രൂപയിലെത്തിയ സ്വര്‍ണ വില ഉച്ചയോടെ വീണ്ടും 320 രൂപ വര്‍ധിച്ച് 38,000 രൂപയിലെത്തി. ഇനിയും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
കയറ്റുമതിയില്‍ വന്‍ നേട്ടവുമായി ടിവിഎസ്
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ ദശലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് മോട്ടോര്‍ കമ്പനി. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഇതാദ്യമായാണ് ഇത്രയേറെ ഇരുചക്രവാഹനങ്ങള്‍ സാമ്പത്തിക വര്‍ഷത്തിനിടയില്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെ ടിവിഎസും ചേര്‍ന്നാണ് പത്തുലക്ഷം യൂണിറ്റ് എന്ന നേട്ടം കൈവരിച്ചത്.
ഓഹരി വിപണി വെള്ളിയാഴ്ച മുതല്‍ ടി+1 സെറ്റില്‍മെന്റ് രീതിയിലേക്ക്
ഓഹരി വിപണിയിലെ ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്യുന്നതിനുള്ള സംവിധാനം ടി+2 ല്‍ നിന്ന് ടി+1 ലേക്ക്. പുതിയ മാറ്റം വെള്ളിയാഴ്ച മുതല്‍ നടപ്പാകും. നിലവില്‍ ഓഹരി ഇടപാടുകള്‍ പൂര്‍ണമാകുന്നതിന് ട്രേഡിംഗ് ചെയ്ത ദിവസം കൂടാതെ രണ്ട് ദിവസമാണ് ആവശ്യമായി വരുന്നത്. ടി+1 സംവിധാനം നടപ്പാക്കുന്നതോടെ ഇടപാട് കഴിഞ്ഞ് ഒരു ദിവസത്തിനകം സെറ്റില്‍മെന്റ് പൂര്‍ണമാകും. ആദ്യഘട്ടത്തില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 100 ഓഹരികളുടെ ഇടപാടിലാണ് ടി+1 സംവിധാനം നടപ്പാക്കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 500 കമ്പനികളുടെ ഇടപാടുകള്‍ വീതം ഈ രീതിയിലേക്ക് മാറ്റും.
രക്തമൊഴുക്കി' വിപണി; സൂചികകളില്‍ വന്‍ ഇടിവ്
റഷ്യ- ഉക്രൈന്‍ യുദ്ധഭീതിയില്‍ തകര്‍ന്ന് ഓഹരി വിപണി. തുടര്‍ച്ചയായ ഏഴാം ദിവസവും സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്സ് 2702.15 പോയ്ന്റാണ് ഇന്ന് ഇടിഞ്ഞത്. 54529.91 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 815.30 പോയ്ന്റ് ഇടിഞ്ഞ് നിഫ്റ്റി 16248 പോയ്ന്റിലും ക്ലോസ് ചെയ്തു. നിക്ഷേപകരുടെ പത്തു ലക്ഷം കോടിയിലേറെ രൂപയാണ് ഇന്ന് വിപണിയില്‍ നഷ്ടമായത്. ഏഴു വര്‍ഷത്തിനിടെ ആദ്യമായി ക്രൂഡ് ഓയ്ല്‍ വില 100 ഡോളറിലെത്തിയതും വിപണിയില്‍ പ്രതിഫലിച്ചു. 240 ഓഹരികള്‍ക്കാണ് ഇന്ന് ആകെ നേട്ടമുണ്ടാക്കാനായത്. 3084 ഓഹരികളുടെയും വിലിയിടിഞ്ഞു. 69 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 28 എണ്ണത്തിന്റെയും ഓഹരി വില ഇന്ന് ഇടിഞ്ഞു. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വിലയില്‍ മാത്രം മാറ്റമുണ്ടായില്ല. കിറ്റെക്സ് ഗാര്‍മന്റ്സിന്റെ ഓഹരി വിലയില്‍ 26.55 രൂപയുടെ (11.43 ശതമാനം) ഇടിവാണ് ഒറ്റ ദിവസം ഉണ്ടായിരിക്കുന്നത്. ഇന്നത്തെ ഓഹരി വില 205.75 രൂപയാണ്. അപ്പോളോ ടയേഴ്സിന്റെ ഓഹരി വിലയിലും വലിയ ഇടിവുണ്ടായി. 11.26 ശതമാനം. 22.65 രൂപ ഇടിഞ്ഞ് ഓഹരി വില 178.50 രൂപയിലെത്തി. കേരള ആയുര്‍വേദ (10.29 ശതമാനം), എഫ്എസിടി (9.82 ശതമാനം), ഹാരിസണ്‍സ് മലയാളം (9.52 ശതമാനം), എവിറ്റി (8.52 ശതമാനം), നിറ്റ ജലാറ്റിന്‍ (8.34 ശതമാനം), ധനലക്ഷ്മി ബാങ്ക് (8.34 ശതമാനം) തുടങ്ങിയവയുടെയെല്ലാം ഓഹരി വിലയില്‍ ഇടിവുണ്ടായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it