ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 18, 2022

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയ്ല്‍ ഇറക്കുമതി വര്‍ധിച്ചു
ഫെബ്രുവരിയില്‍ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി പ്രതിദിനം 4.86 ദശലക്ഷം ബാരലായി (ബിപിഡി) വര്‍ധിച്ചു. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നുള്ള തിരിച്ചുവരവിന്റെ ഫലമായി 2022 ല്‍ ഇന്ത്യയുടെ എണ്ണ ആവശ്യകത 8.2 ശതമാനം ഉയര്‍ന്ന് പ്രതിദിനം 5.15 ദശലക്ഷം ബാരലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അതിന്റെ ഏറ്റവും പുതിയ പ്രതിമാസ എണ്ണ വിപണി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവായ ഇന്ത്യയുടെ എണ്ണ ആവശ്യകതയില്‍ പ്രതിദിനം 0.39 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയ്ലിന്റെ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിവേഗ ഡെലിവറിക്ക് പുതിയ പദ്ധതികളുമായി സൊമാറ്റൊ
അതിവേഗ ഡെലിവറിക്ക് പുതിയ പദ്ധതികളുമായി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റൊ. ഇതിന്റെഭാഗമായി ഒന്നിലധികം റസ്റ്റോറന്റ് പങ്കാളികളുമായും ക്ലൗഡ് കിച്ചണ്‍ കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവിലുള്ള റസ്റ്റോറന്റ് പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതിയെന്നും കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
ടിസിഎസ് എംഡിയും സിഇഒയുമായി രാജേഷ് ഗോപിനാഥ് തുടരും
ഐടി ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും രാജേഷ് ഗോപിനാഥ് തുടരും. 2022 ഫെബ്രുവരി 21 മുതല്‍ 2027 ഫെബ്രുവരി 20 വരെ, അടുത്ത അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തെ വീണ്ടും നിയമിച്ചതായി ടിസിഎസ് അറിയിച്ചു. കമ്പനിയുടെ റിട്ടയര്‍മെന്റ് പ്രായ നയം അനുസരിച്ച് 2022 ഫെബ്രുവരി 21 മുതല്‍ 2024 മെയ് 19 വരെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി എന്‍ ഗണപതി സുബ്രഹ്മണ്യത്തെയും കമ്പനി വീണ്ടും നിയമിച്ചു.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ലാപ്ടോപ്പ് വിപണിയില്‍ തിരിച്ചെത്തി സാംസംഗ്
2013-14ന് ശേഷം ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ലാപ്ടോപ്പുകള്‍ അവതരിപ്പിച്ച് സാംസംഗ്. ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരുച്ചുവരവില്‍ ഗ്യാലക്സി സീരിസിലെ ആറ് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് -2022ല്‍ പുറത്തിറക്കിയ മോഡലുകളാണ് ഇന്ത്യയില്‍ എത്തിയത്. Galaxy Book2 Pro 360, Galaxy Book2 Pro, Galaxy Book2 360, Galaxy Book Go, Galaxy Book2 and Galaxy Book2 Business എന്നിവയാണ് സാംസംഗ് പുറത്തിറക്കിയ ലാപ്ടോപ്പുകള്‍.
കയറ്റുമതി കുതിക്കുന്നു, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളര്‍ കടക്കും
ഇന്ത്യയുടെ കയറ്റുമതി സര്‍വകാല റെക്കോര്‍ഡില്‍. നടപ്പുസാമ്പത്തിക വര്‍ഷം കയറ്റുമതി 400 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 14 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഏകദേശം 390 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് 400 ബില്യണ്‍ ഡോളര്‍ കടക്കുമെന്നും വാഹന ഘടകങ്ങളുടെ വ്യവസായം (auto components industry) ആദ്യമായി 600 മില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it